
പാലക്കാട് : വടക്കഞ്ചേരി ആയക്കാട് സ്ഥാപിച്ച എ ഐ ക്യാമറ തകർന്നു. രാത്രി 11 മണിയോടെയെത്തിയ ഒരു വാഹനം ഇടിച്ച് ക്യാമറ സ്ഥാപിച്ച പോസ്റ്റ് മറിഞ്ഞ് വീഴുകയായിരുന്നു. ഇടിച്ച ഇന്നോവ കാര്‍ നിർത്താതെ പോയി. നിലത്തുവീണ ക്യാമറയും പോസ്റ്റും സമീപത്തെ തെങ്ങിൻ തോപ്പിലാണ് കണ്ടെത്തിയത്. വാഹനം ഇടിച്ചതിന്റെ ശക്തിയിൽ തകര്‍ന്ന് വീണ പോസ്റ്റ്, വലിച്ചിഴച്ച് തെങ്ങിൻ തോപ്പിലെത്തിച്ചതാകാമെന്നാണ് സംശയിക്കുന്നത്. ക്യാമറ സ്ഥാപിച്ച പോസ്റ്റിൽ മനപ്പൂര്‍വം വാഹനം ഇടിപ്പിച്ചതാണെന്ന് സംശയിക്കുന്നതായും വാഹനത്തെ കുറിച്ച് സൂചന ലഭിച്ചതായും വടക്കഞ്ചേരി പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം, അടൂർ ഹൈസ്കൂൾ ജംഗ്ഷനിലെ എ ഐ കാമറ സ്ഥാപിച്ചിരുന്ന പോസ്റ്റ് ടിപ്പര്‍ ഇടിച്ച് ഒടിഞ്ഞിരുന്നു. ക്യാമറക്കും കേടുപാടുണ്ടായി. കായംകുളത്ത് നിന്ന് അടൂരിലേക്ക് വന്ന ടിപ്പർലോറി ഇടിച്ചാണ് പോസ്റ്റ് ഒടിഞ്ഞത്. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
അതേ സമയം, റോഡ് ക്യാമറ വെച്ച് നാല് ദിവസം പിന്നിട്ടപ്പോൾ ഒരു ലക്ഷത്തിലേറെ ചട്ടലംഘനങ്ങൾ കണ്ടെത്തിയെങ്കിലും സാങ്കേതിക തകരാര്‍ മൂലം 3000 പേർക്ക് മാത്രമാണ് നോട്ടീസുകൾ അയച്ചത്. സാങ്കേതികപ്രശ്നങ്ങൾ തുടരുകയാണെന്നതാണ് സര്‍ക്കാരിന് മുന്നിലെ വെല്ലുവിളി. ക്യാമറയിൽ പതിഞ്ഞ ചില ദൃശ്യങ്ങളിലും, അത് വിലയിരുത്തി നോട്ടീസ് അയക്കുന്ന എൻഐസി സംവിധാനത്തിലും പ്രശ്നങ്ങളുണ്ട്.
ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റുള്ള വാഹനങ്ങളുടെ നമ്പറുകൾ മാത്രമേ വ്യക്തമായി ക്യാമറയിൽ പതിയുന്നുള്ളൂ. പഴയ രീതിയിലെ നമ്പർ പ്ളേറ്റുകളിൽ ഒരു സ്ക്രൂവോ മറ്റോ ഉണ്ടെങ്കിൽ അത് പൂജ്യമായി ക്യാമറ വിലയിരുത്തും. ദൃശ്യങ്ങൾ പരിശോധിച്ച് പരിവാഹൻ സൈറ്റിലേക്ക് മാറ്റി ഇ-ചെലാൻ അയക്കാൻ ശ്രമിക്കുമ്പോഴും പ്രശ്നമാണ്. സൈറ്റിൽ നിന്നും ഇ-ചെലാൻ ജനറേറ്റ് ചെയ്യുമ്പോൾ സീറ്റ് ബെൽറ്റില്ലാത്ത കുറ്റകൃത്യങ്ങൾക്കൊപ്പം അമിത വേഗത്തിനുള്ള കുറ്റവും വരുന്നു. അത് കൊണ്ട് കൃത്യമായി ഇ-ചെലാൻ ജനറേറ്റ് ചെയ്യുന്നതിലും തടസ്സമുണ്ട്. ഇന്നലെ ഉച്ചയോടെയാണ് ചെറിയ രീതിയിലെങ്കിലും പ്രശ്നം പരിഹരിച്ചത്. അതിനനുസരിച്ച് 3000 ചെലാനുകളാണ് ഇതുവരെ അയക്കാനായത്.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam