കുട്ടനാട്ടിൽ വീണ്ടും മടവീഴ്ച: കൈനകരിയും അപ്പർ കുട്ടനാടും വെള്ളത്തിൽ, 550 ഏക്കർ കൃഷി നശിച്ചു

By Web TeamFirst Published Aug 11, 2019, 6:09 PM IST
Highlights

കൈനകരി പഞ്ചായത്തിലാണ് അതിരൂക്ഷമായ മടവീഴ്ചയുണ്ടായത്. 550 ഏക്കറിലധികം പാടത്തെ കൃഷി നശിച്ചു. നാലായിരത്തിലധികം പേരാണ് ആലപ്പുഴ ജില്ലയിൽ 47 ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. 

ആലപ്പുഴ: കുട്ടനാട്ടിൽ മടവീഴ്ചയെ തുടർന്ന് നാനൂറിലധികം വീടുകളിൽ വെള്ളം കയറി. കൈനകരി പഞ്ചായത്തിലാണ് അതിരൂക്ഷമായ മടവീഴ്ചയുണ്ടായത്. 550 ഏക്കറിലധികം പാടത്തെ കൃഷി നശിച്ചു. നാലായിരത്തിലധികം പേരാണ് ആലപ്പുഴ ജില്ലയിൽ 47 ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. 

ഇന്നലെ രാത്രിയോടെയാണ് കൈനകരി പഞ്ചായത്തിലെ വലിയകരി, മീനപ്പള്ളി , കനകാശ്ശേരി പാടങ്ങളിൽ മട വീണത്. ഏക്കറുകണക്കിന് പാടങ്ങളിലെ രണ്ടാംവിള കൃഷി നശിച്ചു. പാടങ്ങൾക്ക് സമീപത്തെ വീടുകളിലേക്കും വെള്ളം ഇരച്ചുകയറി. വീട്ടുപകരണങ്ങൾ അടക്കം എല്ലാം ഉയർന്ന സ്ഥാനത്തേക്ക് മാറ്റിയെങ്കിലും രക്ഷയില്ലാതെവന്നു. ഇതോടെ അവശ്യസാധനങ്ങളുമെടുത്ത് എല്ലാവരും വീടുവിട്ടിറങ്ങി.

''ഇന്നലെ വരെ ഞങ്ങൾ പണിയെടുത്ത പാടവല്ലേന്ന് കരുതി. ഞങ്ങളങ്ങനെയൊന്നും കരുതിയിരുന്നില്ല. ഇത്ര പെട്ടെന്ന് വെള്ളം കയറുമെന്ന് കരുതിയിരുന്നില്ല'', നാട്ടുകാർ പറയുന്നു. പാടശേഖരങ്ങളുടെ ബണ്ട് നിർമാണം തുടങ്ങാനിരിക്കെയാണ് മടവീഴ്ചയുണ്ടായത്.

''മഴ പെയ്യാതെ ഇതുപോലെ നിന്നാൽ വെള്ളം പമ്പ് ചെയ്തെടുക്കാം. അതല്ലെങ്കിൽ പമ്പ് ചെയ്യാനാകില്ല. പ്രതിവിധിയുള്ളത് ഈ മൂന്ന് പാടശേഖരങ്ങളുള്ള ഇടങ്ങളിലെല്ലാം പുറംബണ്ട് ശക്തിപ്പെടുത്തലാണ്'', മന്ത്രി തോമസ് ഐസക് പറയുന്നു.

ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ ആളുകളെ ആലപ്പുഴ എസ്‍ഡിവി സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റി. കൂടുതൽ പേർ ബന്ധുവീടുകളിലേക്കാണ് പോയത്. അപ്പർ കുട്ടനാട്ടിലും സ്ഥിതി വ്യത്യസ്തമല്ല. കിഴക്കൻ വെള്ളത്തിന്‍റെ വരവ് ശക്തമായതോടെ വീടുകളിൽ വെള്ളം കയറി. പുളിങ്കുന്ന്, കരുവാറ്റ, ചെറുതന എന്നിവിടങ്ങളിലും പാടങ്ങളിൽ മട വീണ് കൃഷി നശിച്ചു. ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിലൂടെ ചെറിയ വാഹനങ്ങളിലെ യാത്ര നിരോധിച്ചു. ജില്ലയിൽ ചെങ്ങന്നൂ‍ർ താലൂക്കിലാണ് കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നത്.

click me!