
പാലക്കാട്: പാലക്കാട് മുതലമടയില്‍ ആഫ്രിക്കന്‍ പന്നിപ്പനി വൈറസ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചിട്ടുള്ള പന്നിഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം രോഗബാധിത പ്രദേശമായും സമീപത്തെ കൊല്ലങ്കോട്, പെരുമാട്ടി, പട്ടഞ്ചേരി പഞ്ചായത്തുകള്‍ രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി ഉത്തരവിറക്കി. രോഗവ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി പ്രദേശത്ത് മുന്‍കരുതലുകള്‍ സ്വീകരിക്കാനും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. പന്നിപ്പനി സ്ഥിരീകരിച്ച പന്നി ഫാമിലെയും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പന്നി ഫാമുകളിലെയും എല്ലാ പന്നികളെയും പ്രോട്ടോക്കോളുകള്‍ പാലിച്ച് ഉടന്‍ ഉന്മൂലനം ചെയ്യണമെന്നും ജഡം സംസ്‌കരിച്ച് ആ വിവരം ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.
നിര്‍ദേശങ്ങള്‍
വടക്ക്-കിഴക്ക് ഇന്ത്യയിലും ബീഹാറിലും ആഫ്രിക്കന്‍ പനി പടരുന്ന സാഹചര്യത്തില്‍ ഒക്‌ടോബര്‍ 11 മുതല്‍ 30 ദിവസത്തേക്ക് പന്നി, പന്നി മാംസം, പന്നി മാംസം കൊണ്ടുള്ള ഉത്പന്നങ്ങള്‍, പന്നി വളം എന്നിവ കേരളത്തിലേക്കും കേരളത്തില്‍ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കും കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈറസ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ കേരളത്തെ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ പന്നിപ്പനിക്ക് വാക്‌സിനോ മറ്റു പ്രതിരോധമരുന്നുകളോ ഇല്ലാത്തതിനാല്‍ പന്നികള്‍ കൂട്ടത്തോടെ ചത്തു പോകുന്ന സ്ഥിതി ഈ വൈറസ്മൂലം ഉണ്ടാകും. ആഫ്രിക്കന്‍ പന്നിപ്പനി പന്നികളില്‍ മാത്രം കണ്ടുവരുന്ന രോഗമായതിനാല്‍ ഇത് മറ്റ് മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പകരാനുള്ള സാധ്യത കുറവാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam