
തൃശൂര്‍: തൃശൂരില്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി ആരായാലും പ്രശ്നമില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ വിഎസ് സുനില്‍ കുമാര്‍. തൃശൂരിൽ മുരളിയേട്ടനായാലും പ്രതാപനായാലും രാഷ്ട്രീയ പോരാട്ടം തന്നെയാണെന്ന് സുനില്‍ കുമാര്‍ പറഞ്ഞു. കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി മാറിയതോടെ മണ്ഡലം കൂടുതല്‍ ശക്തമായ മത്സരത്തിലേക്ക് കടക്കുമെന്ന സൂചനകള്‍ക്കിടെയാണ് സുനില്‍ കുമാറിന്‍റെ പ്രതികരണം. പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയതാണ് തൃശൂരില്‍ അപ്രതീക്ഷിത രാഷ്ട്രീയ ചലനങ്ങള്‍ക്ക് കാരണമായത്.
തൃശൂരില്‍ ഏത് സ്ഥാനാര്‍ത്ഥി വന്നാലും അത് രാഷ്ട്രീയ പോരാട്ടമാണ്. അതില്‍ ആശങ്കയില്ല. പത്മജയുടെ ബിജെപി പ്രവേശനവുമായി ഇതിന് ബന്ധമുണ്ടോയെന്നറിയില്ല. ഇതവരുടെ ആഭ്യന്തര കാര്യമാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏത് സ്ഥാനാര്‍ത്ഥിയായാലും അത് വിലയിരുത്തേണ്ട കാര്യമില്ല. എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം ജയം മാത്രമാണ് ലക്ഷ്യം. ഏത് എതിരാളിയായാലും ബഹുമാനമുണ്ട്. മുരളിയായാലും പ്രതാപനായാലും പ്രശ്നമുള്ളയാളുകളല്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു.
അതേസമയം, സ്ഥാനാര്‍ത്ഥിത്വം മാറ്റിയതിന് ശേഷം ആദ്യമായി പ്രതികരണവുമായി കെ മുരളീധരൻ രംഗത്തെത്തി. താൻ എവിടെ മത്സരിക്കാനും തയ്യാറാണെന്നാണ് കെ മുരളീധരൻ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ സ്ഥാനാര്‍ത്ഥിത്വത്തിലെ മാറ്റം കോണ്‍ഗ്രസിനകത്ത് പുതിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന കണക്കുകൂട്ടലിന് താല്‍ക്കാലിക വിരാമമായി. എന്നാല്‍ വടകരയില്‍ നിന്ന് മാറ്റിയതില്‍ കെ മുരളീധരന് അതൃപ്തിയുണ്ടെന്ന് തന്നെയാണ് സൂചന. അതേസമയം പാര്‍ട്ടിതീരുമാനത്തിന് അദ്ദേഹം വഴങ്ങുകയും ചെയ്തിരിക്കുന്നു. കെ മുരളീധരന്‍റെ സഹോദരിയും, അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍റെ മകളുമായ പത്മജ വേണുഗോപാലിന്‍റെ ബിജെ പി പ്രവേശത്തെ തുടര്‍ന്നാണ് മുരളീധരന്‍റെ സീറ്റുമാറ്റവും നടന്നിരിക്കുന്നത്.
ഇന്നലെ അംഗത്വമെടുത്ത പത്മജയെ ചാലക്കുടിയില്‍ നിര്‍ത്തി മത്സരിപ്പിക്കാൻ ബിജെപി തീരുമാനിച്ചതിന് പിന്നാലെ തൃശൂരില്‍ ടിഎൻ പ്രതാപനെ മാറ്റി കെ മുരളീധരനെ ഇറക്കാൻ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. ഇതോടെ വകടര മണ്ഡലത്തില്‍ നിന്ന് മുരളീധരന് മാറേണ്ടി വന്നു. ഇവിടെ അദ്ദേഹത്തിന് പകരം ഷാഫി പറമ്പില്‍ മത്സരിക്കും.
സ്ഥാനാര്‍ത്ഥിത്വം മാറിയതിന് ശേഷം ആദ്യം പ്രതികരിക്കാൻ കെ മുരളീധരൻ തയ്യാറായിരുന്നില്ല. ഇതോടെ തന്നെ മുരളീധരന്‍റെ അതൃപ്തി വ്യക്തമായിരുന്നു. ഇത് കോണ്‍ഗ്രസിനകത്ത് പുതിയ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന നിലയിലാണ് താൻ എവിടെ മത്സരിക്കാനും തയ്യാറാണെന്ന് കെ മുരളീധരൻ വ്യക്തമാക്കിയിരിക്കുന്നത്.
https://www.youtube.com/watch?v=KuMjCURUZms