
കൊച്ചി: കൊവിഡ് 19 നിരീക്ഷണത്തിലുള്ള യുവാവ് ഐസോലേഷൻ വാർഡിൽ നിന്നും കടന്ന് കളഞ്ഞെന്ന ആരോപണം തള്ളി കളമശ്ശേരി മെഡിക്കൽ കോളേജ്. തായ്‍ലൻഡിൽ നിന്നും വന്ന യുവാവ് പ്രാഥമിക പരിശോധന മുറിയിൽ നിന്ന് ഇറങ്ങി പോവുകയാണുണ്ടായത്. മെഡിക്കൽ സംഘത്തിന്‍റെ ആവശ്യപ്രകാരം വീട്ടിൽ നിന്ന് തിരികെ എത്തിയ യുവാവ് ഇപ്പോള്‍ ഐസോലേഷൻ വാർഡിൽ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിക്കായിരുന്നു സംഭവം. തായ്‍ലൻഡിൽ നിന്നുമെത്തിയ യുവാവിനെ മൂക്കൊലിപ്പിനെയും തൊണ്ടവേദനയെയും തുടർന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലെത്തിച്ചു. പ്രാഥമിക പരിശോധന മുറിയിൽ നഴ്സുമാർ വിവരങ്ങൾ ചോദിച്ച് അറിയുന്നതിനിടയിൽ രോഗി നിസ്സഹകരണം കാണിച്ച് തുടങ്ങി.
കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി പറയാൻ തയ്യാറാകാതെ ബാഗുമെടുത്ത് ഇയാൾ മുറിക്ക് പുറത്തേക്ക് പോകുകയായിരുന്നു. തുടര്‍ന്നാണ്, കൊവിഡ് 19 നിരീക്ഷണത്തിലുള്ള യുവാവ് ഐസോലേഷൻ വാർഡിൽ നിന്നും കടന്ന് കളഞ്ഞെന്ന തരത്തിലുള്ള പ്രചാരണങ്ങളുണ്ടായത്. ഇയാളെ കണ്ടെത്താൻ ജില്ലാ മെഡിക്കൽ ഓഫീസർ പൊലീസിനും,ജില്ലാ കളക്ടർക്കും പരാതി നൽകിയിരുന്നു.
എന്നാല്‍, വൈകിട്ടോടെ മുപ്പത്തടത്തെ വീട്ടിൽ നിന്ന് ഇയാൾ ആശുപത്രിയിലേക്ക് മടങ്ങി എത്തി. പേടികാരണമാണ് വീട്ടിൽ പോയതെന്നാണ് ഡോക്ടർമാരോട് ഇയാൾ വിശദീകരിച്ചത്. ഇയാളുടെ പരിശോധന ഫലം അടുത്ത ദിവസം ലഭിക്കും.
രോഗലക്ഷണങ്ങൾ സംശയിച്ച് പ്രതിദിനം കുറഞ്ഞത് അഞ്ച് പേരാണ് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് എത്തുന്നത്. പ്രാഥമിക പരിശോധനക്ക് ശേഷം ചിലർ മടങ്ങും. കൂടുതൽ ഗുരുതരമായ രോഗലക്ഷണങ്ങളുള്ളവരെയാണ് ഐസോലേഷൻ വാർഡിലേക്ക് മാറ്റുന്നത്. ജനുവരി 24 മുതൽ 25 പേരെയാണ് രോഗം സംശയിച്ച് കളമശ്ശേരിയിലെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്.
Read Also: കൊവിഡ്19: സംസ്ഥാനത്തിന്‍റെ സാമ്പത്തികനിലയെ പ്രതികൂലമായി ബാധിക്കുമെന്ന് തോമസ് ഐസക്
*Representational Image
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam