
കൊച്ചി: തനിക്കെതിരെയുള്ള കേസടക്കമുള്ള നിയമനടപടികൾ രാഷ്ട്രീയ അജൻഡയുടെ ഭാഗമെന്ന് ലക്ഷദ്വീപ് സ്വദേശിയും ചലച്ചിത്ര പ്രവർത്തകയുമായ ഐഷ സുൽത്താന. ചാനൽ ചർച്ചയ്ക്കിടെ നടത്തിയ ബയോവെപ്പൺ പരാമർശത്തിൽ ലക്ഷദ്വീപ് പൊലീസ് എടുത്ത രാജ്യദ്രോഹക്കേസിൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കി ഐഷ ഇന്ന് കൊച്ചിയിൽ തിരിച്ചെത്തി.
തൻ്റെ കുടുംബാംഗങ്ങളുടേയും ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം എല്ലാ കാര്യങ്ങളും ലക്ഷദ്വീപ് പൊലീസ് അന്വേഷിച്ചിട്ടുണ്ട്. തനിക്ക് പിറകിൽ എന്തോ വൻസംഘമുണ്ടെന്നും താൻ ഭയങ്കര ആഡംബരജീവിതമാണ് നയിക്കുന്നതെന്നും അതിനായി ആരോ ഫണ്ടിംഗ് നടത്തുന്നുവെന്നുമുള്ള തരത്തിലാണ് അവർ വരുത്തി തീർക്കാൻ ശ്രമിക്കുന്നത്. തനിക്ക് മുൻകൂർ ജാമ്യം അനുവദിച്ച കേരള ഹൈക്കോടതിയുടെ നടപടി ഏറെ ആത്മവിശ്വാസവും ആശ്വാസവും നൽകുന്നതാണെന്നും ഐഷ പറഞ്ഞു.
കോടതി നമ്മുടെ കൂടെ നിന്നതിൽ സന്തോഷമുണ്ട്. അറസ്റ്റ് പ്രതീക്ഷിച്ചാണ് ലക്ഷദ്വീപിലേക്ക് പോയത്. ചോദ്യം ചെയ്യാൻ പോയ ദിവസങ്ങളിലെല്ലാം എൻ്റെ ഫോൺ അവർ വാങ്ങിവച്ചിരിക്കുകയായിരുന്നു. ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എല്ലാം ചെക്ക് ചെയ്തു. എൻ്റേയും ഉമ്മയുടേയും അനിയൻ്റേയും എല്ലാം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചു. ആവശ്യമുണ്ടെങ്കിൽ വിളിപ്പിക്കാം എന്നു പറഞ്ഞാണ് വിട്ടത്.
തീർത്തും അപ്രതീക്ഷിതമായിട്ടാണ് വിളിച്ചു വരുത്തി ഫോൺ വാങ്ങിവച്ചത്. ഫോൺ സീസ് ചെയ്യുകയാണെന്ന് പറഞ്ഞപ്പോൾ അത്യാവശ്യ നമ്പറുകൾ നോട്ട് ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും സമ്മതിച്ചില്ല. എങ്കിലും അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് ഹൈക്കോടതിയുടെ ജാമ്യഉത്തരവിൽ ഉള്ളതിനാൽ ഞാൻ വേറെ പ്രതിഷേധത്തിന് നിന്നില്ല.
എൻ്റെ പിറകിൽ ഏതോ വലിയ സംഘടനയുണ്ട് എന്ന രീതിയിലാണ് പ്രചാരണവും അന്വേഷണവും. എല്ലാ കാര്യങ്ങളും പൊലീസ് പരിശോധിച്ചിട്ടുണ്ട്. ലക്ഷദ്വീപ് ജനത ഒരു പോരാട്ടത്തിന് സജ്ജമാണ്. ഉദ്യോഗസ്ഥരൊക്കെ ആരേയോ വല്ലാതെ പേടിക്കുന്നതായാണ് തോന്നിയത്. ഞാൻ ക്വാറൻ്റൈൻ ചട്ടങ്ങൾ ലംഘിച്ചുവെന്നതെല്ലാം വ്യാജമായ വാർത്തയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam