
കൂനൂര്‍: ഊട്ടിയിലെ കൂനൂർ ഹെലികോപ്ടര്‍ അപകടത്തിൽ ( Helicopter Crash ) കൊല്ലപ്പെട്ട മലയാളി സൈനികൻ പ്രദീപ് കുമാറിന്‍റെ (Pradeep Kumar) മൃതദേഹം നാളെ നാട്ടിൽ എത്തിക്കും. ഇതുസംബന്ധിച്ച് കുടുംബത്തിന് സുലൂരിലെ വ്യോമതാവളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനില്‍ നിന്ന് സന്ദേശം ലഭിച്ചു. ഇന്നുരാത്രി മൃതദേഹം ദില്ലിയില്‍ നിന്ന് സൂലൂർ വ്യോമതാവളത്തിൽ എത്തിക്കും. സൂലൂരിൽ നിന്ന് നാളെ പുത്തൂരിലേക്ക് മൃതദേഹം എത്തിക്കും. പ്രദീപിന്‍റെ കുടുംബത്തെ സുലൂർ വ്യോമതാവളത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ രാവിലെ സന്ദർശിച്ചിരുന്നു. പ്രദീപ് പഠിച്ച പുത്തൂർ സ്കൂളിൽ പൊതുദര്‍ശനം നടത്തിയതിന് പിന്നാലെ വീട്ടുവളപ്പിൽ തന്നെ സംസ്കാരം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. കോയമ്പത്തൂരിൽ നിന്നും പ്രദീപിന്‍റെ ഭാര്യ ലക്ഷ്‌മിയും മക്കളും കഴിഞ്ഞ ദിവസം രാത്രി തന്നെ പൊന്നുകരയിലെ വീട്ടിൽ എത്തിയിരുന്നു.
അതേസമയം ദുരന്തത്തിൽ മരിച്ച ബ്രിഗേഡിയർ എൽ എസ് ലിഡ്ഡറിന്‍റെ സംസ്കാരം രാവിലെ ദില്ലിയിലെ ബ്രാർ സ്ക്വയർ ശ്മശാനത്തിൽ നടന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്‍റെ നേതൃത്വത്തിലാണ് രാജ്യം ബ്രിഗേഡിയർ ലിഡ്ഡറിന് വിട നല്‍കിയത്. മേജർ ജനറൽ പദവി അടുത്ത മാസം ഏറ്റെടുക്കാൻ തയ്യാറെടുത്തിരിക്കുമ്പോഴാണ് ബ്രിഗേഡിയർ എൽ എസ് ലിഡ്ഡറിന്‍റെ വിടവാങ്ങൽ. ജമ്മുകശ്‍മീര്‍ റൈഫിൾസിൽ 1990 ൽ സെക്കന്‍റ് ലഫ്റ്റനന്‍റായി ചേർന്ന ബ്രിഗേഡിയർ ലിഡ്ഡർ ജമ്മുകശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടങ്ങളിൽ യുവ ഉദ്യോഗസ്ഥനായിരിക്കുമ്പോൾ തന്നെ പങ്കു ചേർന്നയാളാണ്. എൻഡിഎയിലെ ഇൻസ്ട്രക്ർ, മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടറേറ്റിൽ ഡയറക്ടർ, വടക്കൻ അതിർത്തിയിലെ ഒരു ബ്രിഗേഡിന്‍റെ കമാൻഡർ എന്ന നിലയ്ക്ക് പ്രവർത്തിച്ചു. കോംഗോയിൽ യുഎൻ സമാധാന സേനയുടെ ഭാഗമായപ്പോഴാണ് ജനറൽ ബിപിൻ റാവത്തും ബ്രിഗേഡിയർ ലിഡ്ഡറും ആദ്യം ഒന്നിച്ച് പ്രവർത്തിക്കുന്നത്. പിന്നീട് ആ ബന്ധം തുടർന്നു. ജനറൽ റാവത്ത് സംയുക്ത സൈനിക മേധാവിയായപ്പോൾ ഡിഫൻസ് അസിസ്റ്റന്‍റായി. കരസേനയിൽ ഇനിയും ഉയർന്ന റാങ്കുകൾ കാത്തിരുന്ന ഒരുദ്യോഗസ്ഥനാണ് കൂനൂരിലെ ദുരന്തത്തിൽ ഓർമ്മയായത്.