
ദില്ലി: എയർ ഇന്ത്യ സാറ്റ്സിലെ വ്യാജ പീഡന പരാതിയിൽ സാറ്റ്സ് മുൻ വൈസ് ചെയർമാൻ ബിനോയ് ജേക്കബിന് തിരിച്ചടി. കേസിൽ ബിനോയ് ജേക്കബ് അന്വേഷണം നേരിടണമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി തള്ളി. ബിനോയ് ജേക്കബ് വിചാരണ നേരിടണമെന്നാണ് സുപ്രീം കോടതി നിലപാട്. ഈ കേസിൽ സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷ് രണ്ടാം പ്രതിയാണ്.
2016 മുതൽ തുടങ്ങിയ അന്വേഷണത്തിലാണ് കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം നൽകിയത്. എയർ ഇന്ത്യ സാറ്റ്സിലെ അഴിമതിക്കെതിരെ വിജിലൻസ് കമ്മീഷന് പരാതി നൽകിയ ഉദ്യോഗസ്ഥൻ എൽ എസ് സിബുവിനെയാണ് വ്യാജ ലൈംഗി പീഡന പരാതിയിൽ കുരുക്കിയത്. എയർ ഇന്ത്യ സാറ്റ്സിലെ 17 ജീവനക്കാരികള്‍ ഒപ്പിട്ട പരാതി പരിശോധിച്ച് ആഭ്യന്തര പരാതി പരിശോധന സമിതിയും ശരിവച്ചു. വ്യാജ രേഖക്കെതിരെ സിബു തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എയർ ഇന്ത്യ സാറ്റ്സ് മുൻ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിനെ മാത്രം പ്രതി ചേർത്ത് അന്വേഷണം നടത്തിയെങ്കിലും തെളിവുകളില്ലെന്ന് പറഞ്ഞ് പൊലീസ് റിപ്പോർട്ട് കോടതിയിൽ നൽകി. ഇതിനെതിരെ സിബു ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ 2019ൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി.
അന്ന് കോണ്‍സുലേറ്റ് ജീവനക്കാരിയായ സ്വപ്നെയെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് വിളിച്ചുവെങ്കിലും ഉന്നത ഇടപെടൽ മൂലം അന്വേഷണം അട്ടിമറിക്കപ്പെട്ടു. സ്വർണകടത്തു കേസിൽ പ്രതിയായ സ്വപ്നയെ പ്രതി ചേർത്ത് കസ്റ്റഡിയിൽ ചോദ്യം ചെയ്തതോടെയാണ് കേസിൽ നിർണായക വഴിത്തിരുവുണ്ടാകുന്നത്. സിബുവിനെതിരെ പരാതിയിൽ ഒപ്പിട്ട സ്ത്രീകളൊന്നും പരാതിയെ കുറിച്ച് അറിഞ്ഞിട്ടേയില്ല. ബിനോയും, മുൻ എച്ച് ആർ മാനേജറായിരുന്ന സ്വപ്ന സുരേഷും ചേർന്നുണ്ടാക്കിയ വ്യാജ രേഖയിൽ മറ്റ് ജീവനക്കാരും സ്ത്രീകളുടെ പേരിൽ ഒപ്പുവച്ചു. ദീപക് ആന്റോ, ഷീബ, നീതു മോഹൻ എന്നീ ജീവനക്കാരാണ് ഗൂഡാലോചനയിൽ പങ്കാളിയായത്.
പരാതിയിൽ ഒപ്പിട്ട പാർവതി സാബു എന്ന ജീവനക്കാരിക്ക് പകരം സമിതിക്ക് മുന്നിൽ ഹാജരായി സിബുവിനെതിരെ ആള്‍മാറാട്ടം നടത്തി മൊഴി നൽകിയത് അഞ്ചാം പ്രതി നീതുമോഹനാണ്. ആള്‍മാറാട്ടം അറിഞ്ഞിട്ടും സമിതി മൊഴി രേഖപ്പെടുത്തിയെന്നാണ് പൊലീസിൻറെ കണ്ടെത്തൽ. ആഭ്യന്തര പരാതി പരിശോധന സമിതി അധ്യക്ഷ ഉമാമഹേശ്വരി സുധാകർ, സത്യ സുബ്രമണ്യം, ആർഎംഎസ് രാജൻ, ലീനാ ബിനീഷ്, അഡ്വ.ശ്രീജാ ശശിധരൻ എന്നിവരെയും കേസിൽ പ്രതിചേർത്തു. ക്രൈം ബ്രാഞ്ച പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും എയർ ഇന്ത്യ രേഖകള്‍ കൈമാറാത്തതും അന്വേഷണം വൈകാൻ കാരണമായി.തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്- 11ലാണ് ഡിവൈഎസ്പി ആർ.അനിൽകുമാർ കുറ്റപത്രം സമർപ്പിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam