എയർപോഡ് മോഷണ വിവാദം: ബിനു പുളിക്കക്കണ്ടത്തിന്‍റെ അറസ്റ്റിനായി സമ്മര്‍ദം ചെലുത്താൻ മാണി ​ഗ്രൂപ്പ്

Published : May 19, 2024, 09:20 AM ISTUpdated : May 19, 2024, 11:07 AM IST
എയർപോഡ് മോഷണ വിവാദം: ബിനു പുളിക്കക്കണ്ടത്തിന്‍റെ അറസ്റ്റിനായി സമ്മര്‍ദം ചെലുത്താൻ മാണി ​ഗ്രൂപ്പ്

Synopsis

തെരഞ്ഞെടുപ്പ് അവസാനിച്ചതിനു പിന്നാലെയാണ് കേസ് കടുപ്പിക്കാനുളള നീക്കം മാണി ഗ്രൂപ്പ് തുടങ്ങിയിരിക്കുന്നത്. 

കോട്ടയം: ലോക്സഭ തിരഞ്ഞെടുപ്പിനു പിന്നാലെ പാലാ നഗരസഭയിലെ എയര്‍പോഡ് മോഷണ കേസ് സജീവമാക്കാന്‍ മാണി ഗ്രൂപ്പ് ശ്രമം. കേസില്‍ നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനു മേല്‍ മാണി ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കള്‍ സമ്മര്‍ദം ശക്തമാക്കി. ഇതിനിടെ എഫ്ഐആര്‍ തന്നെ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനു പുളിക്കക്കണ്ടം ഹൈക്കോടതിയെ സമീപിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ സ്വിച്ചിട്ട പോലെ അണഞ്ഞ എയര്‍പോഡ് മോഷണ വിവാദമാണ് തിരഞ്ഞെടുപ്പിനു പിന്നാലെ മാണി ഗ്രൂപ്പ് ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നത്. തന്‍റെ എയര്‍പോഡ് നഗരസഭ കൗണ്‍സില്‍ ഹാളില്‍ വച്ച് സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം മോഷ്ടിച്ചു എന്നായിരുന്നു മാണി ഗ്രൂപ്പ് കൗണ്‍സിലര്‍ ജോസ് ചീരാങ്കുഴിയുടെ പരാതി. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ജോസ് പാലാ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പൊലീസ് ആദ്യം കേസ് എടുത്തിരുന്നില്ല.

പിന്നീട് മാര്‍ച്ച് ആറിന് ബിനു പുളിക്കക്കണ്ടത്തിനെതിരെ കേസെടുത്തു. എന്നാല്‍ ലോക്സഭ തിരഞ്ഞെടുപ്പ് എത്തിയതോടെ കേസെടുത്ത വിവരം പോലും മറച്ചു വച്ച മാണി ഗ്രൂപ്പ് തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ വിഷയം കടുപ്പിക്കുകയാണ്. ബിനു പുളിക്കക്കണ്ടത്തിനെ അറസ്റ്റ് ചെയ്യാനുളള നീക്കമാണ് അണിയറയില്‍ നടക്കുന്നത്. അപകടം തിരിച്ചറിഞ്ഞാണ് എഫ്ഐആര്‍ തന്നെ റദ്ദാക്കാനുളള അപേക്ഷയുമായി ബിനു പുളിക്കക്കണ്ടം ഹൈക്കോടതിയെ സമീപിച്ചത്.

മോഷ്ടിക്കപ്പെട്ട എയര്‍പോഡ്  ഇംഗ്ലണ്ടിലേക്ക് കടത്തിയെന്നും ജോസ് ചീരങ്കുഴി ആരോപിച്ചിരുന്നു. ഇംഗ്ലണ്ടില്‍ എയര്‍പോഡ് കൈവശം വച്ചിരുന്ന സ്ത്രീ കഴിഞ്ഞ ദിവസം പാലാ പൊലീസ് സ്റ്റേഷനിലെത്തി തൊണ്ടി മുതല്‍ കൈമാറിയെന്നും സൂചനയുണ്ട്. ഇവര്‍ കേസില്‍ പ്രതിയാകുമോ എന്നും വ്യക്തമല്ല. നാലു മാസത്തോളം ബിനു പുളിക്കക്കണ്ടം എയര്‍പോഡ് സ്വന്തം കൈയില്‍ സൂക്ഷിച്ചിരുന്നു എന്ന ആരോപണം സ്ഥിരീകരിക്കാന്‍ പോന്ന തെളിവുകള്‍ പൊലീസിന് ഇനിയും കിട്ടിയിട്ടില്ലെന്നാണ് വിവരം. വിഷയത്തെ രാഷ്ട്രീയമായി നേരിടാനുറച്ചാണ് ബിനു പുളിക്കക്കണ്ടവും ഒപ്പം നില്‍ക്കുന്നവരും. തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കേ ഇടതുമുന്നണിയില്‍ തന്നെ ആശയക്കുഴപ്പം ഉണ്ടാക്കും വിധമുളള നീക്കത്തില്‍ സിപിഎം നേതൃത്വത്തിനും അതൃപ്തിയുണ്ട്.

 

PREV
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി