ഹെല്‍മറ്റ് വേട്ട ഇനിയില്ല, പരിശോധന കര്‍ശനമാക്കും: ഗതാഗതമന്ത്രി

By Web TeamFirst Published Nov 20, 2019, 8:25 PM IST
Highlights

മെച്ചപ്പെട്ട ക്യാമറകള്‍ സ്ഥാപിച്ചാവും ഇനിയങ്ങോട്ട് പരിശോധന നടത്തുക. ഒരു ജില്ലയില്‍ നൂറ് ക്യാമറകളെങ്കിലും ഇതിനായി സ്ഥാപിക്കും.

തിരുവനന്തപുരം: കേരള ഹൈക്കോടതി ഇരുചക്രവാഹനങ്ങളുടെ പിന്നിലിരിക്കുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കുകയും, ഹെല്‍മറ്റ് പരിശോധനയ്ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഹെല്‍മറ്റ് പരിശോധനയുടെ രീതികള്‍ മാറ്റുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. 

ഹെല്‍മറ്റ് പരിശോധന സംബന്ധിച്ച് ഹൈക്കോടതി വിധി പ്രസ്താവിച്ച സാഹചര്യത്തില്‍ ഇനി പ്രാകൃതമായ വേട്ടയാടലുണ്ടാവില്ലെന്ന് മന്ത്രി പറഞ്ഞു. മെച്ചപ്പെട്ട ക്യാമറകള്‍ സ്ഥാപിച്ചാവും ഇനിയങ്ങോട്ട് പരിശോധന നടത്തുക. ഒരു ജില്ലയില്‍ നൂറ് ക്യാമറകളെങ്കിലും ഇതിനായി സ്ഥാപിക്കും. ഇരുചക്രവാഹനങ്ങളിലെ രണ്ട് യാത്രക്കാര്‍ക്കും ഹൈക്കോടതി ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഹെല്‍മറ്റ് നിര്‍ബന്ധമായും ധരിക്കേണ്ടത് സംബന്ധിച്ച് ബോധവത്കരണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആര്‍ടിസിയില്‍ ശമ്പളം വൈകുന്നത് സംബന്ധിച്ച ചോദ്യത്തിന് കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധിയുണ്ടെന്നത് യഥാര്‍ത്ഥ്യമാണെന്നും എന്താണ് ചെയ്യാന്‍ സാധിക്കുക എന്ന കാര്യത്തില്‍ മുഖ്യമന്ത്രിയും ധനമന്ത്രിയുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ വ്യക്തമാക്കി. 

കെഎസ്ആര്‍ടിസിയെ കൈയ്യൊഴിയുന്ന നിലപാട് സര്‍ക്കാരിനില്ല. പരിമിതമായ സാഹചര്യങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ട് ചെയ്യാന്‍ പറ്റുന്ന പരമാവധി സഹായം സര്‍ക്കാര്‍ ചെയ്യുന്നുണ്ട്.  കെഎസ്ആര്‍ടിസിയെ സഹായിക്കുന്ന നിലപാട് സര്‍ക്കാര്‍ തുടരും എന്നാണ് പ്രതീക്ഷ. ഇക്കാര്യത്തില്‍ നാളെയോടെ വ്യക്തതയുണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശുഭപ്രതീക്ഷ കൈവിടുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. 

click me!