
തിരുവനന്തപുരം: കൊവിഡ് കാലത്ത് പിടിച്ചു നില്‍ക്കാന്‍ പുതിയ വഴികൾ തേടുകയാണ് ഹോട്ടല്‍ വ്യവസായ മേഖല. ചെലവ് കുറയ്ക്കാന്‍ ഹോട്ടലുകളുടെ ക്ലസ്റ്റര്‍ രൂപീകരിച്ച് കേന്ദ്രീകൃത അടുക്കള സ്ഥാപിക്കാന്‍ ഹോട്ടല്‍ ഉടമകളുടെ അസോസിയേഷന്‍ തീരുമാനിച്ചു.
ഒരു ഇടത്തരം ഹോട്ടലിന് പ്രതിദിന വരുമാന നഷ്ടം മൂവായിരം രൂപയാണ്. ഒന്നരക്കോടി രൂപയ്ക്ക് താഴെ വിറ്റുവരവുള്ള ഹോട്ടലുമടകള്‍ 5 ശതമാനം ജിഎസ്ടി സ്വന്തം പോക്കറ്റില്‍ നിന്നടയ്ക്കണം. ശുചീകരണം മുതൽ പാചകം വരെ ചെയ്തിരുന്ന ഇതരസംസ്ഥാന തെഴിലാളികള്‍ കേരളം വിട്ടു. ഹോട്ടലുകൾ പൂര്‍ണതോതില്‍ തുറക്കാന്‍ അനുമതി കിട്ടിയാല്‍ തന്നെ തൊഴിലാളിക്കായി നെട്ടോട്ടമോടണ്ടി വരും.
സാമൂഹിക അകലം പാലിക്കാനായി ഒരു മേശയ്ക്ക് ചുറ്റും രണ്ട് പേരെമാത്രം ഇരുത്തിയാലുണ്ടാകുന്ന നഷ്ടങ്ങള്‍ വേറെ. ഈ സാഹചര്യത്തിലാണ് പരമാവധി ചെലവ് കുറയ്ക്കാന്‍ ഹോട്ടലുകളുടെ ക്ലസ്റ്ററുകൾ രൂപീകരിച്ച് കേന്ദ്രീകൃത അടുക്കളകള്‍ തുടങ്ങാന്‍ തീരുമാനിച്ചതെന്ന് ഹോട്ടൽ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി ജയപാല്‍ പറയുന്നു.
മുന്നോട്ട് പോകാന്‍ ചില ആവശ്യങ്ങള്‍ കൂടി ഇവര്‍ സര്‍ക്കാരിന് മുന്നില്‍വെച്ചിട്ടുണ്ട്. ചെറുകിട വ്യാപാരികളെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കുക, ഇവർക്ക് പലിശരഹിത വായ്പ അനുവദിക്കുക, സേവന മേഖലയില്‍ നിന്ന് മാറ്റി, മൈക്രോമീഡിയം മേഖലയിൽ ഉള്‍പ്പെടുത്തുക തുടങ്ങിയവയാണ് ഉടമകളുടെ ആവശ്യങ്ങള്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam