കരിപ്പൂരിൽ വീണ്ടും എയര്‍ ഇന്ത്യ ജംബോ സർവ്വീസ്; കരിപ്പൂരിന്‍റെ വികസനത്തിന് വലിയ പരിഗണനയെന്ന് കേന്ദ്രമന്ത്രി

By Web TeamFirst Published Feb 17, 2020, 7:56 AM IST
Highlights

വിനോദസഞ്ചാരത്തിന് മുഖ്യപരിഗണന നൽകുന്ന 18 വിമാനത്താവളങ്ങളുടെ പട്ടികയിൽ തിരുവനന്തപുരം വിമാനത്താവളത്തേയും ഉൾപ്പെടുത്തിയതായും കേന്ദ്ര മന്ത്രി

കോഴിക്കോട്: എയര്‍ ഇന്ത്യയുടെ ജംബോ ബോയിങ്ങ് വിമാനം  കരിപ്പൂർ വിമാനത്താളത്തിൽ നിന്ന് വീണ്ടും സർവീസ് തുടങ്ങി. ജിദ്ദയിൽ നിന്നെത്തിയ എയര്‍ ഇന്ത്യയുടെ ജംബോ ബോയിങ്ങ് വിമാനത്തെ കേന്ദ്രമന്ത്രി വി മുരളീധരന്‍റെ നേതൃത്വത്തിൽ രാവിലെ ആറു മണിക്ക് എയർപോർട്ടിൽ സ്വീകരിച്ചു. കരിപ്പൂർ വിമാനത്താവളത്തിന്‍റെ വികസനത്തിന് കേന്ദ്ര സർക്കാർ മികച്ച പരിഗണന നൽകുമെന്ന് വി.മുരളീധരൻ പറഞ്ഞു. 

വിനോദ സഞ്ചാരത്തിന് മുഖ്യ പരിഗണന നൽകുന്ന രാജ്യത്തെ 18 വിമാനത്താവളങ്ങളിൽ തിരുവനന്തപുരം വിമാനത്താവളത്തേയും ഉൾപ്പെടുത്തിയതായും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഇതോടെ സാർക്ക്‌, ആസിയാൻ രാജ്യങ്ങളിൽ നിന്ന് വ്യോമഗതാഗതത്തിനുള്ള നിയന്ത്രണങ്ങൾ ഇല്ലാതാവും. കരിപ്പൂരിൽ എത്തിയ എയര്‍ ഇന്ത്യയുടെ ജംബോ ബോയിങ്ങ് വിമാനത്തെ സ്വീകിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 

423 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന എയർ ഇന്ത്യയുടെ ജംബോ വിമാനം രാവിലെ ഏഴു മണിയോടെയാണ് കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. ജിദ്ദയിൽ നിന്ന് കരിപ്പൂരിലെത്തിയ ജംബോ വിമാനത്തെ വാട്ടർ സല്യൂട്ട് നൽകിയാണ് സ്വീകരിച്ചത്. റൺവേ നവീകരണത്തിന്റെ ഭാഗമായി 5 വർഷം മുൻപാണ് എയർ ഇന്ത്യയുടെ  വലിയ വിമാനങ്ങൾ കരിപ്പൂരിൽ സർവീസ് നിർത്തി വെച്ചത്. ഏറെക്കാലത്തെ ആവശ്യങ്ങൾക്കും പ്രതിഷേധങ്ങൾക്കം ശേഷമാണ് കരിപ്പൂർ വിമാനത്താവളം പഴയ പ്രതാപത്തിലേക്ക് എത്തുന്നത്. തുടക്കത്തിൽ ആഴ്ച്ചയിൽ രണ്ട് സർവീസുകളാണ് ഉണ്ടാവുക. എം.പിമാരായ പി.കെ കുത്താലി കുട്ടി, പി.വി അബ്ദുൾ വഹാബ്, എം.കെ.രാഘവൻ തുടങ്ങിയവരും പങ്കെടുത്തു.


 

click me!