'നഷ്ടം നികത്താനല്ല, വില കൂട്ടിയത് സേവനം മെച്ചപ്പെടുത്താൻ'; വെള്ളക്കരം കൂട്ടിയത് ചെറിയ തോതിലെന്ന് മന്ത്രി

By Web TeamFirst Published Jan 13, 2023, 9:41 PM IST
Highlights

മാർച്ചിന് ശേഷം വർധനവ് പ്രാബല്യത്തിൽ വരും. മാധ്യമങ്ങൾ എല്ലാം പോസിറ്റീവ് ആയി എടുക്കണം. നഷ്ടം നികത്താനല്ല, വില കൂട്ടിയത് സേവനം മെച്ചപ്പെടുത്താനാണ്. കുടിശിക പിരിവും ഊർജിതമാക്കും. ആരുടെയും കുടിവെള്ളം മുട്ടിക്കാനാവില്ലല്ലോ, അതാണ് കണക്ഷൻ വിച്ഛേദിക്കാത്തതെന്നും മന്ത്രി പറഞ്ഞു. 

തിരുവനന്തപുരം: വെള്ളക്കരം ചെറിയ തോതില്‍ മാത്രമാണ് വര്‍ധിപ്പിച്ചിട്ടുള്ളതെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. വെള്ളക്കരം കൂട്ടിയത് സാധാരണക്കാർക്ക് ബുദ്ധിമുട്ടാവില്ല. അധികഭാരം ഇല്ല. വരുമാനം കണ്ടെത്താനാണ് വർധനവ്. മാർച്ചിന് ശേഷം വർധനവ് പ്രാബല്യത്തിൽ വരും. മാധ്യമങ്ങൾ എല്ലാം പോസിറ്റീവ് ആയി എടുക്കണം. നഷ്ടം നികത്താനല്ല, വില കൂട്ടിയത് സേവനം മെച്ചപ്പെടുത്താനാണ്. കുടിശിക പിരിവും ഊർജിതമാക്കും. ആരുടെയും കുടിവെള്ളം മുട്ടിക്കാനാവില്ലല്ലോ, അതാണ് കണക്ഷൻ വിച്ഛേദിക്കാത്തതെന്നും മന്ത്രി പറഞ്ഞു. 

സംസ്ഥാനത്ത് വെള്ളക്കരം കൂട്ടാനുള്ള ശുപാര്‍ശ ഇന്ന് ചേര്‍ന്ന ഇടതുമുന്നണി യോഗം അംഗീകരിക്കുകയായിരുന്നു. ലിറ്ററിന് ഒരു പൈസ നിരക്കിലായിരിക്കും നിരക്ക് വര്‍ധിക്കുക. വെള്ളക്കരം കൂട്ടണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ജലവിഭവ വകുപ്പ് സര്‍ക്കാരിനെ സമീപിച്ചിരുന്നു. ജനരോഷം ഉയരാൻ സാധ്യതയുള്ള വിഷയമായതിനാൽ തീരുമാനം ഇടതുമുന്നണിയിൽ ചര്‍ച്ച ചെയ്തെടുക്കാൻ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇന്ന് ചേര്‍ന്ന ഇടതുമുന്നണിയോഗം ജലവിഭവ വകുപ്പിന്‍റെ ശുപാര്‍ശ പരിശോധിക്കുകയും നിരക്ക് വര്‍ധനയ്ക്ക് അനുമതി നൽകുകയുമായിരുന്നുവെന്ന് ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ അറിയിച്ചു. 

വിലക്കയറ്റത്തിൽ നട്ടം തിരിയുന്ന ജനത്തിന് ഇരുട്ടടിയായാണ് വെള്ളക്കരം കൂടുന്നത്. നാലു അംഗങ്ങൾ ഉള്ള ഒരു കുടുംബത്തിന് പുതിയ നിരക്കനുസരിച്ച് പ്രതിമാസം 120 രൂപയോളം വെള്ളക്കരത്തിൽ അധികം നൽകേണ്ടിവരുമെന്നാണ് പ്രാഥമിക കണക്ക്. രണ്ടുമാസത്തേക്ക് ആകുമ്പോള്‍ 240 രൂപയാകും. നിലവിൽ ഏറ്റവും കുറഞ്ഞ നിരക്ക് 1000 ലിറ്ററിന് 4 രൂപ 41 പൈസയാണ്. അത് പത്തൂരൂപ കൂടി 14.41 ആയി മാറും. കിട്ടാക്കരം കുമിഞ്ഞു കൂടി വാട്ടര്‍ അതോറിറ്റിയുടെ 2391 കോടിയുടെ ബാധ്യത നികത്താനെന്ന പേരിലാണ് ജനങ്ങളെ പിഴിയുന്നത്.ഒരു ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ 23 രൂപയോളം ചെലവ് വരുന്നുണ്ടെന്നാണ് വാട്ടർ അതോറിറ്റി കണക്ക്. ബിപിഎല്ലുകാരെ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സർക്കാർ ഉത്തരവനുസരിച്ച് നിരക്ക് വർധനവ് ഉടൻ നിലവിൽ വരും. 

click me!