
കൊച്ചി: അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ലക്ഷദ്വീപ് സന്ദർശന ദിനത്തിൽ ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് ആക്ടിവിസ്റ്റ് ഐഷ സുൽത്താന. ഭരണകൂടത്തിന്റെ ഏകാധിപത്യ നയങ്ങളെ പ്രതിരോധിക്കുമെന്നും ഫാസിസം ഇനിയും ലക്ഷദ്വീപ് ജനത സഹിക്കില്ലെന്നും ഐഷ സുൽത്താന ഫേസ്ബുക്കിൽ കുറിച്ചു. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ സന്ദർശന ദിനമായ ഇന്ന് ലക്ഷദ്വീപിൽ കരിദിനം ആചരിക്കുകയാണെന്നും അവർ ഫേസ് ബുക്കിൽ കുറിച്ചു. കറുത്ത വസ്ത്രങ്ങളും മാസ്ക്കുമണിഞ്ഞുള്ള ചിത്രത്തിനൊപ്പമാണ് ഫേസ്ബുക്ക് കുറിപ്പ്.
വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെയാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഇന്ന് ദ്വീപിലെത്തുന്നത്. സന്ദർശന ദിനത്തിൽ സേവ് ലക്ഷ്ദ്വീപ് ഫോറം ദ്വീപിൽ കരിദിനം ആചരിക്കുകയാണ്. വീടുകളിൽ കറുത്ത കൊടി ഉയർത്തിയും കറുത്ത മാസ്ക് അണിഞ്ഞുമാണ് പ്രതിഷേധം. എന്നാൽ കരിങ്കൊടി വീടുകളിൽ ഉയർത്തിയതിനെതിരെ പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. കറുത്ത കൊടി നീക്കണമെന്ന് പൊലീസ് വീടുകളിൽ എത്തി ആവശ്യപ്പെട്ടു. കൊടി കെട്ടിയ ദൃശ്യങ്ങളും ശേഖരിച്ചു.
അതിനിടെ ഐഷ സുൽത്താനയ്ക്ക് എതിരെ രാജ്യദ്രോഹക്കേസ് റജിസ്റ്റർ ചെയ്തതിൽ സ്പീക്കർ എംബി രാജേഷ് പ്രതിഷേധിച്ചു. ലക്ഷദ്വീപിലെ വിവാദ ഭരണപരിഷ്കാരങ്ങൾക്കെതിരെ നിലപാടെടുത്ത് സംസാരിക്കുന്നതിനിടെ 'ബയോ വെപ്പൺ' പരാമർശം നടത്തിയതിനാണ് ഐഷ സുൽത്താനയ്ക്ക് എതിരെ 124- എ പ്രകാരം രാജ്യദ്രോഹത്തിന് കേസ് റജിസ്റ്റർ ചെയ്തത്. കൊളോണിയൽ മർദ്ദനോപാധി ജനതയ്ക്ക് മേൽ അടിച്ചേൽപിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സ്പീക്കർ എംബി രാജേഷ് തന്‍റെ പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. ഇത് ഭരണഘടനയുടെ ലംഘനമാണെന്നും എം ബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam