'മാണി അഴിമതിക്കാരനെന്ന് പറഞ്ഞിട്ടില്ല', ഇടത് വിശദീകരണത്തിൽ ജോസ് കെ മാണിക്ക് തൃപ്തി

By Web TeamFirst Published Jul 6, 2021, 5:28 PM IST
Highlights

കെ എം മാണിയുടെ പേര് സത്യവാങ്മൂലത്തിലില്ല എന്ന് പരിശോധിച്ച് വ്യക്തമായതാണെന്ന് ജോസ് കെ മാണി. അതിനാൽത്തന്നെ മാണിയുടെ പേര് പറഞ്ഞ് രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കുന്ന ചിലരെ തിരിച്ചറിയണമെന്നും ജോസ് കെ മാണി പറയുന്നു. 

കോട്ടയം: മുൻ ധനമന്ത്രി കെ എം മാണി അഴിമതിക്കാരനാണെന്ന് സുപ്രീംകോടതിയിൽ സംസ്ഥാനസർക്കാർ പറഞ്ഞിട്ടില്ലെന്ന് വ്യക്തമായതായി ജോസ് കെ മാണി. മുൻ ധനമന്ത്രിയുടെ കാലത്ത് ഒരു അഴിമതിയാരോപണമുണ്ടായിരുന്നുവെന്ന് മാത്രമാണ് സത്യവാങ്മൂലത്തിലുണ്ടായിരുന്നത്. മാണി അഴിമതിക്കാരനെന്ന് വാർത്തകൾ വന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കെ എം മാണിയുടെ പേര് സത്യവാങ്മൂലത്തിലില്ല എന്ന് പരിശോധിച്ച് വ്യക്തമായതാണെന്ന് ജോസ് കെ മാണി പറയുന്നു. മാണിയുടെ പേര് പറഞ്ഞ് രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കുന്ന ചിലരെ തിരിച്ചറിയണമെന്നും അത് വിലപ്പോകില്ലെന്നും ജോസ് കെ മാണി പറയുന്നു. 

കെ എം മാണി കുറ്റക്കാരനല്ല എന്ന് വിജിലൻസ് കോടതി പറഞ്ഞതാണ്. യുഡിഎഫും എൽഡിഎഫും കെ എം മാണി കുറ്റക്കാരനല്ല എന്ന് പറഞ്ഞു. സർക്കാർ സത്യവാങ്മൂലത്തിൽ മാണിയുടെ പേരോ അത്തരത്തിലൊരു പ്രസ്താവനയോ ഇല്ല. സുപ്രീംകോടതിയിൽ സർക്കാർ മാണിക്കെതിരെ നിലപാട് എടുത്തിട്ടില്ല എന്നത് ഇതിലൂടെ വ്യക്തമായിട്ടുണ്ടെന്നും ജോസ് കെ മാണി പറയുന്നു. 

''ആരോപണമുണ്ടായി എന്ന് മാത്രമാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. ആരോപണമുണ്ടായി എന്ന് പറഞ്ഞാൽ കുറ്റക്കാരനാണെന്നാണോ അർത്ഥം?'', ജോസ് കെ മാണി ചോദിക്കുന്നു. 

ഇന്നലെ മുന്നണിക്കെതിരെ നടത്തിയ പ്രസ്താവന വാർത്തകളുടെ അടിസ്ഥാനത്തിലാണെന്നും, ആ വാർത്തകൾ തെറ്റാണെന്നും ജോസ് കെ മാണി പറയുന്നു. 

2015 ലെ ബജറ്റ് അവതരണ വേളയിൽ കേരള നിയമസഭാ കണ്ട ബഹളം ദേശീയശ്രദ്ധയിൽത്തന്നെ വന്നതാണ്. കാലം മാറി. കഥ മാറി. മുന്നണി ബന്ധങ്ങൾ മാറി. എന്നിട്ടും സഭയിൽ അന്ന് ഉണ്ടായ കോലാഹലത്തിന്‍റെ അലയൊലികൾ കേരള രാഷ്ട്രീയത്തിൽ ഇന്നും തുടരുന്നു. അന്ന് അക്രമം കാട്ടിയ എംഎൽഎമാർക്ക് എതിരായ കേസ് ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ വിചാരണക്കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചു. രണ്ടു കോടതികളും ആവശ്യം തള്ളി. ഒടുവിൽ ഇതേ ആവശ്യവുമായി സർക്കാർ ഇന്നലെ സുപ്രീം കോടതിയിൽ എത്തുകയായിരുന്നു. മൈക്ക് വലിച്ചൂരി വലിച്ചെറി‌‌ഞ്ഞ എംഎൽഎ അടക്കമുള്ള ജനപ്രതിനിധികൾ വിചാരണ നേരിടണം എന്നാണു സുപ്രീം കോടതിയും പറഞ്ഞത്.

കേസിന്‍റെ വാദത്തിനിടെ കേരള സർക്കാരിന്‍റെ അഭിഭാഷകൻ പറഞ്ഞ ഒരു വാചകം ഇപ്പോൾ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ വലിയ കൊടുങ്കാറ്റുകൾ ഉയർത്തുമ്പോൾ ഇനിയെന്താകും സുപ്രീംകോടതിയിൽ സംസ്ഥാനസർക്കാർ ഉയർത്തുന്ന വാദം എന്നതും ശ്രദ്ധേയമാണ്. കേരളത്തിലൊരു രാഷ്ട്രീയ സെറ്റിൽമെന്‍റുണ്ടായി എന്നതും, കേസ് പിൻവലിക്കണമെന്നതും സുപ്രീംകോടതിയിലടക്കം പറയാനാകുമോ എന്നതും കണ്ടറിയണം. 

സംഘടനാതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കേരളാ കോൺഗ്രസ്

വാർഡ് തലം മുതൽ തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് കേരളാ കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷം ജോസ് കെ മാണി പ്രഖ്യാപിച്ചത്. യുഡിഎഫിൽ നിന്ന് അടക്കം നിരവധിയാളുകൾ കേരളാ കോൺഗ്രസുമായി സഹകരിക്കും. ഓൺലൈൻ മെമ്പർഷിപ്പ് ക്യാംപെയിൻ തുടങ്ങും. പോഷക സംഘടനകളും പുനഃസംഘടിപ്പിക്കും. ഇടത് മുന്നണിയുടെ വിജയത്തിൽ കേരളാ കോൺഗ്രസിന്‍റെ പങ്ക് നിർണ്ണായകമായി എന്ന് വിലയിരുത്തിയെന്നും, ജോസ് കെ മാണി പറഞ്ഞു. 

click me!