
ചെന്നൈ: ഇന്നലെ അണ്ണാ ഡിഎംകെ (AIADMK) ആസ്ഥാനം ആക്രമിച്ച സംഭവത്തിൽ ഒപിഎസിനെ (OPS) പ്രതിചേർത്ത് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പാർട്ടി നേതൃത്വം പൊലീസിൽ പരാതി നൽകി. പാർട്ടി പദവികളിൽ താൻ ഇപ്പോഴും ഉണ്ടെന്നാണ് ഒപിഎസിന്‍റെ അവകാശവാദം. സംഘർഷത്തെ തുടർന്ന് റവന്യൂ അധികൃതർ പൂട്ടി സീൽ വച്ച പാർട്ടി സംസ്ഥാന ആസ്ഥാനം രണ്ടാം ദിവസവും അടഞ്ഞുകിടക്കുകയാണ്.
പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ച സംഭവത്തിൽ ഒപിഎസിനും കൂട്ടർക്കും പങ്കുണ്ടെന്ന് കാട്ടി അണ്ണാ ഡിഎംകെയുടെ ദക്ഷിണ ചെന്നൈ ജില്ലാ സെക്രട്ടറിയാണ് റോയാപേട്ട് പൊലീസിൽ പരാതി നൽകിയത്. ഓഫീസിലുണ്ടായിരുന്ന വസ്തുവകകളും രേഖകളും ഒപിഎസും സംഘവും മോഷ്ടിച്ചുകൊണ്ടുപോയെന്നും പരാതിയിൽ പറയുന്നു.
മാരകായുധങ്ങളുമായി സംഘം ചേരൽ, അതിക്രമിച്ചുകടക്കൽ, വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ അടക്കം ഏഴ് വകുപ്പുകൾ ചുമത്തി 400 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇപിഎസ് പക്ഷവും ഒപിഎസ് പക്ഷവും നൽകിയ പരാതികളിൽ എടുത്തവയും പൊലീസ് സ്വമേധയാ എടുത്ത കേസും നിലവിലുണ്ട്. ഇതിന് പുറമേയാണ് ഒപിഎസിനെ പ്രതി ചേർക്കണം എന്നാവശ്യപ്പെടുന്ന പരാതി. ഇന്നലെ ഓഫീസിന്‍റെ മുൻവാതിൽ ചവിട്ടിത്തുറന്നാണ് അണികൾ ഒപിഎസിനെ ഉള്ളിലേക്ക് കൊണ്ടുപോയത്.
അതേസമയം അണ്ണാ ഡിഎംകെയുടെ കോ ഓഡിനേറ്ററും പാർട്ടി ട്രഷററും ഇപ്പോഴും താൻ തന്നെയാണെന്നാണ് പനീർശെൽവത്തിന്‍റെ അവകാശവാദം. ഇപിഎസിനേയും കെ.പി.മുനുസ്വാമിയേയും താൻ പാർട്ടിക്ക് പുറത്താക്കിയിരിക്കുന്നു എന്നായിരുന്നു എന്നും ഒപിഎസ് പറയുന്നു. പാർട്ടിയുടെ അക്കൗണ്ടിലുള്ള പണം കൈകാര്യം ചെയ്യാൻ മറ്റാരെയും അനുവദിക്കരുത് എന്നുകാട്ടി ബാങ്കുകൾക്ക് ഒപിഎസ് കത്ത് നൽകി.
ഇപിഎസ് താൽക്കാലിക ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത നടപടി പാർട്ടി ഭരണഘടനപ്രകാരം നിലനിൽക്കില്ലെന്ന് ജയലളിതയുടെ തോഴിയും മുൻ ജനറൽ സെക്രട്ടറിയുമായ വി.കെ.ശശികല പറഞ്ഞു. ജനങ്ങളുടെ ആഗ്രഹം താൻ ജനറൽ സെക്രട്ടറി ആകണമെന്നാണ്. അതേസമയം റവന്യൂ അധികൃതർ പൂട്ടി സീൽ വച്ച പാർട്ടി ആസ്ഥാനം തുറന്നുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഇപിഎസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.