
തിരുവനന്തപുരം: തിരുവനന്തപുരത്തെ ഷാരോൺ വധകേസ് തമിഴ്നാട് പൊലീസ് അന്വേഷിക്കുന്നതാണ് കൂടുതൽ ഉചിതമെന്ന് എ.ജിയുടെ നിയമോപദേശം. ഡിജിപി ഓഫീസിന്റെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷമാണ് നിയമോപദേശം.' കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലായതിനാൽ അന്വേഷണം കേരളത്തിൽ നടത്തിയാൽ കുറ്റപത്രം നൽകിക്കഴിയുമ്പോൾ പ്രതി ഭാഗം കോടതിയിൽ സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഷാരോൺ മരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളജിലാണെങ്കിലും കുറ്റ കൃത്യവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഏറെ നടന്നത് തമിഴ്നാട്ടിൽ വെച്ചാണ്. നേരത്തെ തിരുവനന്തപുരം ജില്ലാ പബ്ലിക് പ്രോസികൂട്ടറും സമാനനിയമോപദേശം നൽകിയിരുന്നു.
ഷാരോൺ കൊലക്കേസിലെ അന്വേഷണം തമിഴ്നാട്ടിലേക്ക് മാറ്റിയാൽ നീതി കിട്ടില്ലെന്ന് ഷാരോണിന്റെ അച്ഛൻ പ്രതികരിച്ചു. ഇപ്പോൾ കേസ് അന്വേഷണം നല്ല നിലയിലാണ് പുരോഗമിക്കുന്നത്. തമിഴ്നാട്ടിലേക്ക് കേസ് മാറ്റിയാൽ അട്ടിമറി നടക്കുമോ എന്ന സംശയം ഉണ്ടെന്നും അച്ഛൻ ജയരാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതിനിടെ, കേസിലെ പ്രധാന പ്രതിയായ ഗ്രീഷ്മയെ ചോദ്യം ചെയ്തതിൽ നിന്ന് കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ജ്യൂസ് ചലഞ്ചും ഷാരോണിനെ കൊല്ലാൻ ആസൂത്രണം ചെയ്തതതാണെന്ന് ഗ്രീഷ്മ ചോദ്യം ചെയ്യലിൽ പറഞ്ഞു. പലതവണ ജ്യൂസിൽ വിഷം കലക്കി കൊല്ലാൻ ശ്രമിച്ചതായും ഗ്രീഷ്മ ചോദ്യം ചെയ്യലിനിടെ സമ്മതിച്ചു. കഷായം ഉണ്ടാക്കിയ പാത്രവും വിഷത്തിന്‍റേതെന്ന് സംശയിക്കുന്ന പൊടിയും പൊലീസിന് കിട്ടി. ഈ പൊടിയാണോ കഷായത്തിന് ഉപയോഗിച്ചതെന്ന് ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ അറിയാനാകു.
അതിനിടെ ഗ്രീഷ്മയുടെ പൊലീസ് സീൽ വെച്ച് പൂട്ടിയ വീടിന്റെ പൂട്ട് പൊളിഞ്ഞ നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് പൂട്ട് പൊളിഞ്ഞ നിലയിൽ കണ്ടെത്. തെളിവ് നശിപ്പിക്കാനായി ആരെങ്കിലും വീടിന് ഉള്ളിൽ കയറിയതാണോയെന്നാണ് സംശയം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam