
കൊല്ലം: ഉദ്യോഗസ്ഥ അനാസ്ഥയിൽ വലഞ്ഞ കൊല്ലം കടവൂർ സ്വദേശി ബിനുവിനും കുടുംബത്തിനും ഒടുവിൽ നീതി. വീട്ടിൽ സെപ്റ്റിക് ടാങ്ക് പണിയാൻ കൊല്ലം കോർപ്പറേഷൻ (Kolalm Corporation) അനുമതി പത്രം നൽകി. ഏഷ്യാനെറ്റ് ന്യൂസിന്റെ "മാറണം മരണനാട' വാർത്താ പരമ്പരയാണ് ബിനുവിനും കുടുംബത്തിനും തുണയായത്. ഉദ്യോഗസ്ഥ വീഴ്ച മൂലമുണ്ടായ ബുദ്ധിമുട്ടിന് കൊല്ലം കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ കുടുംബത്തോട് ക്ഷമ ചോദിക്കുകയും ചെയ്തു.
വീട്ടിലെ ശുചിമുറി ഉപയോഗിക്കാവാത്ത കുടുംബത്തിന്റെ ദുരവസ്ഥ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. കക്കൂസിന് കുഴികുത്താനുള്ള അനുവാദം പോലും നൽകാതെ ബിനുവിന്‍റെ കുടുംബത്തെ ദുരിതത്തിലാക്കിയിരിക്കുകയായിരുന്നു ഉദ്യോഗസ്ഥര്‍. മൂന്ന് കുഞ്ഞുങ്ങളുള്ള കടവൂർ സ്വദേശി ബിനുവിന്‍റെ കുടുംബം പ്രാഥമിക ആവശ്യങ്ങൾക്ക് വേണ്ടി അർധരാത്രിയിൽ പോലും അയൽവീടിന്റെ വാതിലിൽ മുട്ടേണ്ട ഗതികേടിലായയിരുന്നു.
കൊല്ലം കടവൂരിലെ പ്രവാസിയായ ബിനുവും ഭാര്യ റിന്‍സിയും താമസിക്കുന്നത് വീട്ടിലെ സെപ്റ്റിക് ടാങ്ക് ഒറ്റ ദിവസം കൊണ്ട് കൊല്ലം കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ പൊളിച്ചു കളഞ്ഞതാണ്. ആറ് സെന്‍റ് സ്ഥലത്ത് വീടിന്‍റെ പണി തുടങ്ങും മുമ്പ് കോര്‍പറേഷനില്‍ നിന്നുളള മുഴുവന്‍ അനുമതിയും ഇവര്‍ വാങ്ങിയിരുന്നു. ഈ വീടിന്‍റെ സെപ്റ്റിക് ടാങ്കിന്‍റെ ഏഴര മീറ്റര്‍ പരിധിയിലെങ്ങും കിണറുകളോ മറ്റു ജലാശയങ്ങളോ ഇല്ലെന്ന് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ തന്നെ രേഖകളില്‍ കൃത്യമായി സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. എന്നിട്ടും വീട് പണി തീര്‍ന്ന് മൂന്ന് കുഞ്ഞു മക്കളുമായി ഈ കുടുംബം താമസം തുടങ്ങിയ ഘട്ടത്തില്‍ തൊട്ടടുത്ത വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒരു നോട്ടീസ് പോലും കൊടുക്കാതെ സെപ്റ്റിക് ടാങ്ക് പൊളിച്ചു നീക്കിയത്.
സ്വന്തം ഭാഗത്ത് ന്യായമുണ്ടായിരുന്നിട്ടും കോര്‍പറേഷന്‍ നടപടിക്കെതിരെ ഇവര്‍ കേസിനും വഴക്കിനുമൊന്നും പോയില്ല. പകരം ഈ വീടിന്‍റെ മറ്റൊരു ഭാഗത്ത് സെപ്റ്റിക് ടാങ്ക് പണിയാന്‍ അനുമതി തേടി ഈ കുടുംബം വീണ്ടും കോര്‍പറേഷനെ സമീപിച്ചു. ഇപ്പോ ആറ് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഓരോ നിസാര കാരണങ്ങള്‍ പറഞ്ഞ് ഇവരുടെ അപേക്ഷ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ വൈകിപ്പിക്കുകയായിരുന്നു. തന്‍റെ അപേക്ഷയില്‍ തീരുമാനം വേഗം എടുക്കണമെന്ന് ആവശ്യപ്പെട്ട് ബിനു കോര്‍പറേഷന്‍ സെക്രട്ടറിയെ സമീപിച്ചിരുന്നു. സെക്രട്ടറി മറുപടി കത്തും നൽകി. കോര്‍പറേഷന്‍റെ മുഴുവന്‍ അനുമതിയോടെയും വീടു വച്ച ഈ കുടുംബം തൊട്ടയല്‍വക്കത്തെ വീട്ടിലെ കക്കൂസ് ഉപയോഗിച്ചോളണം എന്നാണ് ബഹുമാനപ്പെട്ട കൊല്ലം കോര്‍പറേഷന്‍ സെക്രട്ടറി എഴുതി കത്തിൽ പറഞ്ഞിരിക്കുന്നതിന്റെ രത്നച്ചുരുക്കം.
ഈ പ്രശ്നം കാരണം ഗള്‍ഫിലേക്ക് തിരിച്ചു പോകാനാകാതെ ബിനുവിന്‍റെ ജോലിയും പോയി. സര്‍ക്കാരോഫീസ് കയറിയിറങ്ങി മടുത്തപ്പോള്‍ ആത്മഹത്യ ചെയ്ത പറവൂരിലെ സജീവന്‍റെ സ്ഥിതിയിലായിരുന്നു ബിനുവും ഭാര്യയും. ഒടുവില്‍ കൊല്ലം കോർപ്പറേഷൻ കണ്ണ് തുറന്നു. കുടുംബത്തിന് സെപ്റ്റിക് ടാങ്ക് പണിയാൻ അനുമതി നല്‍കി.