
ദില്ലി: കേരളത്തിൽ സ്വാധീനം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ശശി തരൂർ നടത്തുന്ന കേരള പര്യടനവുമായി ബന്ധപ്പെട്ട വിവാദത്തിൽ തത്കാലം എഐസിസി ഇടപെടില്ല. വിഷയത്തിൽ തത്കാലം ഇടപെടേണ്ടെന്നും കെപിസിസി പ്രശ്നം പരിഹരിക്കട്ടെയെന്നുമുള്ള നിലപാടാണ് പാർട്ടി കേന്ദ്ര നേതൃത്വത്തിന്റേത്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂരിന് എഐസിസിയിൽ ചുമതലകൾ നൽകിയിരുന്നില്ല. അദ്ദേഹം കേരളത്തിൽ മലബാറിലെ ജില്ലകളിൽ മതമേലധ്യക്ഷന്മാരെയും മുന്നണി നേതാക്കളെയും പാർട്ടി പ്രവർത്തകരെയും അടക്കം കണ്ട് നടത്തുന്ന പര്യടനം കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിക്ക് കാരണമായിരുന്നു. കോഴിക്കോട് നടന്ന സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസും കണ്ണൂരിലെ പരിപാടിയിൽ നിന്ന് ഡിസിസിയും വിട്ടുനിന്ന സംഭവം വൻ വിവാദമായത് പാർട്ടിക്ക് തന്നെ ക്ഷീണമായിരുന്നു.
യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സെമിനാറിന്റെ നടത്തിപ്പിൽ നിന്ന് പിന്മാറിയതിന് കാരണം എന്താണെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് എംപി എംകെ രാഘവൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എന്നിവർക്ക് കത്തയച്ചിരുന്നു. വിഭാഗീയ പ്രവർത്തനമെന്നും ഗ്രൂപ്പിസമെന്നും തരൂരിന്റെ പരിപാടികളെ പരോക്ഷമായി വിമർശിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നടപടിയെ എതിർത്ത് ഇന്ന് കെ മുരളീധരനും രംഗത്ത് വന്നിരുന്നു. കെപിസിസി അധ്യക്ഷൻ കെ സുധാകരനാകട്ടെ വിവാദത്തിൽ പ്രതികരിക്കാൻ താത്പര്യപ്പെടുന്നില്ല. സംസ്ഥാനത്തെ പാർട്ടിക്കുള്ളിൽ വിഷയം വലിയ ചേരിതിരിവിന് കാരണമായിരിക്കുകയാണ്.
അതിനിടെ ഉമ്മൻചാണ്ടി വിഭാഗം കോട്ടയത്ത് തരൂരിന് വേദിയൊരുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഡിസംബർ മൂന്നിന് ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസിന്റെ മഹാ സമ്മേളനം നടക്കും. ഇതിൽ ശശി തരൂർ പങ്കെടുക്കും. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തുന്ന പരിപാടിയുടെ പോസ്റ്ററിൽ നിന്ന് വിഡി സതീശന്റെ ചിത്രം ഒഴിവാക്കി. അതേസമയം കെസി വേണുഗോപാലിന്റെ ചിത്രം പതിച്ചിട്ടുണ്ട്. ഉമ്മൻചാണ്ടിയുടെ വിശ്വസ്തൻ ചിന്റു കുര്യൻ ജോയിയാണ് കോട്ടയത്ത് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്. ഉമ്മൻചാണ്ടിയുടെ അറിവോടെയാണ് തരൂരിന് വേദിയൊരുക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. എന്നാൽ എ ഗ്രൂപ്പിൽ ഒരു വിഭാഗം ഈ നീക്കത്തിൽ അതൃപ്തി രേഖപ്പെടുത്തുന്നുണ്ട്. എങ്കിലും പരിപാടിയുമായി മുന്നോട്ട് പോകാനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam