
തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തില്‍ മൗനം തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിക്ക് കൊല്ലത്ത് ഇന്ന് അഞ്ച് പര്പാടികളാണ് ഉണ്ടായിരുന്നത്. അഞ്ചിടത്തും എഐ ക്യാമറ വിവാദത്തെ കുറിച്ച് പിണറായി വിജയന്‍ പ്രതികരിച്ചില്ല.
ക്യാമറാ വിവാദത്തിലെ അഴിമതി ആരോപണം നേരിട്ട് മുഖ്യമന്ത്രിയിലേക്കെത്തി നില്‍ക്കുമ്പോഴും മുഖ്യമന്ത്രിയും സിപിഎം നേതാക്കളും വിഷയത്തെ കുറിച്ച് പ്രതികരിക്കുന്നില്ല. പ്രതിപക്ഷത്തിന് പറയാനുള്ളത് മുഴുവന്‍ പറയട്ടെയെന്നും വികസന പദ്ധതികള്‍ക്കെല്ലാം തുരങ്കം വച്ച മുന്‍ചരിത്രം പറഞ്ഞ് രാഷ്ട്രീയമായി നേരിടാമെന്നുമാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് വന്‍തുക മുടക്കി ക്യാമറാ പദ്ധതി നടപ്പാക്കിയതിന്‍റെ കണക്കുകളടക്കം പറഞ്ഞ് യുഡിഎഫിനെ പ്രതിരോധിക്കാനാകുമെന്നും അവര്‍ കരുതുന്നു.
എഐ ക്യാമറ ഇടപാടിന്‍റെ ക്രമക്കേടുകള്‍ ഒന്നൊന്നായി പുറത്ത് വരുമ്പോഴും മുഖ്യമന്ത്രിയും സിപിഎമ്മും മൗനം തുടരുകയാണ്. മന്ത്രി പി രാജീവ് നേരിട്ടിറങ്ങി കെല്‍ട്രോണിനെ സംരക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും എല്ലാം ഇടപാടുകളും നടത്തിയത് കെല്‍ട്രോണിന്‍റെ അറിവോടെയാണെന്ന് രേഖകള്‍ വച്ച് പ്രതിപക്ഷം കഴിഞ്ഞ ദിവസം കഴിഞ്ഞ ദിവസം തിരിച്ചടിച്ചിരുന്നു. കണ്ണൂര്‍ കേന്ദ്രീകരിച്ച കറക്കുകമ്പനികളാണ് എല്ലാം നിയന്ത്രിക്കുന്നതെന്ന് ആദ്യഘടത്തില്‍ പറഞ്ഞ പ്രതിപക്ഷം ഇപ്പോള്‍ മുഖ്യമന്ത്രിയുമായുള്ള നേരിട്ട ബന്ധം പറഞ്ഞും നിലപാട് കടുപ്പിക്കുകയാണ്.
മുഖ്യമന്ത്രിയുടെ മകന്‍റെ അമ്മായി അച്ഛന്‍റെ കമ്പനിക്കാണ് ഈ ഇടപാടിന്‍റെ ഗുണം കിട്ടിയതെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ തുറന്നടിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മറുപടി പറയാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചിരുന്നു. ഭീരുവല്ലെങ്കില്‍ മറുപടി പറയാനായിരുന്നു വെല്ലുവിളി. പക്ഷേ ഈ ഘട്ടത്തിലും പാര്‍ട്ടി നേതൃത്വം മറുപടി പറയുന്നില്ല. കെ റയിലടക്കം സര്‍ക്കാര്‍ വിഭാവനം ചെ്യ്ത വികസന പദ്ധതികള്‍ക്ക് തുരങ്കം വച്ച യുഡിഎഫ് നേതൃത്വത്തിന്‍റെ സമീപകാല ചരിത്രം എടുത്ത് പറയാനായിരിക്കും സിപിഎം ശ്രമിക്കുക.
5,6,7 തിയതികളിലായി സിപിഎം നേതൃയോഗങ്ങള്‍ തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ഇപ്പോള്‍ കത്തി നില്‍ക്കുന്ന വിഷയമെന്ന നിലയില്‍ സിപിഎം നേതൃത്വം എഐ ക്യാമറ വിവാദം ചര്‍ച്ച ചെയ്യാനാണ് സാധ്യത. എന്നാല്‍ പുകമറ സൃഷ്ടിക്കാനുള്ള ശ്രമത്തിനപ്പുറം പ്രതിപക്ഷരോപണത്തില്‍ ഒന്നുമില്ലെന്നാണ് സിപിഎമ്മിന്‍റെ പൊതു വിലയിരുത്തല്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam