
പത്തനംതിട്ട : സജി ചെറിയാനെതിരായ കേസുമായി ഏതറ്റം വരെയും പോകുമെന്ന് പരാതിക്കാരനായ അഭിഭാഷകൻ ബൈജു നോയൽ. മൂന്ന് വർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമായത് കൊണ്ട് തന്നെ പരാമാധി ശിക്ഷ വാങ്ങി കൊടുക്കാൻ ശ്രമിക്കുമെന്നും അഡ്വ.ബൈജു നോയൽ പറഞ്ഞു. വേദിയിലുണ്ടായിരുന്ന എംഎൽഎ മാരുടെ അടക്കം മൊഴി രേഖപ്പെടുത്തണം. പ്രമോദ് നാരായണന്‍റെ വാക്കുകൾ സജി ചെറിയാന്‍റെ വിവാദ പരാമർശങ്ങൾക്ക് പ്രചോദനം ആയിട്ടുണ്ടോ എന്ന് സംശയിക്കുന്നുണ്ട്. എം എൽ എ വേദിയിൽ പ്രസംഗിച്ചോയെന്നും പരിശോധിക്കണമെന്ന് ഹർജിക്കാരൻ ആയ അഭിഭാഷകൻ ബൈജു നോയൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
ഭരണഘടനയെ തള്ളിപ്പറഞ്ഞു കൊണ്ട് സജി ചെറിയാൻ നടത്തിയ വിവാദ പ്രസംഗത്തിൽ കേസെടുക്കാതിരുന്ന പൊലീസ് നടപടിക്കെതിരെ അഡ്വ.ബൈജു നോയൽ കോടതിയെ സമീപിക്കുകയായിരുന്നു. തിരുവല്ല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് എംഎൽഎക്കെതിരെ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകിയത്.
വിവാദ പ്രസ്താവന ഇത്രയേറെ വിവാദം സൃഷ്ടിച്ചിട്ടും മന്ത്രിക്കെതിരെ പൊലീസ് കേസെടുക്കാതത്തത് വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. ഇക്കാര്യത്തിൽ ഉന്നതതലത്തിൽനിന്നുള്ള നിര്‍ദേശത്തിന് പൊലീസ് കാത്തുനിൽക്കുകയായിരുന്നുവെന്നായിരുന്നു സൂചന. വിഷയം എങ്ങനെ കൈകാര്യം ചെയ്യണം എന്നതിൽ സര്‍ക്കാരിലും സിപിഎമ്മിലുമുള്ള ആശയക്കുഴപ്പത്തിന് തെളിവായും കേസെടുക്കുന്നതിലുള്ള കാലതാമസത്തെ പ്രതിപക്ഷം ഉയര്‍ത്തി കാട്ടിയിരുന്നു.
സജി ചെറിയാൻ രാജിപ്രഖ്യാപനത്തിലും തൻറെ വിവാദ പ്രസംഗത്തെ തള്ളിപറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. അദ്ദേഹം പറഞ്ഞത് എല്ലാവരും കേട്ടതാണ്. രാജി സ്വതന്ത്ര തീരുമാനം എന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പോൾ ഈ വിഷയത്തിൽ പാർട്ടിയുടെയും മുഖ്യമന്ത്രിയുടെയും നിലപാട് എന്താണ് എന്നും സതീശൻ ചോദിച്ചു.
ഭരണഘടനയെ തള്ളി പറഞ്ഞയാൾ എംഎൽഎ സ്ഥാനവും രാജിവയ്ക്കുന്നതാണ് ഉചിതമെന്നും സജി ചെറിയാൻ ചെയ്തത് ചെയ്തത് ക്രിമിനൽ കുറ്റമാണെന്നും ഇക്കാര്യത്തിൽ പോലീസ് നടപടി എടുക്കണമെന്നും സതീശൻ പറഞ്ഞു. വിവാദത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. ഒരു പത്രക്കുറിപ്പ് പോലുമില്ല. സർക്കാർ കേസ് എടുത്തില്ലെങ്കിൽ പ്രതിപക്ഷം നിയമവഴി തേടുമെന്നും നാവുപിഴ എന്ന് പറയുന്നത് സാമാന്യ ബോധത്തിനോടുള്ള വെല്ലുവിളിയാണെന്നും സതീശൻ പറഞ്ഞു.