
പാലക്കാട്: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അനാഥരാക്കപ്പെട്ട കുട്ടികളെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ആശുപത്രി ശൃംഖല അഹല്യ മെഡിക്കൽ ഗ്രൂപ്പ്. അഹല്യ ചിൽഡ്രൻസ് വില്ലേജുമായി ചേർന്ന് വയനാട്ടിലെ ദുരന്തമുഖത്ത് അനാഥരായി തീർന്ന കുഞ്ഞുങ്ങളെ ഏറ്റെടുക്കുമെന്നാണ് അഹല്യ മെഡിക്കൽ ഗ്രൂപ്പിൻ്റെ പ്രഖ്യാപനം. പാലക്കാട് ആസ്ഥാനമുള്ള അഹല്യ ക്യാമ്പസിലെ അഹല്യ ചിൽഡ്രൻസ് വില്ലേജിലാണ് കുട്ടികളുടെ അതിജീവനത്തിന് സൗകര്യം ഒരുക്കുക. സൗജന്യ താമസം, ഭക്ഷണം, വസ്ത്രം തുടങ്ങിയവ നൽകും. അഹല്യ സിബിഎസ്ഇ സ്കൂളിൽ തുടർ വിദ്യാഭ്യാസത്തിനും ഉപരിപഠനത്തിനായി അഹല്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തികച്ചും സൗജന്യമായി സൗകര്യമൊരുക്കുമെന്ന് ആശുപത്രി എംഡി ശ്രിയ ഗോപാൽ അറിയിച്ചു. ഈ പദ്ധതി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന കുട്ടികളുടെ ഇപ്പോഴത്തെ രക്ഷാധികാരികൾക്ക് അഹല്യ ചിൽഡ്രൻസ് വില്ലേജുമായി ബന്ധപ്പെടാവുന്നതാണെന്നും അറിയിച്ചിട്ടുണ്ട്. 9544000122 എന്ന ഫോൺ നമ്പറിൽ എംഎസ് ശരതിനെ ബന്ധപ്പെട്ട് വിവരങ്ങൾ നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam