മരണതാഴ്വര കണ്ട് നിശബ്ദനായി രാഹുല്‍ ഗാന്ധി: കവളപ്പാറയും പോത്തുകല്ലും സന്ദര്‍ശിച്ചു

Published : Aug 11, 2019, 06:01 PM ISTUpdated : Aug 11, 2019, 09:40 PM IST
മരണതാഴ്വര കണ്ട് നിശബ്ദനായി രാഹുല്‍ ഗാന്ധി: കവളപ്പാറയും പോത്തുകല്ലും സന്ദര്‍ശിച്ചു

Synopsis

മഴയിലും ഉരുൾപ്പൊട്ടലിലും വലിയ നാശനഷ്ടമുണ്ടായ കവളപ്പാറയോട് ചേര്‍ന്ന് തയ്യാറാക്കിയ ദുരിതാശ്വാസ ക്യാമ്പാണ് പോത്തുകല്ലിലുള്ളത്. 

മലപ്പുറം: വയനാട് എംപി രാഹുല്‍ ഗാന്ധി ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയില്‍ സന്ദര്‍ശനം നടത്തി. പോത്തുകല്ല് ക്യാംപിലെത്തി ദുരിതബാധിതരെ കണ്ട രാഹുല്‍ അതിനു ശേഷം തീര്‍ത്തും അപ്രതീക്ഷതമായാണ് കവളപ്പാറയിലെത്തിയത്. അന്‍പതോളം ഭൂമിക്കടിയില്‍ കുടുങ്ങി പോയതെങ്ങനെയെന്ന് രാഹുലിന് പൊലീസ് ഉദ്യോഗസ്ഥരും കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്ന് വിശദീകരിച്ചു കൊടുത്തു. കവളപ്പാറയിലെ സ്ഥിതി അങ്ങേയറ്റം ഗുരുതരമാണെന്ന് അദ്ദേഹം പിന്നീട് ട്വിറ്ററില്‍ കുറിച്ചു.

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള അപകടമേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത് കൂടി കണക്കിലെടുത്ത് അദ്ദേഹം അഞ്ച് മിനിറ്റ് അവിടെ ചിലവിട്ട ശേഷം മടങ്ങി. തുടര്‍ന്ന് ദുരിതാശ്വാസക്യാംപായി പ്രവര്‍ത്തിക്കുന്ന മമ്പാട് എംഇഎസ് കോളേജിലും രാഹുല്‍ സന്ദര്‍ശനം നടത്തി. 

കനത്തമഴയും ഉരുൾപ്പൊട്ടലും നാശം വിതച്ച മലപ്പുറത്തെയും വയനാട്ടിലെയും ദുരിതബാധിതരെ ആശ്വസിപ്പിക്കാനായി ഇന്നു രാവിലെയാണ് സ്ഥലം എംപിയായ  രാഹുൽഗാന്ധി എത്തിയത്. മലപ്പുറത്തെ പോത്തുകല്ല് ദുരിതാശ്വാസ ക്യാമ്പിലെത്തിയ രാഹുൽ ഗാന്ധി ദുരിതബാധിതരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും അടക്കം കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും എല്ലാം രാഹുൽ ഗാന്ധിക്ക് ഒപ്പമുണ്ടായിരുന്നു. 

മഴയിലും ഉരുൾപ്പൊട്ടലിലും വലിയ നാശനഷ്ടമുണ്ടായ കവളപ്പാറയോട് ചേര്‍ന്ന് തയ്യാറാക്കിയ ദുരിതാശ്വാസ ക്യാമ്പാണ് പോത്തുകല്ലിലുള്ളത്. സമാനതകളില്ലാത്ത ദുരന്തത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട ഒട്ടേറെ പേര്‍ ഇപ്പോഴും ക്യാമ്പിൽ കഴിയുന്നുണ്ട്. അവരെ എല്ലാം നേരിൽ കണ്ട രാഹുൽഗാന്ധി വിവരങ്ങൾ ചോദിച്ചറിയുകയും ക്യാമ്പിലെ സൗകര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. 

മമ്പാട് എംഇഎസ് കോളേജിലെ ദുരിതാശ്വാസ ക്യാമ്പിലും സന്ദര്‍ശിച്ച ശേഷമാണ് രാഹുൽ ഗാന്ധി ഗസ്റ്റ് ഹൗസിൽ നടക്കുന്ന അവലോകന യോഗത്തിൽ പങ്കെടുക്കുന്നത്. പുത്തുമലയും കവളപ്പാറയും അടക്കം വയനാട് മണ്ഡലത്തിലേയും വടക്കൻ കേരളത്തിലാകെയും നിലവിലുള്ള പ്രളയ സമാനമായ സാഹചര്യം കേന്ദ്രസര്‍ക്കാരിനെ ധരിപ്പിക്കുന്നതിനടക്കം മുൻകയ്യെടുക്കുമെന്ന് രാഹുൽ ഗാന്ധി അറിയിച്ചിട്ടുണ്ട്.

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുൽ ഗാന്ധി കേരളത്തിലെത്തിയത്. വയനാട് ജില്ലയിൽ പെട്ട ദുരന്തമേഖലകളിൽ നാളെ രാഹുൽ ഗാന്ധി എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. വയനാട് ജനതക്ക് ഒപ്പമാണ് മനസ്സെന്ന് ദുരന്തം അറിഞ്ഞ ഉടനെ തന്നെ രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കടയ്ക്കാവൂരിൽ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി, പരിശോധനയിൽ സമീപത്ത് വസ്ത്രവും ചെരുപ്പും കണ്ടെത്തി
മസാല ബോണ്ട്: 'ഇഡി നടപടി നിയമ വിരുദ്ധം, നോട്ടീസ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്'; ഹൈക്കോടതിയെ സമീപിച്ച് കിഫ്ബി