50 മീറ്റർവരെ നീളമുള്ള യാനങ്ങൾ മീൻപിടിത്തത്തിനായി ഉപയോഗിക്കാനാണ് നിർദ്ദേശം. നിലവിൽ യാനങ്ങൾക്ക് 24 മീറ്ററിൽ താഴെ മാത്രമാണ് നീളം. ആഴക്കടലിൽ വൻകിട മീൻപിടിത്ത കപ്പലുകൾ രംഗത്തെത്തുന്നതോടെ ചെറുകിട യാനങ്ങൾക്കും ബോട്ടുകൾക്കും മത്സ്യ ലഭ്യത തീരെകുറയും.
തിരുവനന്തപുരം: ആഴക്കടലിൽനിന്ന് മത്സ്യങ്ങളെ വ്യാവസായികാടിസ്ഥാനത്തിൽ പിടിച്ചെടുക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ ആശങ്ക അറിയിച്ച് കേരളം രംഗത്തെത്തിയിരിക്കുകയാണ്. കേന്ദ്രസർക്കാരിന്റെ ബ്ലൂ ഇക്കണോമി നയത്തിന്റെ തുടർച്ചയായി ആഴക്കടലിൽ നിന്നും വ്യാവസായിക അടിസ്ഥാനത്തിൽ മത്സ്യബന്ധനം നടത്തുന്നതിൽ ആശങ്കയുണ്ടെന്ന് സംസ്ഥാന സർക്കാർ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിൽ ആഴക്കടൽ മത്സ്യബന്ധനത്തിന് അനുമതി നൽകാനുള്ള അധികാരം കേന്ദ്രസർക്കാരിനാണ്. ബ്ലൂ ഇക്കണോമി നയത്തിന്റെ തുടർച്ചയായി മീൻ പിടുത്തതിനായി കരടിൽ വരുത്തിയ മാറ്റത്തിൽ കേരളം കേന്ദ്രത്തെ ആശങ്ക അറിയിച്ചതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ വ്യക്തമാക്കി.
കരട് ചട്ടത്തിലെ ആശങ്കകൾ പരിഹരിക്കുന്നതിനായി ക്ലോസ് തിരിച്ച് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് നിർദ്ദേശങ്ങൾ കൈമാറിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. The Territorial Waters, Continental Shelf, Exclusive Economic Zone and Other Maritime Zones Act, 1976 (80 of 1976) നിയമത്തിലെ വകുപ്പ് 15 പ്രകാരം നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയിലെ മത്സ്യസമ്പത്ത് പരിശോധന, ചൂഷണം , സംരക്ഷണം, മാനേജ്മെന്‍റ് എന്നിവയ്ക്കായി Drafts Rules for Sustainable Harnessing of Fisheries in the Exclusive Economic Zone of India, 2005 എന്ന കരട് കൊണ്ടുവരാൻ കേന്ദ്രം ശ്രമിക്കുകയാണെന്നാണ് സംസ്ഥാന സർക്കാരിന്‍റെ ആരോപണം. വൻകിട കമ്പനികളുടെ യാനങ്ങൾ ഉപയോഗിച്ച് ആഴക്കടിൽ മത്സ്യബന്ധനം നടത്തുകയാണ് കേന്ദ്ര നീക്കം.

ആഴക്കടലിലെ മത്സ്യസമ്പത്ത് വേണ്ടത്ര പിടിച്ചെടുക്കാൻ നിലവിലെ രീതികൊണ്ട് കഴിയുന്നില്ലെന്ന് കേന്ദ്രത്തിന്റെ വിലയിരുത്തലിനെ തുടർന്നാണ് വൻകിട കമ്പനികൾക്ക് അതിനുളള അവസരം നൽകുന്നത്. ഈ രംഗത്തെ സംരംഭകരുടെ യോഗം കേന്ദ്ര ഫിഷറീസ് മന്ത്രാലയം അടുത്തിടെ വിളിച്ചുചേർത്തിരുന്നു. 50 മീറ്റർവരെ നീളമുള്ള യാനങ്ങൾ മീൻപിടിത്തത്തിനായി ഉപയോഗിക്കാനാണ് നിർദ്ദേശം. നിലവിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന യാനങ്ങൾക്ക് 24 മീറ്ററിൽ താഴെ മാത്രമാണ് നീളം. 50 മീറ്റർവരെ നീളമുള്ള യാനങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകുന്നതോടെ കപ്പലുകളും ഇതിനായി ഉപയോഗിക്കാം. പുതിയ യാനങ്ങൾ നിർമ്മിക്കാൻ 50 ശതമാനം വരെ സബ്‌സിഡി നൽകാനും തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
കേന്ദ്ര തീരുമാനം മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ വ്യവസായ മേഖലകൾക്കും വലിയ പ്രതിസന്ധി ഉണ്ടാക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. ആഴക്കടലിൽ വൻകിട മീൻപിടിത്ത കപ്പലുകൾ രംഗത്തെത്തുന്നതോടെ ചെറുകിട യാനങ്ങൾക്കും ബോട്ടുകൾക്കും മത്സ്യ ലഭ്യത തീരെകുറയും. പിടിച്ചെടുക്കുന്ന മത്സ്യം കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് ഒരു നിർബന്ധവുമില്ലാത്തതിനാൽ പുറംകടലിൽ വച്ചുതന്നെ മറ്റുള്ളവർക്ക് കൈമാറാൻ കഴിയും. ഇതോടെ കേരളത്തിൽ മത്സ്യം കിട്ടാക്കനിയാവും. മീൻപിടിത്തത്തിനൊപ്പം മത്സ്യവ്യവസായ മേഖലയ്ക്കും കയറ്റുമതി മേഖലയ്ക്കും ഇത് കനത്ത തിരിച്ചടിയാവും. ഇതിനൊപ്പം വൻ തോതിൽ മത്സ്യങ്ങളെ പിടിക്കുന്നത് മത്സ്യനാശത്തിനും കാരണമാകുമെന്നും വിമർശനമയുരുന്നു.
രാജ്യത്തിന്റെ കടലിൽ വിദേശ കപ്പലുകൾ മീൻപിടിക്കാൻ എത്തുന്നതിനെ കേരളം പോലുള്ള സംസ്ഥാനങ്ങൾ ശക്തമായി നേരത്തേ തന്നെ എതിർത്തിരുന്നു. കപ്പലുകൾക്ക് മത്സ്യം പിടിക്കാൻ അനുമതി നൽകുന്നത് ചെറുകിട ബോട്ടുടമകള്‍ക്ക് മത്സ്യലഭ്യത കുറയ്ക്കാന്‍ഇടയാക്കുമെന്ന ആശങ്ക പരിഹരിക്കാൻ സംസ്ഥാനം നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ സഹകരണ സംഘങ്ങളിലൂടെ ശാക്തീകരിച്ച് ആവശ്യമായ പരിശീവും സബ്സിഡി നിരക്കില്‍ ആഴക്കടല്‍ മത്സ്യ ബന്ധന ഉപകരണങ്ങളും വിതരണം ചെയ്ത് അവരെ ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് പ്രാപ്തരാക്കുക എന്നതാണ് സംസ്ഥാനത്തിന്റെ ആഴക്കടല്‍ മത്സ്യ ബന്ധനനയം. അതിനനുസരിച്ചുള്ള പദ്ധതികളും പ്രവര്‍ത്തനങ്ങളും സംസ്ഥാന ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ചു വരുന്നുണ്ട്.
