മുത്തൂറ്റ് ചർച്ച വീണ്ടും പരാജയം: പിരിച്ചുവിട്ടവരെ തിരിച്ചെടുക്കില്ലെന്ന് മാനേജ്മെന്‍റ്, സമരം തുടരും

By Web TeamFirst Published Mar 3, 2020, 5:56 PM IST
Highlights

മുത്തൂറ്റ് മാനേജ്മെന്റ് ചർച്ച അട്ടിമറിക്കുകയാണെന്ന് സിഐടി ആരോപിച്ചു. മാർച്ച് ഒമ്പതിന് മൂത്തൂറ്റ് എംഡിയുടെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്നും സിഐടി.

കൊച്ചി: സമരം തുടരുന്ന മുത്തൂറ്റ് ഫൈനാൻസിലെ തൊഴിൽ തർക്കം പരിഹരിക്കാൻ ഹൈക്കോടതി വിളിച്ച ഒത്തുതീർപ്പ് ചർച്ച വീണ്ടും പരാജയപ്പെട്ടു. പിരിച്ചു വിട്ട സിഐടിയു പ്രവർത്തകരെ തിരിച്ചെടുക്കാൻ ആകില്ലെന്ന് മാനേജ്മെന്റ് നിലപാട് എടുത്തതോടെ ആണ് ചർച്ച പരാജയപ്പെട്ടത്. ഇക്കാര്യം വ്യക്തമാക്കി ലേബർ കമ്മീഷനേർക്ക് മുത്തൂറ്റ് മാനേജ്മെന്റ് കത്ത് നൽകി. ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്റെ സാന്നിധ്യത്തിൽ ആയിരുന്നു ചർച്ച.

മാനേജ്‍മെന്റ് കോടതി നിർദ്ദേശം പോലും അട്ടിമറിക്കുകയാണെന്നും സമരം ശക്തമാക്കുമെന്നും സിഐടിയു നേതാക്കൾ വ്യക്തമാക്കി. പ്രതിഷേധ സൂചകമായി ഈ മാസം ഒമ്പതിന് മുത്തൂറ്റ് എം ഡി യുടെ വീട്ടിലേക്ക് മാർച്ചു നടത്താനും സിഐടിയു തീരുമാനിച്ചു. എന്നാ,ൽ പ്രശ്നം പരിഹരിക്കാൻ ശ്രമം തുടരുമെന്നും എംഡി അടക്കമുള്ളവരോട് 19ന് നടക്കുന്ന ചർച്ചയിൽ പങ്കെടുക്കാൻ ആവശ്യപ്പെടുമെന്നും ലേബർ കമ്മീഷണർ തൊഴിലാളി നേതാക്കളെ അറിയിച്ചു. ഹൈക്കോടതി  നിർദ്ദേശപ്രകാരം നാലാം തവണയാണ് ഒത്തുതീർപ്പ് ചർച്ച നടന്നത്.

Read more: മുത്തൂറ്റ് ഫിനാൻസിന്റെ ബ്രാഞ്ചില്‍ അക്രമം; വനിതാ മാനേജരുടെ ദേഹത്ത് മീൻ വെള്ളം ഒഴിച്ച് സമരക്കാർ

മുത്തൂറ്റ് ഫിനാൻസിന്‍റെ 43 ശാഖകൾ പൂട്ടുകയും 167 ജീവനക്കാരെ പിരിച്ചു വിടുകയും ചെയ്തതിന് എതിരെയാണ് സിഐടിയുവിന്‍റെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്. മധ്യസ്ഥന്റെ സാന്നിധ്യത്തിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്ന്‌ ഒത്തുതീർപ്പ്‌ ചർച്ചകൾ നടത്തിയപ്പോഴുമുള്ള മാനേജ്‌മെന്റിന്‍റെ കടുംപിടിത്തം ഇപ്പോഴും തുടരുകയാണ്. പിരിച്ചുവിട്ടപ്പെട്ടവരോട്‌ മാനുഷിക പരിഗണന കാണിക്കണമെന്നും സമരം ഒത്തുതീർക്കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതി പ്രശ്‌നത്തിൽ ഇടപെട്ടത്. എന്നാൽ, പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാനാവില്ലെന്ന നിലപാട്‌ ആവർത്തിച്ച്‌ ഒത്തുതീർപ്പുനീക്കങ്ങളെ തകർക്കാനാണ്‌ മാനേജ്‌മെന്റ്‌ ശ്രമിച്ചത്‌.

Read more: 'ഈ കല്ല് എന്‍റപ്പന്‍റെ ദേഹത്ത് കൊണ്ടെങ്കിലോ?', ആസൂത്രിത അക്രമമെന്ന് മുത്തൂറ്റ് എംഡിയുടെ മകൻ

click me!