
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദേശ നിക്ഷേപമാകാമെന്ന എൽ ഡി എഫ് കൺവീനർ ഇ പി ജയരാജന്‍റെ അഭിപ്രായത്തിനെതിരെ പരസ്യ വിമർശനവുമായി ഇടത് വിദ്യാർഥി സംഘടനയായി എ ഐ എസ് എഫ്. എൽ ഡി എഫ് കൺവിനർ ഇന്ന് പ്രഖ്യാപിച്ച നിലപാട് വിദ്യാഭ്യാസകച്ചവടത്തിന് സഹായകരമാണെന്നും വിദ്യാർത്ഥി വിരുദ്ധമായ ഈ അഭിപ്രായം അദ്ദേഹം പിൻവലിക്കണമെന്നും സി പി ഐയുടെ വിദ്യാർഥി സംഘടനയായ എ ഐ എസ് എഫ് ആവശ്യപ്പെട്ടു. മെറിറ്റും സാമൂഹ്യനീതിയും ഉറപ്പ് വരുത്തുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ സർക്കാറിന്‍റെ കാലത്ത് സ്വകാര്യ സർവ്വകലാശാലകളെ കേരളം നിരുത്സാഹപ്പെടുത്തില്ല എന്ന ഇ പി ജയരാജന്‍റെ പ്രഖ്യാപനം അങ്ങേയറ്റം വിദ്യാർത്ഥി വിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപങ്ങളെ പോലും തള്ളിപറയാതെ വിദ്യാർത്ഥി വിരുദ്ധമായും കച്ചവട സഹായകരവുമായി അദ്ദേഹം നടത്തിയ പ്രസ്താവന ഉടനടി പിൻവലിക്കണമെന്നും ഇത്തരത്തിലുള്ള വിദ്യാഭ്യാസകച്ചവട സഹായ ശ്രമങ്ങളെ വിദ്യാർത്ഥികളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് എ ഐ എസ് എഫ് സംസ്ഥാന പ്രസിഡന്‍റ് ആർ എസ് രാഹുൽ രാജും സെക്രട്ടറി പി കബീറും അറിയിച്ചു.
അതേസമയം ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദേശ നിക്ഷേപമാകാമെന്നാണ് ഇന്ന് വൈകിട്ട് മാധ്യമങ്ങളെ കണ്ട എൽ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജൻ പറഞ്ഞത്. ഉന്നത വിദ്യാഭ്യാസ വികസനത്തിന് ഗുണം ചെയ്യുന്ന എന്തിനേയും സ്വാഗതം ചെയ്യുമെന്ന നിലപാടാണ് എൽ ഡി എഫിനുള്ളതെന്നും വിദേശ നിക്ഷേപത്തെ സ്വാഗതം ചെയ്യുന്നത് സി പി എമ്മിന്റെ നയം മാറ്റമല്ലെന്നും കാലത്തിന് അനുസരിച്ചുള്ള മാറ്റമാണെന്നും ജയരാജൻ പറഞ്ഞു. തെറ്റ് എല്ലാ കാലത്തും തെറ്റും ശരി എല്ലാ കാലത്തും ശരിയും ആകില്ലെന്നും സ്വാശ്രയ സമരത്തെ കുറിച്ച് ഇ പി പറഞ്ഞു. സ്വകാര്യ സർവ്വകലാശാലകളെ കേരളം നിരുത്സാഹപ്പെടുത്തില്ലെന്നും അദ്ദേഹം വിവരിച്ചു. പക്ഷേ കേരളത്തിന് എന്തെങ്കിലും ദോഷമുണ്ടെന്ന് കണ്ടാൽ ഇടപെടുമെന്നും എൽ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജൻ വിശദീകരിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam