വിവാദങ്ങളിൽ ജയലളിതയുടെ മരണം, അധികാരപ്പോരിൽ അണ്ണാ ഡിഎംകെ, റിപ്പോര്‍ട്ട് തള്ളി ശശികല

Published : Oct 19, 2022, 09:19 PM IST
വിവാദങ്ങളിൽ ജയലളിതയുടെ മരണം, അധികാരപ്പോരിൽ അണ്ണാ ഡിഎംകെ, റിപ്പോര്‍ട്ട് തള്ളി ശശികല

Synopsis

ജയലളിതയുടെ മരണത്തിലും ചികിത്സയിലും ദുരൂഹതകൾ നിറയുമ്പോൾ അവരുടെ സ്വന്തം പാര്‍ട്ടിയിൽ ഇതല്ല ഇപ്പോൾ വലിയ വിഷയം എന്നതാണ് കൗതുകം. 

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ സംബന്ധിച്ച ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്ന് ജയലളിതയുടെ തോഴിയും അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറിയുമായ വി.കെ.ശശികല. ജ.അറുമുഖം കമ്മീഷൻ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ ശശികല നിഷേധിച്ചു. ജയലളിതയെ വിദേശത്ത് കൊണ്ടു പോയി ചികിത്സിക്കുന്നത് താൻ തടയാൻ ശ്രമിച്ചിട്ടില്ല. ചികിത്സാകാര്യങ്ങളെല്ലാം മെഡിക്കൽ സംഘത്തിന്‍റെ കൂട്ടായ തീരുമാനമായിരുന്നു. അതിൽ ഇടപെടാൻ താൻ വൈദ്യശാസ്ത്രം പഠിച്ചയാളല്ല. തന്നെ രാഷ്ട്രീയത്തിൽ നിന്നും പുറത്താക്കാൻ ജയലളിതയുടെ മരണം ഉപയോഗിക്കുന്നത് നീചമാണെന്നും ശശികല വ്യക്തമാക്കി. അതേസമയം നിയമോപദേശം കിട്ടിയ ശേഷം അന്വേഷണ കമ്മീഷൻ റിപ്പോര്‍ട്ടിൽ തുടര്‍ നടപടി സ്വീകരിക്കുമെന്നാണ് ഡിഎംകെ സര്‍ക്കാരിൻ്റെ നിലപാട്. 

ജയലളിതയുടെ മരണത്തിൽ വലിയ ദുരൂഹതകൾ ആരോപിച്ചുള്ള അന്വേഷണ കമ്മീഷൻ റിപ്പോര്‍ട്ട് പുറത്തു വന്നിട്ടും എഐഎഡിഎംകെയിൽ ഇതൊന്നും വിഷയമല്ല എന്നതാണ് രസകരം. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെച്ചൊല്ലി അടിയാണ് ഇപ്പോൾ പാര്‍ട്ടിയിൽ നടക്കുന്നത്. 

ഇന്നലെ ചെന്നൈയിൽ തമിഴ്നാട് നിയമസഭ ചേർന്നയുടൻ ആർ.പി.ഉദയകുമാറിനെ പ്രതിപക്ഷ ഉപനേതാവായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിൽ അണ്ണാ ഡിഎംകെ എംൽഎമാർ ശബ്ദമുയർത്തിയിരുന്നു. പാർട്ടിയിൽ നിന്നും പുറത്താക്കിയ വിമതനേതാവ് ഒ.പനീർശെൽവത്തെ പ്രതിപക്ഷ ഉപനേതാവിന്‍റെ കസേരയിൽ ഇരിക്കാൻ അനുവദിക്കരുതെന്നും അവർ ആവശ്യപ്പെട്ടു. ചോദ്യോത്തര വേള കഴിഞ്ഞതിന് ശേഷം വിഷയം പരിഗണിക്കാമെന്ന് സ്പീക്കർ അറിയിച്ചെങ്കിലും ബഹളം തുടർന്നതോടെ പ്രതിപക്ഷനേതാവിനേയും എംഎൽഎമാരേയും പുറത്താക്കാൻ സ്പീക്കർ വാച്ച് ആൻഡ് വാർഡിന് നിർദേശം നൽകുകയായിരുന്നു. സഭയിൽ പങ്കെടുക്കുന്നതിൽ നിന്ന് ഒരു ദിവസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തു.

സഭാ ചട്ടങ്ങൾ പാലിക്കാതെ സ്പീക്കർ പ്രതിപക്ഷത്തിനെതിരായി രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച് ഇന്ന് രാവിലെ കറുത്ത കുപ്പായങ്ങളിട്ട് എടപ്പാടിയും എംഎൽഎമാരും വള്ളുവർകോട്ടത്ത് സമരത്തിനെത്തി. വൻ പൊലീസ് സംഘമെത്തി  പ്രതിപക്ഷനേതാവിനേയും സംഘത്തേയും അറസ്റ്റ് ചെയ്ത് നീക്കി. ചെന്നൈ എഗ്മോറിലെ രാജരത്നം സ്റ്റേഡിയത്തിൽ കനത്ത സുരക്ഷയിൽ തടങ്കൽ കസ്റ്റഡിയിലാണ് എടപ്പാടിയും എംഎൽഎമാരും ഇപ്പോഴുള്ളത്. അണ്ണാ ഡിഎംകെ പ്രവർത്തകർ അഭിവാദ്യവുമായി ഇവിടേക്ക് എത്തിക്കൊണ്ടിരിക്കെയാണ്.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ ചിത്രീകരിച്ചു, വീഡിയോ ഇപ്പോഴും രാഹുലിന്‍റെ ഫോണിൽ'; ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ആദ്യ പരാതിക്കാരി
ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങളടക്കം ലഭിച്ചു, വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ ഇഡി; സ്വർണക്കൊള്ളയിൽ ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു