
തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെതിരെ സമരത്തിനിറങ്ങേണ്ട സമയമായെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആദ്യത്തെ കുറച്ചു നാളുകൾ ഒന്നും പറയണ്ട എന്ന് കരുതി ഇരുന്നു. പക്ഷെ ഇതൊക്കെ കാണുമ്പോൾ എങ്ങനെ പറയാതിരിക്കുമെന്നും പ്രക്ഷോഭങ്ങളും സമരങ്ങളും തുടങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വെഞ്ഞാറമൂട് ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈഫ് പദ്ധതിയുടെ അവസ്ഥ എന്താണെന്ന് ആർക്കുമറിയില്ല. പുതിയ സർക്കാർ പൂർണമായും കൈയൊഴിഞ്ഞു. സ്ത്രീ സുരക്ഷ പദ്ധതി തുടർ നടപടി ഒന്നും ഇല്ല. 16 ലക്ഷം സ്ത്രീകൾ സർക്കാരിനെതിരെ അണി നിരക്കും. നാടാകെ ലോഡ് ഷെഡ്ഡിങ്ങാണ്. മുമ്പ് നല്ല മാനേജ്മെന്റ് ആയിരുന്നു. സർക്കാരിന്റെ പിടിപ്പ് കേടാണ് വിഷയത്തിൽ കാണുന്നത്. മുൻകരുതൽ ഇല്ല. മഴ കുറയുന്നത് ഇപ്പോൾ മാത്രം അല്ലെന്നും മുന്നേയും ഉണ്ടായിട്ടുണ്ടെന്നും അന്നൊന്നും ലോഡ് ഷെഡിങ് ഉണ്ടായിരുന്നില്ലെന്നും പിണറായി വ്യക്തമാക്കി. വിഴിഞ്ഞത്ത് യുഡിഫിന്റെ നീക്കം ദുരൂഹതയാണെന്നും അദ്ദേഹം പറഞ്ഞു.
2026 ഫെബ്രുവരി പുതിയ വഖഫ് ബോർഡ് നിലവിൽ വന്നപ്പോൾ രണ്ട് അമുസ്ലിങ്ങളെ ഉൾപ്പെടുത്താൻ എൽഡിഎഫ് തയാറായില്ല. എൽഡിഎഫ് നിയമപോരാട്ടത്തിന് പോയി. എന്നാൽ, ഈ ബോർഡ് പിരിച്ചു വിടണം എന്നാണ് യുഡിഎഫ് അഡ്വക്കേറ്റ് ജനറൽ പറയുന്നത്. സംഘപരിവാറിന് കീഴടങ്ങലാണിത്. തമിഴ്നാട്ടിൽ ബോർഡ് അമുസ്ലിങ്ങൾ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. യുഡിഫ് സംഘപരിവാറിന് കീഴടങ്ങി. ലീഗിന്റെ മന്ത്രി അധികാരത്തിൽ എത്തിയപ്പോൾ സംഘപരിവാറിന് കീഴടങ്ങുന്ന സ്ഥിതി വന്നുവെന്നും പിണറായി പറഞ്ഞു.
കേരളത്തിലെ മതനിരപേക്ഷത കാത്തുസൂക്ഷിക്കാൻ നമുക്ക് കഴിഞ്ഞിരുന്നു. കഴിഞ്ഞ 10 വർഷം വർഗീയ കലാപങ്ങൾ കേരളത്തിൽ ഉണ്ടായില്ല. വർഗീയ സംഘർഷങ്ങളും ഉയർന്നുവന്നില്ല. അതിന്റെ കാരണം എൽഡിഎഫിന്റെ വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരുന്നു. യുഡിഎഫ് അധികാരത്തിലേറി സത്യപ്രതിജ്ഞ ചടങ്ങിൽ പോലും സംഘപരിവാറിന്റെ മുന്നിലുള്ള യുഡിഎഫിന്റെ സാഷ്ടാംഗ പ്രണാമം നാം കണ്ടു. വന്ദേ മാതരം ചൊല്ലിയതിനെ പറ്റി കേന്ദ്രത്തിനെതിരെ അര വാക്ക് പോലും ശബ്ദിക്കാൻ ഇപ്പോഴത്തെ സർക്കാരിന് കഴിയുന്നില്ല. കേന്ദ്രസർക്കാരിനെതിരെ വാക്കിലോ നോക്കിലോ വിമർശിക്കാൻ കൂട്ടാക്കാത്ത നയപ്രഖ്യാപനം കേരളത്തിൽ നടന്നത്. രാജ്യത്തെ ഹിന്ദുത്വ ശക്തികൾ മുന്നോട്ട് വെക്കുന്ന നടപടികൾ കേരളത്തിലും ഉണ്ടാകുന്നുവെന്നും പിണറായി ആരോപിച്ചു.
രാജ്യത്തിനെ സംബന്ധിച്ച പ്രധാനപ്പെട്ട ദിവസമാണെന്നും ധർമേന്ദ്ര പ്രധാന്റെ രാജി സൂചിപ്പിച്ച് പ്രതിപക്ഷ നേതാവ് പറഞ്ഞു. ബിജെപിയെ അധികാരത്തിലേറാൻ നിർഭാഗ്യവശാൽ സഹകരിച്ച ഒരു വിഭാഗം ആളുകൾ രാജ്യത്തെ ഇടത്തരക്കാർ ആയിരുന്നു. നീറ്റ് പരീക്ഷ എഴുതിയത് കൂടുതലും ഇടത്തരം കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു. ഇവരെ ആണ് വിഷയം ബാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിജെപി വലിയ മുന്നേറ്റം നടത്തി. വൈകാതെ ഇടത് യുവജന സംഘടനകളും പ്രക്ഷോഭത്തിന്റെ ഭാഗമായി. സമരം തകർക്കാൻ വഴി വിട്ട കാര്യങ്ങൾ ബിജെപി ചെയ്തു. ബിജെപിയുടെ ജനവിരുദ്ധ നടപടികൾക്ക് ജനങ്ങളെ അണിനിരത്തുന്ന നടപടികൾക്ക് സിജെപി വിജയം കാരണമാകുമെന്നും പിണറായി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam