
ദില്ലി: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും അല്ലാതെയും കേരളത്തിലെ കോൺഗ്രസിൽ ഉയർന്ന് വന്ന പ്രശ്നങ്ങളിൽ കോൺഗ്രസ് ഹൈക്കമാൻഡ് വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടു. വിഷയങ്ങളിൽ വിശദമായ റിപ്പോർട്ട് തയ്യാറാക്കി നൽകാൻ കേരളത്തിന്റെ ചുമതലയുളള ജനറൽ സെക്രട്ടറി താരിഖ് അൻവറിന് നിർദ്ദേശം നൽകി. മൂന്നു ദിവസം താരിഖ് അൻവർ കേരളത്തിൽ പ്രധാന നേതാക്കളെ കേൾക്കും. യുഡിഎഫിലെ ഘടകകക്ഷി നേതാക്കളുടെ നിലപാടും എഐസിസി ആരായുമെന്നാണ് വിവരം. നേതാക്കളെ കേട്ട ശേഷമായിരിക്കും റിപ്പോർട്ട് നൽകുക.
തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി പ്രമുഖ നേതാക്കൾ തന്നെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതോടൊപ്പം സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളിൽ നേതൃത്വം വഹിക്കുന്ന നേതാക്കൾക്കെതിരെ പോസ്റ്ററുകളും ഉയർന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ ഇതിനെ ഹൈക്കമാൻഡ് വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. കോൺഗ്രസിന് എന്നും തലവേദന സൃഷ്ടിച്ച ഗ്രൂപ്പ് അതിപ്രസരത്തിനെതിരെ ശക്തമായ താക്കീത് നൽകുമെന്നാണ് വിവരം. കേരളത്തിൽ കൂട്ടായ നേതൃത്വമാകും ഉചിതമെന്ന വിലയിരുത്തലിലാണ് ഹൈക്കമാൻഡ്.
അതോടൊപ്പം വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി മത്സരിക്കുമോ എന്ന കാര്യവും ഉയർന്ന് വരുന്നുണ്ട്. അക്കാര്യത്തിൽ തീരുമാനം ഹൈക്കമാൻഡ് എടുക്കാൻ ഇടയില്ല. തീരുമാനം ഉമ്മൻചാണ്ടിക്ക് വിട്ടുനൽകിയേക്കുമെന്നാണ് വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam