ലഹരി കേസിൽ ജാമ്യത്തിലിറങ്ങിയ അമ്പലപ്പുഴ സ്വദേശിനി അഡ്വ. സത്യമോളെ (46) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. എംഡിഎംഎ കേസിൽ അറസ്റ്റിലായിരുന്ന ഇവരെ വീടിന്റെ ടെറസിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

അമ്പലപ്പുഴ: ലഹരി കേസിൽ ജാമ്യത്തിലിറങ്ങിയ അഭിഭാഷകയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. എംഡിഎംഎയുമായി പൊലീസ് അറസ്റ്റ് ചെയ്യുകയും റിമാൻഡിൽ കഴിയുകയും ചെയ്തിരുന്ന അമ്പലപ്പുഴ സ്വദേശിനി അഡ്വ. സത്യമോൾ (46) ആണ് മരിച്ചത്. ലഹരി കേസിൽ ജാമ്യം ലഭിച്ച് ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് മരണം. ഇവരെ വീടിന്റെ ടെറസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മകനാണ് സത്യമോളുടെ മൃതദേഹം ആദ്യം കണ്ടത്. പിന്നീട് നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ ഒക്ടോബറിലാണ് സത്യമോളും മകനും ലഹരി കേസിൽ പിടിയിലായത്. ഇവരുടെ വീട്ടിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തതിനെ തുടർന്നാണ് മകൻ ആദിത്യനെയും സത്യമോളെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ആലപ്പുഴയിൽ കാറിൽ യാത്രചെയ്യുന്നതിനിടെ പറവൂർ ജംങ്ഷനിൽ എക്സൈസ് സംഘവും പൊലീസും ചേർന്ന് തടഞ്ഞിരുന്നു. ഇവരുടെ വാഹനത്തിൽ നിന്ന് ലഹരി കണ്ടെടുത്തതിന് പിന്നാലെ വീട്ടിൽ പരിശോധന നടത്തി. ഇവിടെ നിന്നാണ് ലഹരിശേഖരം പിടികൂടിയത്. അതേസമയം സത്യമോളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റിനും പോസ്റ്റ്മോർട്ടം നടപടികൾക്കും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)