
തിരുവനന്തപുരം: വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷക ശ്യാമിലിക്ക് സീനിയർ അഭിഭാഷകൻ ബെയ്ലിൻ ദാസിൽ നിന്നും ക്രൂരമർദനമേറ്റ സംഭവത്തിൽ പ്രതികരണവുമായി ശ്യാമിലിയുടെ അമ്മ വസന്ത. ജോലി നിർത്താൻ തീരുമാനിച്ച ശ്യാമിലിയെ ബെയ്ലിൻ ദാസ് തുടരാൻ നിർബന്ധിച്ചുവെന്ന് അമ്മ വസന്ത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബെയ്ലിൻ ജീവനക്കാരോട് മോശമായിട്ടാണ് പെരുമാറുന്നതെന്നും ഫയലുകൾ മുഖത്തേക്ക് വലിച്ചെറിയുമെന്നും വസന്ത വ്യക്തമാക്കുന്നു. പരാതിയിൽ നിന്ന് പിൻമാറാൻ ബെയ്ലിൻ ദാസ് സമ്മർദ്ദം ചെലുത്തി. ആറ് തവണ അടിച്ചുവെന്നും നിലത്ത് വീണിട്ടും മർദനം തുടർന്നുവെന്നും മകൾ പറഞ്ഞതായും അമ്മ വസന്ത വ്യക്തമാക്കി. അഡ്വക്കേറ്റ് ബെയ്ലിൻ ദാസിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ശ്യാമിലിയുടെ അമ്മ കൂട്ടിച്ചേർത്തു.
''മൂന്ന് വർഷമായി അവളവിടെ ജോലി ചെയ്യുന്നു. ഗർഭിണിയായിരുന്ന സമയത്ത് മർദ്ദിച്ചുവെന്ന് ഞങ്ങൾ ഇപ്പോഴാണ് അറിയുന്നത്. അവൾ ഞങ്ങളോട് പറഞ്ഞില്ല. ജോലിക്ക് പോകുന്നില്ല, സിഎയ്ക്ക് പഠിക്കണമെന്ന് പറഞ്ഞു. ജോലി ചെയ്യുന്നതിനൊപ്പം സിഎ പഠിക്കാം. ശ്യാമിലി ഓഫീസിൽ വരണം, ഇല്ലെങ്കിൽ അവിടുത്തെ കാര്യങ്ങളൊന്നും നടക്കില്ല, ശ്യാമിലിക്കാണ് ഓഫീസിലെ കാര്യങ്ങളൊക്കെ അറിയാവുന്നത്. ശ്യാമിലിയില്ലാത്ത ഓഫീസ് ചിന്തിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞു. അമ്മയോട് ഞാൻ സംസാരിക്കാമെന്ന് ബെയ്ലിൻ ദാസ് പറഞ്ഞു. അങ്ങനെ എന്നോട് സംസാരിച്ച് ഞാൻ കൂടി പറഞ്ഞിട്ടാണ് അവൾ അന്ന് ഓഫീസിൽ പോയത്. മോളെ ഓഫീസിൽ വിടണം എന്ന് എന്നോടും പറഞ്ഞു. ഡെലിവറി കഴിഞ്ഞ് 3 മാസം കഴിഞ്ഞപ്പോൾ മുതൽ അവൾ ജോലിക്ക് പോയിത്തുടങ്ങി. രാവിലെ 7 മണിക്ക് പോയാൽ വൈകിട്ട് 7 മണിക്കേ വരൂ. ഇങ്ങനെയൊരു കാര്യം അയാളിൽ നിന്ന് ഞങ്ങളാരും പ്രതീക്ഷിച്ചില്ല. ഇന്നലെ 12.30ക്ക് വിളിച്ച് മോള് പറഞ്ഞു. ബെയ്ലിൻ എന്നെ അടിച്ചു, അമ്മ വീഡിയോ കോൾ വരാമോ എന്ന്. വന്നപ്പോ എന്റെ മോളെ അടിച്ചു തൊലച്ചു വെച്ചിരിക്കുന്നു. എനിക്ക് സഹിക്കാൻ പറ്റുന്നില്ല. ഞാനപ്പോ തന്നെ മോനെ വിളിച്ചു പറഞ്ഞു. മോനും മരുമോനും പോയി. അവരവിടെ എത്തിയപ്പോൾ എനിക്ക് കുടുംബമുണ്ട്, നമുക്കിത് സോൾവ് ചെയ്യാമെന്ന് പറഞ്ഞ് എന്റെ മോന്റെയും മരുമകന്റെയും കാലുപിടിച്ചു. ആര് കണ്ടാലും സഹിക്കാത്ത ക്രൂരതയാണ് ചെയ്തത്. വേറൊരു മക്കൾക്കും ഈ ഗതി വരരുത്. ഞങ്ങൾ ഏത് അറ്റംവരെയും പോകും. മോളെ ഹോസ്പിറ്റലിൽ കൊണ്ടുപോയ സമയത്താണ് അയാൾ രക്ഷപ്പെട്ടത്.'' വസന്ത ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ശ്യാമിലിക്ക് ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥയിലാണെന്നും വസന്ത പറയുന്നു.
ഇന്നലെയാണ് വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ മുതിര്‍ന്ന അഭിഭാഷകന്‍ ബെയ്ലിന്‍ ദാസ് അതിക്രൂരമായി മര്‍ദിച്ചത്. ശ്യാമിലിയുടെ കണ്ണിന് സമീപം പൊട്ടലുണ്ട്. ഇന്നലെ സ്‌കാനിംഗിൽ ഇക്കാര്യം കണ്ടെത്തിയിരുന്നു. രാവിലെ വിദഗ്ദ ചികിത്സക്കായി മെഡിക്കൽ കോളേജിലേക്ക് പോയി. അതേസമയം, അഭിഭാഷകയെ മർദ്ദിച്ച കേസിലെപ്രതി ബെയിലിംഗ് ദാസ് മുൻകൂർ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്ന വിവരംവും പുറത്തുവരുന്നുണ്ട്. ഇന്ന് ജില്ലാ കോടതിയിൽ നൽകാനാണ് സാധ്യത. ബെയ്‌ലിൻ ദാസ്സിനായി കൊച്ചി പോലീസും തിരച്ചിൽ തുടങ്ങി. ട്രെയിനുകൾ നിരീക്ഷിക്കാൻ റെയിൽവേ എസ് പിക്കും നിർദ്ദേശം നൽകി. തിരുവനന്തപുരത്ത് ശംഖുമുഖം അസ്സിസ്റ്റന്റ് കമ്മീഷണരുടെ സ്‌ക്വാഡും വഞ്ചിയൂർ പോലിസ് ടീമും ചേര്‍ന്നാണ് തിരച്ചിൽ നടത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam