സംസ്ഥാനത്തെ എംപിമാർക്കും എംഎൽഎമാർക്കുമെതിരായ 652 ക്രിമിനൽ കേസുകൾ നിലവിൽ തീർപ്പാകാതെ തുടരുന്നതായി ഹൈക്കോടതിയിൽ സമർപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു
കൊച്ചി: സംസ്ഥാനത്തെ എംപിമാർക്കും എംഎൽഎമാർക്കുമെതിരായ 652 ക്രിമിനൽ കേസുകൾ നിലവിൽ തീർപ്പാകാതെ തുടരുന്നതായി ഹൈക്കോടതിയിൽ സമർപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു. ജില്ലാ ജുഡീഷ്യറി രജിസ്ട്രാറും പൊലീസും നൽകിയ വിവരങ്ങളിലാണ് ഇതു വ്യക്തമാക്കുന്നത്. ജനപ്രതിനിധികൾ ഉൾപ്പെട്ട കേസുകളിൽ നടപടികൾ വൈകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഹൈക്കോടതി പരിശോധിച്ചു. ചില കേസുകളിൽ ജനപ്രതിനിധികൾക്ക് സമൻസും വാറന്റും നൽകിയിട്ടുണ്ടെങ്കിലും അതേ കേസുകളിലെ കൂട്ടുപ്രതികൾക്ക് അവ നൽകാൻ കഴിഞ്ഞിട്ടില്ലെന്ന് രജിസ്ട്രി കോടതിയെ അറിയിച്ചു. ഇത്തരത്തിൽ സമൻസ് അല്ലെങ്കിൽ വാറന്‍റ് നൽകാൻ കഴിയാതെ വന്ന സാഹചര്യങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവിയോട് കോടതി നിർദേശിച്ചു.
ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. ജനപ്രതിനിധികൾക്കെതിരായ ക്രിമിനൽ കേസുകളുടെ പുരോഗതി നിരീക്ഷിക്കുന്നതിനായി സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്ന് 2021ൽ ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജിയിലാണ് ഇപ്പോഴത്തെ നടപടികൾ. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് വിചാരണ സ്റ്റേ ചെയ്തിട്ടുള്ള കേസുകളുണ്ടെങ്കിൽ അവയുടെ വിവരങ്ങൾ അറിയിക്കാനും രജിസ്ട്രിക്ക് നിർദേശം നൽകിയിട്ടുണ്ട്.
പഴക്കമുള്ള കേസുകളിലും നടപടികൾ പൂർത്തിയാകാത്ത സാഹചര്യമുണ്ട്. രണ്ടു വർഷത്തിലേറെ പഴക്കമുള്ള 30 കേസുകളിലും അഞ്ച് വർഷത്തിലധികം പഴക്കമുള്ള 14 കേസുകളിലും സമൻസ്/വാറന്റ് നൽകാനുണ്ട്. അഡീഷനൽ ചീഫ് സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ, അഞ്ച് വർഷത്തിലധികം പഴക്കമുള്ള നാല് കേസുകളിലും രണ്ട് വർഷത്തിലധികം പഴക്കമുള്ള 13 കേസുകളിലും സമൻസ് നൽകാനുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. കേസുകളുടെ പുരോഗതിയും ബന്ധപ്പെട്ട റിപ്പോർട്ടുകളും പരിശോധിക്കുന്നതിനായി വിഷയം 29ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.



