Mullaperiyar : മുല്ലപ്പെരിയാറിൽ പ്രതിഷേധം;മുന്നറിയിപ്പില്ലാതെ തുറന്ന പത്ത് ഷട്ടറിൽ എട്ടെണ്ണം അടച്ചു

By Web TeamFirst Published Dec 2, 2021, 9:59 AM IST
Highlights

പ്രതിഷേധം കനത്തതോടെ  തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് തമിഴ്നാട് കുറച്ചു. ഉയർത്തിയ പത്ത് ഷട്ടറുകളിൽ എട്ടെണ്ണം അടച്ചു. 
30 സെന്റിമീറ്റർ വീതം രണ്ട് ഷട്ടറുകൾ ഇപ്പോഴും ഉയർത്തിയിട്ടുണ്ട്. സെക്കന്റിൽ 841 ഘനയടിയോളം വെള്ളം ഒഴുക്കും

മുല്ലപ്പെരിയാർ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ (mullaperiyar dam)പത്ത് സ്പിൽവെ ഷട്ടറുകൾ (shutters)പുലർച്ചെ തുറന്നു. ഷട്ടറുകൾ 60 സെന്റി മീറ്റർ വീതം ഉയർത്തി. സെക്കന്റിൽ 8000 ഘനയടിയോളം വെള്ളമാണ് ഒഴുക്കിവിട്ടത് . ഒരു മുന്നറിയിപ്പുമില്ലാതെയാണ് തമിഴ്നാട് സ്പിൽവെ ഷട്ടറുകൾ തുറന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

ഈ സീസണിൽ ആദ്യമായാണ് ഇത്രയധികം വെള്ളം തുറന്നു വിടുന്നത്. മുൻകൂട്ടി അറിയിക്കാത്തതിൽ വള്ളക്കടവിൽ നാട്ടുകാർ പ്രതിഷേധവുമായി രം​ഗത്തെത്തി. പെരിയാർ തീരത്തെ ജലനിരപ്പ് ഉയർന്ന് തുടങ്ങിയതും ആശങ്കയാണ്.

പ്രതിഷേധം കനത്തതോടെ  തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് തമിഴ്നാട് കുറച്ചു. ഉയർത്തിയ പത്ത് ഷട്ടറുകളിൽ എട്ടെണ്ണം അടച്ചു. 
30 സെന്റിമീറ്റർ വീതം രണ്ട് ഷട്ടറുകൾ ഇപ്പോഴും ഉയർത്തിയിട്ടുണ്ട്. സെക്കന്റിൽ 841 ഘനയടിയോളം വെള്ളം ഒഴുക്കും

 കടശ്ശിക്കാട് ആറ്റോരം മഞ്ചുമല ആറ്റോരം എന്നിവിടങ്ങളിൽ ആയി പത്തു വീടുകളിൽ വെള്ളം കയറി.പന്ത്രണ്ടു വീടുകളുടെ മുറ്റത്ത് വെള്ളം എത്തി.മുല്ലപ്പെരിയാർ മുന്നറിയിപ്പില്ലാതെ തുറന്നത് ധിക്കാരപരമായ നടപടിയെന്ന് പീരുമേട് എം എൽ എ വാഴൂർ സോമൻ പ്രതികരിച്ചു. 11 മണിക്ക് സർവ കക്ഷി യോഗം ചേർന്ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേ​ഹം പറഞ്ഞു.

ഇതിനിടെ മുല്ലപ്പെരിയാർ വള്ളക്കടവിൽ സിപിഎം പ്രതിഷേധം സംഘടിപ്പിച്ചു. തമിഴ് നാട് മുന്നറിയിപ്പ് നൽകാതെ ഷട്ടർ തുറന്നതിൽ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധ പ്രകടനം. ദേശീയപാത ഉപരോധവും സംഘടിപ്പിച്ചു

മുന്നറിയിപ്പില്ലാതെ വെള്ളം തുറന്ന് വിടരുതെന്ന് കേരള സർക്കാർ പലവട്ടം തമിഴ്നാടിനോട് ആവശ്യപ്പെട്ടതാണ് . മുൻകൂട്ടി അറിയിപ്പ് കിട്ടിയാൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതടക്കം മുൻകരുതലുകളെടുക്കാൻ സർക്കാരിനാകും. 
 

click me!