കരിപ്പൂർ വിമാനാപകടത്തിൽ എയർ ഇന്ത്യക്ക് നഷ്ടമായത് അവരുടെ ഏറ്റവും പരിചയസമ്പന്നനായ പൈലറ്റിനെ

By Web TeamFirst Published Aug 7, 2020, 10:35 PM IST
Highlights

വ്യോമസേനയുടെ 127th കോഴ്‌സിൽ പ്രസിഡന്റിൽ നിന്ന് സ്വോർഡ്‌ ഓഫ് ഓണറോടെ ടോപ്പറായിത്തന്നെ കോംബാറ്റ് എയർ പൈലറ്റ് പരിശീലവും പൂർത്തിയാക്കി 1981 -ൽ ഇന്ത്യൻ വ്യോമസേനയിൽ കമ്മീഷൻ ചെയ്യപ്പെട്ടതാണ് ദീപക് വസന്ത് സാഠേ.

കോഴിക്കോട് : കോഴിക്കോട് വിമാനത്താവളത്തിന്റെ ടേബിൾ ടോപ്പ് റൺവേയിൽ നിന്ന് തെന്നിമാറിയ എയർ ഇന്ത്യ എക്പ്രസിന്റെ IX 1344 ബോയിങ് 737 വിമാനം താഴ്ചയിലേക്ക് നിലംപൊത്തി രണ്ടായി പിളർന്നുണ്ടായ അപകടത്തിൽ ആദ്യം പുറത്തുവന്ന മരണവാർത്ത വിമാനത്തിന്റെ ക്യാപ്റ്റനായ ഡി വി സാഠേയുടേതായിരുന്നു. അങ്ങനെ വെറുമൊരു പൈലറ്റ് ആയിരുന്നില്ല എയർ ഇന്ത്യക്ക് അദ്ദേഹം. പൈലറ്റായി മുപ്പതുവർഷത്തിലധികകാലത്തെ സേവന പരിചയമുള്ള ഓഫീസറായിരുന്നു ക്യാപ്റ്റൻ സാഠേ.

വിങ് കമാണ്ടർ ദീപക് വസന്ത് സാഠേ എന്നത് ഇന്ത്യൻ എയർഫോഴ്സ് വൃത്തങ്ങളിൽ ഏറെ ബഹുമാനത്തോടെ മാത്രം പരാമർശിക്കപ്പെടുന്ന ഒരു പേരാണ്. നാഷണൽ ഡിഫൻസ് അക്കാദമിയുടെ അമ്പത്തെട്ടാം കോഴ്സിൽ പ്രസിഡന്റിന്റെ ഗോൾഡ് മെഡൽ നേടി, അതിനുശേഷം ഇന്ത്യൻ എയർ ഫോഴ്‌സിന്റെ 127th കോഴ്‌സിൽ സ്വോർഡ്‌ ഓഫ് ഓണറോടെ ഒന്നാമതായി പരിശീലനം പൂർത്തിയാക്കിയാണ് 1981 -ൽ ഇന്ത്യൻ വ്യോമസേനയിൽ ദീപക് വസന്ത് സാഠേ കമ്മീഷൻ ചെയ്യപ്പെടുന്നത്. ഇന്ത്യൻ എയർ ഫോഴ്‌സിലെ സുദീർഘ സേവനത്തിനു ശേഷം ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ വിദഗ്ധനായ ഒരു ടെസ്റ്റ് പൈലറ്റ് ആയിക്കൂടി സേവനമനുഷ്ഠിച്ച് അവിടെ നിന്ന് വിരമിച്ച ശേഷമാണ് അദ്ദേഹം എയർ ഇന്ത്യയിൽ പാസഞ്ചർ എയർക്രാഫ്റ്റ് പൈലറ്റ് ആയി ജോയിൻ ചെയ്യുന്നത്. ആദ്യം എയർ ഇന്ത്യക്കുവേണ്ടി എയർ ബസ് 310 പറത്തിയിരുന്ന അദ്ദേഹം പിന്നീട് എയർ ഇന്ത്യ എക്സ്പ്രസിനുവേണ്ടി ബോയിങ് 737 -ലേക്ക് മാറുകയാണ് ഉണ്ടായത്. 

 

ദീർഘകാലം വിവിധ വിമാനങ്ങൾ പറത്തി പരിചയമുള്ള  ഡി വി സാഠേ ഇതിനു മുമ്പും പലതവണ ഇതിനേക്കാൾ മോശം കാലാവസ്ഥകളിൽ വിമാനങ്ങൾ ലാൻഡ് ചെയ്തിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ അടുത്തറിയുന്ന പലർക്കും ഈ അപകടവാർത്തയും അതിൽ തന്നെ അദ്ദേഹത്തിന്റെ വിയോഗ വർത്തമാനവും അവിശ്വസനീയമായി തുടരുകയാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന് അനുശോചനം അറിയിച്ചുകൊണ്ടുള്ള നിരവധി സന്ദേശങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. 

 

Heartbreaking. Capt Deepak Sathe was a former Air Force Pilot and also flew through Airbus 310 for air India before moving to air India express on the 737. Sathe won sword of honour at the AFA and was accomplished fighter pilot,he was HAL test pilot too. pic.twitter.com/z4kTnGugRN

— Anisha Dutta (@A2D2_)

 

click me!