
തിരുവനന്തപുരം: രാജിക്ക് പിന്നാലെ വിവാദങ്ങളിൽ ജോസഫൈനെ പിന്തുണച്ച ഡിവൈഎഫ്ഐയെ കൊട്ടി സിപിഐയുടെ യുവജനസംഘടനയായ എഐഎസ്എഫ്. അധികാരത്തിലിരിക്കുന്നുവെന്ന് കരുതി തെറ്റുകൾക്ക് നേരെ മൗനം പാലിക്കാൻ AISF തയ്യാറല്ലെന്നും ഇത്തരത്തിൽ ശരിയായ അഭിപ്രായം തുറന്ന് പറയുന്നവരെ എതിർക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയത്തിന് ചേർന്നതല്ലെന്നും ജോസഫൈനെ പിന്തുണച്ച ഡിവൈഎഫ്ഐ നിലപാടിനെ വിമർശിച്ചു കൊണ്ട് സംഘടന പ്രസ്താവനയിൽ പറഞ്ഞു.
പരാതിക്കാരിയോട് ജോസഫൈൻ മോശമായി പ്രതികരിച്ചപ്പോൾ തന്നെ അവർക്കെതിരെ രൂക്ഷമായ വിമർശനവുമായി എഐഎസ്എഫ് രംഗത്ത് വരികയും ജോസഫൈൻ്റെ രാജി ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ എഐഎസ്എഫിൻ്റെ ഈ ആവശ്യം തള്ളിയ ഡിവൈഎഫ്ഐ സംസ്ഥാന ജനറൽ സെക്രട്ടറി എ.എ.റഹീം ജോസഫൈൻ്റെ ഖേദപ്രകടനത്തോടെ വിവാദങ്ങൾ അവസാനിച്ചുവെന്ന നിലപാടായിരുന്നു സ്വീകരിച്ചത്.
ജോസഫൈനുമായി ബന്ധപ്പെട്ട വിവാദങ്ങളിലല്ല സ്ത്രീധനം എന്ന ദുരാചാരമാണ് കേരളത്തിൽ ഇപ്പോൾ ചർച്ച ചെയ്യപ്പെടേണ്ടതെന്നും റഹീം പറഞ്ഞിരുന്നു. എന്നാൽ റഹീമിൻ്റെ വിശദീകരണം വന്നു വൈകാതെ തന്നെ ജോസഫൈനോട് സിപിഎം രാജി ആവശ്യപ്പെട്ടതായുള്ള വാർത്തകൾ പുറത്തു വന്നു. ഭരണഘടനാ പദവിയിലിരുന്നുള്ള ജോസഫൈൻ്റെ മോശം പെരുമാറ്റം പാർട്ടിക്ക് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കിയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടായ വിമർശനം. ജോസഫൈനെ രാജിവയ്പ്പിച്ച് സിപിഎം തന്നെ അവരെ തിരുത്തിയ സാഹചര്യത്തിലാണ് നേരത്തെ പിന്തുണയുമായി എത്തിയ ഡിവൈഎഫ്ഐക്കിട്ട് എഐഎസ്എഫിൻ്റെ കൊട്ട്.
ഭരണത്തിൻ്റെ കൊടിയുടെ നിറം നോക്കി നിലപാടുകൾ സ്വീകരിക്കുന്ന സംഘടനയല്ല എഐഎസ്എഫ്. ഭരണത്തിലിരിക്കുന്നെന്ന് പറഞ്ഞ് തെറ്റുകൾക്ക് നേരെ മൗനം പാലിക്കാൻ AISF തയ്യാറല്ല. ഇത്തരത്തിൽ ശരിയായ അഭിപ്രായം തുറന്ന് പറയുന്നവരെ എതിർക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയത്തിന് ചേർന്നതല്ല. ശരിയുടെ നിലപാട് തുറന്നു പറയുന്നവരെ എതിർക്കാൻ കൂട്ടത്തിത്തിൽ നിന്നു തന്നെ ചിലർ രംഗത്ത് വന്നത് ദൗർഭാഗ്യകരമാണ്. ഇത്തരത്തിലുള്ള നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്ന് ചിലരെ ഓർമ്മപ്പെടുത്തുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam