എഐ ക്യാമറ നാളെ മുതൽ പിഴ ചുമത്തും, കേന്ദ്രം കൈവിട്ടതോടെ കുട്ടികൾക്ക് പിഴയീടാക്കുമോ; എല്ലാം ഇന്നറിയാം

Published : Jun 04, 2023, 01:30 PM IST
എഐ ക്യാമറ നാളെ മുതൽ പിഴ ചുമത്തും, കേന്ദ്രം കൈവിട്ടതോടെ കുട്ടികൾക്ക് പിഴയീടാക്കുമോ; എല്ലാം ഇന്നറിയാം

Synopsis

കേന്ദ്രമന്ത്രി ഇളവ് അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയതോടെ മറിച്ചൊരു തീരുമാനം കേന്ദ്ര സർക്കാറിൽ നിന്നുണ്ടാകുമോ എന്നതാണ് സംസ്ഥാന സർക്കാർ ഉറ്റുനോക്കുന്നത്.

തിരുവനന്തപുരം:  ഇരുചക്ര വാഹനത്തിൽ കുട്ടികൾ ഉൾപ്പെടെ രണ്ടിലേറെ പേർക്ക് യാത്ര ചെയ്യാമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം അറിയാൻ ഇന്ന് വൈകുന്നേരം വരെ കാത്തിരിക്കണം.  കുട്ടികളുമായി യാത്ര അനുവദിക്കാനാവില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി അറിയിച്ചതോടെ തീരുമാനം സംസ്ഥാന സർക്കാറിന്റേതായി. തിങ്കളാഴ്ച മുതലാണ് എഐ ക്യാമറകൾ നിയമലംഘകർക്ക് പിഴ ചുമത്തി തുടങ്ങുക. പത്ത് വയസ്സിൽ താഴെയുള്ള കുട്ടിയുൾപ്പെടെ മൂന്ന് പേർക്ക് യാത്ര ചെയ്യാൻ അനുവാദം നൽകണമെന്നാണ് രാജ്യസഭാംഗം എളമരം കരീം കത്തിലൂടെ ആവശ്യപ്പെട്ടത്. എന്നാൽ, ഇളവ് അനുവദിക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി മറുപടി നൽകി.  12 വയസ്സിൽ താഴെ ഉള്ള ഒരാളടക്കം മൂന്ന് പേർക്ക് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കണമെന്നാണ് കേരള സർക്കാർ ആവശ്യപ്പെട്ടത്.

കേന്ദ്ര സർക്കാർ തീരുമാനം വരുന്നത് വരെ 12 വയസിൽ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്താൽ പിഴ ഈടാക്കില്ലെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു. കേന്ദ്രമന്ത്രി ഇളവ് അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയതോടെ മറിച്ചൊരു തീരുമാനം കേന്ദ്ര സർക്കാറിൽ നിന്നുണ്ടാകുമോ എന്നതാണ് സംസ്ഥാന സർക്കാർ ഉറ്റുനോക്കുന്നത്. മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തി 12 വയസിൽ താഴെയുള്ള ഒരു കുട്ടിയെ കൂടി ഇരുചക്ര വാഹനത്തിൽ കൊണ്ടുപോകാൻ അനുവദിക്കണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. 

ഇരുചക്ര വാഹനത്തിൽ കുട്ടികളുൾപ്പെടെ രണ്ടുപേരിൽ കൂടുതലായാൽ പിഴ ചുമത്തുന്നതിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. ചെറിയ കുട്ടികളുള്ളവർ എങ്ങനെ യാത്ര ചെയ്യുമെന്ന് ചോദ്യമുയർന്നു. തുടർന്നാണ് സംസ്ഥാനം കേന്ദ്ര സർക്കാറിനെ സമീപിച്ചത്. നിയമപ്രകാരം കുട്ടികൾ ഉൾപ്പെടെ രണ്ട് പേർക്ക് മാത്രമാണ് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യാൻ അനുമതി. സാധാരണ പൊലീസുകാർ പരിശോധിച്ച സമയം കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ കണ്ണടയ്ക്കാറാണ് പതിവ്. എന്നാൽ, എഐ ക്യാമറ പ്രവർത്തിച്ചുതുടങ്ങുന്നതോടെ വ്യത്യാസമില്ലാതെ എല്ലാ നിയമലംഘനങ്ങൾക്കും പിഴ ചുമത്തും.  12 വയസ്സിന് താഴെയുള്ള കുട്ടികളെ തിരിച്ചറിയാൻ എ ഐ ക്യാമറകള്‍ക്ക് കഴിയുമെന്നും അതിനുള്ള സംവിധാനം തയ്യാറാക്കിയിട്ടുണ്ടെന്നുമാണ് മന്ത്രി പറഞ്ഞത്. 

പിഴ എങ്ങനെ?
ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, ടു വീലറില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്‍താല്‍ 1000 രൂപ, ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപ, അനധികൃത പാര്‍ക്കിംഗ് 250 രൂപ,  അമിതവേഗം 1500 രൂപ എന്നിങ്ങനെയാണ് പിഴ. ജംഗ്ഷനുകളില്‍ ചുവപ്പു സിഗ്‌നല്‍ ലംഘനം കോടതിക്കു കൈമാറും. ഓരോ തവണ ക്യാമറയില്‍ പതിയുമ്പോഴും പിഴ ആവര്‍ത്തിക്കും. അനധികൃത പാര്‍ക്കിങിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക. 726 എഐ ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്. 
 

PREV
click me!

Recommended Stories

കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം