'സ്പെഷ്യല്‍ മാരേജ് ആക്ട്'; വിശ്വാസികളുടെ ആത്മവീര്യം തകര്‍ക്കാന്‍ നീക്കം, ഷുക്കൂര്‍ വക്കീലിനെതിരെ പ്രസ്താവന

Published : Mar 08, 2023, 02:59 PM IST
'സ്പെഷ്യല്‍ മാരേജ് ആക്ട്'; വിശ്വാസികളുടെ ആത്മവീര്യം തകര്‍ക്കാന്‍ നീക്കം, ഷുക്കൂര്‍ വക്കീലിനെതിരെ പ്രസ്താവന

Synopsis

ഇസ്ലാമിക നിയമങ്ങള്‍ ജീവിതത്തില്‍ മുറപോലെ കൊണ്ടു നടക്കുന്നു എന്ന് അവകാശപ്പെടുന്ന വ്യക്തി സ്പെഷ്യല്‍ മാര്യേജ് ആക്ട് അനുസരിച്ച് രണ്ടാം വിവാഹം  നടത്തുന്നത് വിരോധാഭാസമാണെന്നും കൗൺസിൽ ഫോർ ഫത്‌വ ആന്‍റ് റിസര്‍ച്ച് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

കാസര്‍കോട്: ദാമ്പത്യത്തിന്റെ 28-ാം വര്‍ഷത്തില്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വീണ്ടും ഭാര്യയെ വിവാഹം കഴിച്ച അഡ്വ. ഷുക്കൂറിനെതിരെ കൗൺസിൽ ഫോർ ഫത്‌വ ആന്‍റ് റിസര്‍ച്ച്. തങ്ങളുടെ സ്വാര്‍ത്ഥക്ക് വേണ്ടി മാത്രം മതത്തെ ഉപയോഗിക്കുന്നവരുടെ ഇത്തരം നാടകങ്ങളിലൊന്നും വിശ്വാസികള്‍ വഞ്ചിതരാകില്ലെന്നും വിശ്വാസികളുടെ ആത്മവീര്യം തകര്‍ക്കുന്ന കുത്സിത നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും അഡ്വ. ഷുക്കൂറിനെതിരെ കൗൺസിൽ ഫോർ ഫത്‌വ ആന്‍റ് റിസര്‍ച്ച് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അഡ്വ. ഷുക്കൂര്‍ ഫേസ്ബുക്കിലൂടെയാണ് തനിക്കെതിരെയുള്ള പ്രസ്താവനയെക്കുറിച്ച്  അറിയിച്ചത്. മരാണാനന്തരം തന്‍റെ സമ്പാദ്യങ്ങള്‍ മുഴുവനും മൂന്ന് പെണ്‍മക്കള്‍ക്ക് മാത്രം ലഭിക്കാനാണ് വക്കീല്‍ ഈ വിവാഹ നാടകം നടത്തിയിരിക്കുന്നത്.  ഇസ്ലാമിക നിയമങ്ങള്‍ ജീവിതത്തില്‍ മുറപോലെ കൊണ്ടു നടക്കുന്നു എന്ന് അവകാശപ്പെടുന്ന വ്യക്തി സ്പെഷ്യല്‍ മാര്യേജ് ആക്ട് അനുസരിച്ച് രണ്ടാം വിവാഹം  നടത്തുന്നത് വിരോധാഭാസമാണെന്നും കൗൺസിൽ ഫോർ ഫത്‌വ ആന്‍റ് റിസര്‍ച്ച് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

സാമ്പത്തിക വ്യവസ്ഥിതിയെ സംബന്ധിച്ച് ഇസ്ലാം മുന്നോട്ടു വയ്ക്കുന്ന കാഴ്ചപ്പാടുകളെ മനസിലാക്കാത്തതിന്‍റെ ദുരന്തമാണ് ഇത്തരം ആലോചനകള്‍. ഒരാളുടെ മരണത്തോടെ തന്‍റെ സ്വത്ത് അതിന്‍റെ യഥാര്‍ത്ഥ ഉടമസ്ഥര്‍ തിരിച്ചെടുക്കുകയും കുറ്റമറ്റ രീതിയില്‍ പുനര്‍ വിഭജനം നടത്തുന്നതുമാണ് ഇസ്ലാമിലെ അനന്തരാവകാശ നിയമം. ഇത് അനന്തര സ്വത്തുമായി മാത്രം ബന്ധപ്പെട്ട് നില്‍ക്കുന്നതാണ്. എന്നാല്‍ ജീവിത കാലത്ത് സമ്പാദ്യം മുഴുവനായും പെണ്‍കുട്ടികള്‍ക്ക് വീതം നല്‍കുന്നതിന് മതം ഒരു തടസമല്ലെന്നും കുറിപ്പില്‍ പറയുന്നു.

അതേസമയം കൗൺസിൽ ഫോർ ഫത്‌വ ആന്‍റ് റിസര്‍ച്ചിന് മറുപടിയുമായി ഷുക്കൂര്‍ വക്കീലും രംഗത്തെത്തി. മത നിയമങ്ങളെ ഒന്നും അവഹേളിക്കുന്നില്ല. ഒരു വിശ്വാസിയുടെയും ആത്മവീര്യം തകർക്കാനും ഉദ്ദേശിക്കുന്നില്ല. " പ്രതിരോധം " എന്ന വാക്കിനെ തെറ്റായി ധരിച്ച് ഏതെങ്കിലും ഒരാൾ എന്നെ കായികമായി അക്രമിക്കുവാൻ തുനിഞ്ഞാൽ അതിന്റെ പൂർണ്ണമായ ഉത്തരവാദികൾ ഈ സ്റ്റേറ്റ്മെന്‍റ് ഇറക്കിയവർ മാത്രമായിരിക്കും- ഷുക്കൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം
 
നന്ദി.
പടച്ചവൻ അനുഗ്രഹിക്കട്ടെ .
എല്ലാ മനുഷ്യരെയും തുല്യരായി കാണുവാൻ കഴിയുന്ന കാലം വരുമെന്നു തന്നെയാണ് പ്രതീക്ഷ.
മത നിയമങ്ങളെ ഒന്നും അവഹേളിക്കുന്നില്ല. ഒരു വിശ്വാസിയുടെയും ആത്മവീര്യം തകർക്കാനും ഉദ്ദേശിക്കുന്നില്ല.
അതു കൊണ്ട് എനിക്കെതിരെ ഒരു ശക്തമായ പ്രതിരോധവും വേണ്ട സഹോദരങ്ങളെ .
" പ്രതിരോധം " എന്ന വാക്കിനെ തെറ്റായി ധരിച്ച് ഏതെങ്കിലും ഒരാൾ എന്നെ കായികമായി അക്രമിക്കുവാൻ തുനിഞ്ഞാൽ അതിന്റെ പൂർണ്ണമായ ഉത്തരവാദികൾ ഈ സ്റ്റേറ്റ് മെന്റ് ഇറക്കിയവർ മാത്രമായിരിക്കും .
നിയമ പാലകർ ശ്രദ്ധിക്കുമെന്നു കരുതുന്നു.
സ്നേഹം 

  .

ഇന്ന് രാവിലെയാണ് നടനും അഭിഭാഷകനുമായ ഷുക്കൂറും കണ്ണൂര്‍ സര്‍വകലാശാല നിയമവകുപ്പ് മേധാവിയുമായ ഷീനയും രണ്ടാമതും വിവാഹിതരായത്. ബുധനാഴ്ച രാവിലെ 10.15ന് ഹൊസ്ദുര്‍ഗ് സബ് രജിസ്ട്രര്‍ ഓഫീസില്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം നടന്നത്. ലോക വനിതാ ദിനത്തില്‍ തങ്ങളുടെ പെണ്‍മക്കളെ സാക്ഷിയാക്കിയാണ് ദാമ്പത്യത്തിന്റെ 28-ാം വര്‍ഷത്തില്‍  ഇരുവരും രജിസ്ട്രര്‍ വിവാഹം ചെയ്തത്. ഷുക്കൂറിന്റേയും ഷീനയുടേയും മക്കളായ ഖദീജ ജാസ്മിന്‍, ഫാത്തിമ ജെബിന്‍, ഫാത്തിമ ജെസ എന്നിവരൊപ്പമെത്തിയാണ് ഷുക്കൂറും ഷീനയും രണ്ടാമതും വിവാഹിതരായത്.

Read More : 'പെണ്‍മക്കള്‍ക്കായി'; മക്കളെ സാക്ഷിയാക്കി ഷുക്കൂര്‍ വക്കീലും ഭാര്യയും രണ്ടാമതും വിവാഹിതരായി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിഴിഞ്ഞം: ചരിത്ര കുതിപ്പിന് ഇന്ന് തുടക്കം കുറിക്കുന്നു; രണ്ടാം ഘട്ട നിർമ്മാണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
മോദിയുടെ വേദിയിലെ 'അകലം'; ശ്രീലേഖയുടെ പ്രതികരണം; ''ക്ഷണിച്ചാലല്ലാതെ അടുത്തേക്ക് പോകരുതെന്നാണ് പരിശീലിച്ചത്'