ദുരന്തത്തിന്റെ വേദന, രക്ഷാപ്രവര്‍ത്തനത്തിലെ സംതൃപ്തി, മേജര്‍ ജനറല്‍ വി.ടി മാത്യു മടങ്ങുന്നു

Published : Aug 05, 2024, 10:43 AM ISTUpdated : Aug 05, 2024, 11:27 AM IST
  ദുരന്തത്തിന്റെ വേദന, രക്ഷാപ്രവര്‍ത്തനത്തിലെ സംതൃപ്തി,  മേജര്‍ ജനറല്‍ വി.ടി മാത്യു മടങ്ങുന്നു

Synopsis

മേജർ ജനറലിന് നാടിന്‍റെ  സ്നേഹവും ആദരവും അറിയിച്ച് ജില്ലാ കളക്ടര്‍ ഡി. ആര്‍. മേഘശ്രീ യാത്രയയപ്പ് നല്‍കി.

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മേജര്‍ ജനറല്‍ വി.ടി മാത്യു നൂറുകണക്കിനാളുകള്‍ക്ക് രക്ഷനേടാന്‍ വഴി തുറന്നതിന്റെചാരിതാര്‍ത്ഥ്യത്തില്‍ മടങ്ങുന്നു. മലയാളിയായ മേജര്‍ ജനറലിന് നാടിന്റെ സ്‌നേഹവും ആദരവും അറിയിച്ച് ജില്ലാ കളക്ടര്‍ ഡി. ആര്‍. മേഘശ്രീ യാത്രയയപ്പ് നല്‍കി. വയനാട്ടില്‍നിന്ന് പോവുന്നുവെങ്കിലും ബംഗളുരുവിലുള്ള കേരള -കര്‍ണാടക ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നിന്ന് ജില്ലയിലെ രക്ഷാപ്രവര്‍ത്തനങ്ങളും തെരച്ചിലും തുടര്‍ന്നും അദ്ദേഹം നിരീക്ഷിക്കും. ആവശ്യമുണ്ടെങ്കില്‍ വീണ്ടും ജില്ലയില്‍ എത്തുമെന്നും മേജര്‍ ജനറല്‍ വി.ടി മാത്യു പറഞ്ഞു. 

ഉരുള്‍പൊട്ടല്‍ നടന്ന ഉടന്‍ തന്നെ പോലീസ്, ഫയര്‍ഫോഴ്‌സ്, എന്‍.ഡി.ആര്‍.എഫ് തുടങ്ങി വിവിധ സേനാ വിഭാഗങ്ങള്‍ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ജൂലൈ 30-ന് ഉച്ചയ്ക്ക് 12.30 -നാണ് വിവിധ സൈനിക സേനാ വിഭാഗങ്ങള്‍ എത്തുന്നത്. ആദ്യഘട്ടത്തില്‍ തന്നെ സൈന്യം നിരവധി പേരെ രക്ഷിച്ചു. ജൂലൈ 31 -നാണ് കേരള കര്‍ണാടക ജി.ഒ.സി (ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ്) മേജര്‍ ജനറല്‍ വി.ടി. മാത്യു വരുന്നതും രക്ഷാ ദൗത്യത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നതും. 500 -ഓളം വരുന്ന സേനാംഗങ്ങളില്‍ മദ്രാസ് എഞ്ചിനീയറിങ് ഗ്രൂപ്പിലെ ബെയ്ലി പാലം നിര്‍മ്മിക്കുന്നതില്‍ അതിവിദഗ്ധരായ സൈനികരും ഉള്‍പ്പെട്ടിരുന്നു. ആദ്യദിനം മുന്നൂറോളം പേരെയാണ് ദുരന്തമുഖത്ത് നിന്ന് സൈന്യം രക്ഷപ്പെടുത്തിയത്. ഉടന്‍തന്നെ ബെയ്ലി പാല നിര്‍മ്മാണവും ആരംഭിച്ചു. ഇതോടൊപ്പം അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിന് നടപ്പാലവും നിര്‍മ്മിച്ചു. അന്നുമുതല്‍ രക്ഷാപ്രവര്‍ത്തനത്തിന് മുമ്പില്‍ ഉണ്ടായിരുന്നത് മലയാളിയായ മേജര്‍ ജനറല്‍ വി.ടി മാത്യു ആയിരുന്നു. രാപകലില്ലാതെ മുഴുവന്‍ സേനാംഗങ്ങള്‍ക്കുമൊപ്പം അദ്ദേഹം കഠിനപ്രയത്നം നടത്തി. ഏകദേശം 500 പേരെയാണ് രണ്ട് ദിവസം കൊണ്ട് സൈന്യം രക്ഷപ്പെടുത്തിയത്. 500 സൈനികര്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

പ്രതികൂല കാലവസ്ഥയില്‍ തീരെ പരിചയമില്ലാത്ത സ്ഥലമായിട്ടു കൂടി കൂടുതല്‍ പേരെ രക്ഷപ്പെടുത്തിയ രക്ഷാദൗത്യം വിജയിപ്പിക്കാന്‍ സാധിച്ചതില്‍ ഏറെ സംതൃപ്തിയുണ്ടെന്ന് വി.ടി മാത്യു പറഞ്ഞു. ദേശീയ ദുരന്തനിവാരണ സേന (എന്‍.ഡി.ആര്‍.എഫ്), സിവില്‍ ഡിഫന്‍സ് ഉള്‍പ്പെടെ ഫയര്‍ഫോഴ്‌സ്, പോലീസ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്, ഇന്ത്യന്‍ സേനയുടെ വിവിധ വിഭാഗങ്ങളായ മിലിറ്ററി എന്‍ജിനീയറിങ് ഗ്രൂപ്പ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനീയേഴ്‌സ് ബ്രാഞ്ച്, ടെറിട്ടോറിയല്‍ ആര്‍മി, ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സ്, നേവി, കോസ്റ്റ് ഗാര്‍ഡ്, തമിഴ്‌നാട് ഫയര്‍ഫോഴ്‌സ്, ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ ഡെല്‍റ്റ സ്‌ക്വാഡ്, കേരള പൊലീസിന്റെ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍, വനം വകുപ്പ്, നാട്ടുകാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ സേവനം രക്ഷാപ്രവര്‍ത്തനത്തിന് സഹായകമായി. ആദ്യഘട്ടത്തില്‍ ജീവന്‍ പോലും പണയപ്പെടുത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

1999 -ല്‍ ഒറീസയിലുണ്ടായ ചുഴലിക്കാറ്റ് ദുരന്തത്തിനുശേഷം ഇത്ര വലിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടില്ല എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ വയനാട് ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. കുട്ടികളും പ്രായമായവരും സ്ത്രീകളും യുവാക്കളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ മരിച്ചതില്‍ ഏറെ ദുഃഖമുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ എല്ലാ സേനാംഗങ്ങളും പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി ജില്ലയിലെ തൊടുപുഴ ഏഴുമുട്ടത്ത് പരേതനായ മാത്യു മാളിയേക്കല്‍, റോസക്കുട്ടി മാത്യു മാളിയേക്കല്‍ എന്നിവരുടെ മകനായാണ് മേജര്‍ ജനറല്‍ വി.ടി മാത്യുവിന്റെ ജനനം. ഭാര്യ മിനി. മകള്‍ പിഫാനി സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ്. മകന്‍ മെവിന്‍ ദില്ലിയില്‍ ബി ടെക് വിദ്യാര്‍ത്ഥി. പതിനൊന്നാം ക്ലാസ് വരെ തിരുവനന്തപുരം സൈനിക സ്‌കൂളിലായിരുന്നു പഠനം. പിന്നീട് പുനെയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ പഠനവും പരിശീലനവും. തുടര്‍ന്ന് ഇന്ത്യന്‍ മിലിറ്ററി അക്കാദമിയില്‍ പരിശീലനം. മദ്രാസ് റെജിമെന്റിലാണ് ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്നത്. പാക്കിസ്ഥാന്‍ അതിര്‍ത്തിയിലും ചൈന അതിര്‍ത്തിയിലും കമാന്‍ഡിങ് ഓഫീസറായി ജോലി ചെയ്തിട്ടുണ്ട്. 2021 -ല്‍ രാഷ്ട്രപതിയുടെ യുദ്ധ സേവാ മെഡലും 2023 -ല്‍ രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവാ മെഡലും നേടിയിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളായ സുഡാനിലും കോംഗോയിലും യു.എന്‍ സമാധാന സേനയുടെ ഭാഗമായി രണ്ടു വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
 

PREV
Read more Articles on
click me!

Recommended Stories

കൂർമബുദ്ധിക്കാരൻ രാമൻപിള്ള വക്കീൽ; ദിലീപിൻ്റെ അഭിഭാഷകൻ; നിയമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകൻ
ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ