വി ഡി സതീശൻ എസ്എൻഡിപി, എൻഎസ്എസ് എന്നിവയോട് സ്വീകരിക്കുന്ന നിലപാടല്ല മതരാഷ്ട്ര വാദം ഉന്നയിക്കുന്ന ജമാഅത്തെ ഇസ്ലാമിയോട് കാണിക്കുന്നതെന്ന് അഖിൽ മാരാർ വിമർശിച്ചു. ശത്രുവിനെ കൊല്ലാൻ പാമ്പിനെ കൂടെ കൂട്ടുന്ന അവസ്ഥ സതീശന് വരരുതെന്നും അഖിൽ കുറിച്ചു.

കൊല്ലം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കടുത്ത വിമർശനവുമായി അഖില്‍ മാരാർ. എസ്എൻഡിപി, എൻഎസ്എസ് എന്നിവരോട് കൃത്യമായ നിലപാട് സ്വീകരിക്കുന്ന പ്രതിപക്ഷ നേതാവ് എന്തിനാണ് മതരാഷ്ട്ര വാദം മുന്നോട്ട് വയ്ക്കുന്ന ജമാഅത്തെ ഇസ്ലാമിയെ പിന്താങ്ങി നിൽക്കുന്നതെന്നാണ് അഖിൽ മാരാർ ചോദിക്കുന്നത്. മതേതരത്വം എന്നത് ഒരു വിഭാഗത്തിനെതിരെ എടുക്കുന്ന നിലപാട് ആകുന്നത് അപകടകരമായ അവസ്ഥയാണ്.

Add Asianetnews as a Preferred SourcegooglePreferred

ശത്രുവിനെ കൊല്ലാൻ പാമ്പിനെ സഞ്ചിയിൽ ഇട്ട് പോയാലുള്ള അവസ്ഥ പ്രതിപക്ഷ നേതാവിന് വരാതിരിക്കട്ടെ എന്നും അഖിൽ മാരാർ കുറിച്ചു. അതേസമയം, പോസ്റ്റിൽ എം വി ഗേവിന്‍റെ നിലപാടിനെ അഖിൽ പിന്തുണയ്ക്കുന്നുമുണ്ട്.

സതീശൻ - ഗോവിന്ദൻ പോര്

അതേസമയം, നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയിൽ ജമാഅത്തെ ഇസ്ലാമിയെ ചൊല്ലി വി ഡി സതീശനും എംവി ഗോവിന്ദനും തമ്മിൽ പോര് കനക്കുകയാണ്. സതീശൻ ജമാഅത്തെ ഇസ്ലാമിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകുകയാണെന്ന് എം വി ഗോവിന്ദൻ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. 42 വർഷം ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെടുത്തിയ സിപിഎമ്മിന് ഇപ്പോൾ മറവി രോഗമാണെന്ന് സതീശൻ തിരിച്ചടിച്ചു. ഇതിനിടെ ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷമായ നിലപാടുമായി സമസ്ത നൂറാം വാർഷിക സമ്മേളനത്തിൽ പ്രമേയവും അവതരിപ്പിച്ചു.

ജമാഅത്തെ ഇസ്ലാമി മതരാഷ്ട്ര വാദികൾ അല്ല എന്ന സതീശന്റെ പ്രസ്താവനയിൽ പിടിച്ചാണ് എംവി ഗോവിന്ദന്റെ രൂക്ഷമായ വിമർശനം. മനപ്പൂർവമുള്ള മറവി രോഗമാണ് എംവി ഗോവിന്ദന് എന്നായിരുന്നു സതീശന്റെ തിരിച്ചടി. ജമാഅത്തെ ഇസ്ലാമിയുമായി ഉള്ള ബന്ധത്തിനു പൊതുസമ്മിതി ഉണ്ടാക്കാൻ യുഡിഎഫ് ശ്രമിക്കുന്നതിനിടെ മുന്നറിയിപ്പുമായി സമസ്ത രംഗത്ത് വന്നു. കാസർകോട് നടക്കുന്ന സമസ്തയുടെ നൂറാം വാർഷിക സമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷമായ പരാമർശങ്ങളുള്ള പ്രമേയമാണ് നേതൃത്വത്തിന്റെ നിർദേശപ്രകാരം അവതരിപ്പിച്ചത്.

രാഷ്ട്രീയ ഇസ്ലാം എന്നത് അപകടകരമായ ആശയമാണ്. മൗദൂദി ചിന്ത യുവാക്കളെ വഴിതെറ്റിക്കുന്നു, പാൻ ഇസ്ലാമിക് തീവ്ര ചിന്തയ്ക്കെതിരെ ജാഗ്രത വേണം, ഇത്തരം വിഘടന ചിന്തകളെ പ്രതിരോധിക്കണം എന്നും ഇകെ സുന്നി വിഭാഗത്തിന്റെ പണ്ഡിത സംഘടന ആവശ്യപ്പെട്ടു. യുഡിഎഫ് തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി ചേർന്ന് പ്രചാരണം നടത്താനിരിക്കെയാണ് ഇകെ സുന്നികളുടെ മുന്നറിയിപ്പ്. എൽഡിഎഫ് ആവർത്തിച്ച് പറയുന്ന കാര്യങ്ങൾക്ക് പരോക്ഷമായ പിന്തുണ കൂടിയാണ് ഈ പ്രമേയം എന്നാണ് വിലയിരുത്തുന്നത്.