
കൊച്ചി: ബ്രഹ്മപുരത്തു വീണ്ടും തീപിടുത്തം. സെക്ടർ ഒന്നിലാണ് തീപിടിത്തം ഉണ്ടായത്. രണ്ടു ഫയർ യൂണിറ്റുകൾ തീ കെടുത്താൻ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ബ്രഹ്മപുരത്തുണ്ടായ തീപിടുത്തം ജനജീവിതം ദുസ്സഹമാക്കിയിരുന്നു. 12 ദിവസത്തെ കൂട്ടായ പരിശ്രമങ്ങള്‍ക്കൊടുവില്‍ ആണ് ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും പുകയും പൂര്‍ണമായി ശമിപ്പിക്കാനായത്. തുടർന്ന് ആരോഗ്യ പരിശോധന അടക്കം നടത്തിയിരുന്നു.
അൽപസമയം മുമ്പാണ് ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിൽ തീയുള്ളതായി അധികൃതരുടെ ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ അവിടെയുണ്ടായിരുന്ന ഫയർ യൂണിറ്റുകൾ പ്രവർത്തനം തുടങ്ങി. ബ്രഹ്മപുരത്ത് വൻതോതിൽ തീപിടുത്തം ഉണ്ടായതിന് ശേഷം വൻജാഗ്രതയാണ് അധികൃതർ പ്രദേശത്ത് പുലർത്തുന്നത്. തീയുണ്ടെന്ന് തിരിച്ചറിഞ്ഞ ഉടനെ തീയണക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
നിലവിൽ രണ്ട് യൂണിറ്റ് ഫയർഫോഴ്സാണ് തീയണക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സെക്ടർ ഒന്നിൽ വലിയ തോതിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിന്റെ അടിയിൽ നിന്നാണ് തീ ഉയർന്നതെന്നാണ് വിവരം. കഴിഞ്ഞ തവണ ഉണ്ടായ തീപിടുത്തം ഏറെ ദിവസങ്ങൾ നീണ്ടുനിന്നിരുന്നു. എന്നാൽ ഇന്ന് ഉണ്ടായത് ചെറിയ തീപിടുത്തമാണെന്നും വളരെ വേഗം തീയണക്കാൻ കഴിയുമെന്നുമാണ് തൃക്കാക്കര ഫയർ ഓഫീസർ അറിയിച്ചിരിക്കുന്നത്. രണ്ട് യൂണിറ്റ് നിലവിൽ അവിടെയുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ യൂണിറ്റുകളെ എത്തിക്കുമെന്നും ആശങ്ക വേണ്ടെന്നും ഫയർ ഓഫീസർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam