സ്വപ്നയുടെ രഹസ്യമൊഴിയിലെ വിവരങ്ങള്‍ പുറത്തായ സംഭവം; കസ്റ്റംസ് കമ്മീഷണര്‍ക്ക് എജിയുടെ നോട്ടീസ്

By Web TeamFirst Published Mar 9, 2021, 1:53 PM IST
Highlights

കോടതി അലക്ഷ്യ നടപടികൾ സ്വീകരിക്കാതിരിക്കാൻ കാരണം കാണിക്കണമെന്ന് നിർദ്ദേശിച്ചണ് എജി, കസ്റ്റംസ് കമ്മീഷണർക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.

കൊച്ചി: മുഖ്യമന്ത്രിയ്‍ക്കെതിരായ  സ്വപ്‍ന സുരേഷിന്‍റെ രഹസ്യമൊഴി പുറത്ത് വന്ന സംഭവത്തിൽ  കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറിനെതിരെ  സിപിഎം നിയമ നടപടിയ്ക്ക്. കോടതിയലക്ഷ്യ  കേസ് നൽകാൻ അനുമതി തേടി സിപിഎം നൽകിയ പരാതിയിൽ അഡ്വക്കറ്റ് ജനറൽ കസ്റ്റംസ് കമ്മീഷണറുടെ വിശദീകരണം തേടി. ഇതിനിടെ സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയ്‍ക്കെതിരെ മൊഴി നൽകാൻ  ഇഡി ഉദ്യോഗസ്ഥൻ  സ്വപ്ന സുരേഷിനെ  നിർബന്ധിച്ചെന്ന് മൊറ്റൊരു പോലീസ് ഉദ്യോഗസ്ഥകൂടി ക്രൈംബ്രാ‌ഞ്ചിന് മൊഴി നൽകി.

ഡോളർ കടത്തിൽ  മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എന്നിവർക്ക് നേരിട്ട് പങ്കുണ്ടെന്ന  സ്വപ്ന സുരേഷ് രഹസ്യ മൊഴിയുടെ വിശദാംശങ്ങൾ  കസ്റ്റസ് ഹൈക്കോടതിയിൽ നൽകിയതിന് പിറകെയാണ് സിപിഎം കസ്റ്റംസ് പോര് തുടങ്ങുന്നത്. കസ്റ്റംസ് മേഖലാ ഓഫീസുകളിലേക്ക് മാർച്ച്  നടത്തിയ സിപിഎമ്മിനോട് ഭീഷണി വിലപ്പോവില്ലെന്നായിരുന്നു സുമിത് കുമാറിന്‍റെ മറുപടി. ഇതിന് പിറെകയാണ് കസ്റ്റംസ് കമ്മീഷണർക്കെതിരായ നിയമ നടപടിയും.  മജിസ്ട്രേറ്റിന്   നൽകിയ രഹസ്യമൊഴി പുറത്ത് വടുന്നത് കോടതിയലക്ഷ്യമാണെന്നാണ് സിപിഎം വാദം. 

ഇക്കാര്യത്തിൽ നിയമ നടപടി സ്വീകരിക്കാൻ അനുമതി തേടി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എംജെ ജേക്കബ് ആണ് അഡ്വക്കേറ്റ് ജനറലിന് പരാതി നൽകിയത്. ഈ പരാതിയിൽ ആണ് അഡ്വക്കേറ്റ് ജനറൽ കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ അടക്കമുള്ളവരോട് വിശദീകരണം തേടിയത്. കോടതിയലക്ഷ്യ കേസിൽ തുടർന്നപടി സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ഈ മാസം 16ന്  മുൻപ് നേരിട്ടോ അഭിഭാഷകൻ മുഖേനെയോ മറുപടി നൽകണം. ഈ മറുപടി തൃപ്തികരമല്ലെങ്കിൽ കോടതിയലക്ഷ്യ കേസുമായി മുന്നോട്ട് പോകാൻ സിപിഎം നേതാവിന് എജി അനുമതി നൽകും. 

ഇതിനിടെ ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയ്ക്കെതിരെ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ സ്വപ്നയെ നിർബന്ധിച്ചെന്ന് മറ്റൊരു പോലീസ് ഉദ്യോഗസ്ഥ കൂടി വെളിപ്പെടുത്തി. സെൻട്രൽ സ്റ്റേഷനിലെ റജിമോൾ ആണ് ക്രൈംബ്രാ‌ഞ്ച് സംഘത്തിന് മൊഴി നൽകിയത്. സ്വപ്നയുടെ  ലോക്കറിൽ നിന്ന് കണ്ടെത്തിയ പണം ശിവശങ്കർ നൽകിയതാണെന്നും ശിവശങ്കറിന് ഈ പണം മുഖ്യമന്ത്രി കൈമാറിയതാണെന്ന് പറയാൻ ഇഡി ഉദ്യോഗസ്ഥൻ  നിർബന്ധിച്ചെന്നും റജിമോളുടെ മൊഴിയിലുണ്ട്. 

സ്വപ്‍ന സുരേഷിന്‍റെ ശബ്ദരേഖ ചോർന്ന സംഭവം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനാണ് മൊഴി നൽകിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ഇഡി ഉദ്യോഗസ്ഥനെതിരെ കേസ് എടുക്കാനാകുമോ എന്ന് ക്രൈംബ്രാ‌ഞ്ച് നിയമോപദേശം തേടിയിട്ടുണ്ട്. കസ്റ്റഡിയിലിരിക്കെ സ്വപ്ന  സുരേഷിന്‍റെ ശബ്ദരേഖ പുറത്ത് വന്ന സംഭവത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥയാണ് റജിമോൾ.


 

click me!