
കൽപ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടൽ ബാധിതർക്ക് സഹായം പ്രഖ്യാപിച്ച് എഐവൈഎഫ്. വീട് നഷ്ടപ്പെട്ട 10 കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കുമെന്ന് എഐവൈഎഫ് അറിയിച്ചു. കേരളം സമീപകാലത്ത് കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തമാണ് വയനാട്ടിൽ ഉണ്ടായിട്ടുള്ളത്. വയനാടിനെ വീണ്ടെടുക്കാൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട് നഷ്ടപ്പെട്ട 10 കുടുംബങ്ങൾക്ക് വീട് വെച്ച് നൽകും. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പാക്കേജുകള്‍ക്കൊപ്പം തന്നെ ഇത് പൂര്‍ത്തീകരിക്കുമെന്നും എഐവൈഎഫ് നേതാക്കൾ അറിയിച്ചു.
പ്രകൃതിദുരന്തം ഒരു നാടിനെയും അതിന്‍റെ സംസ്കാരത്തെയും നിത്യജീവിതത്തെയും തകർത്തിരിക്കുകയാണ്. വയനാടിനെ വീണ്ടെടുക്കാൻ കൈത്താങ്ങായി ഒപ്പം നിൽക്കും. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പാക്കേജുകള്‍ക്കൊപ്പം വീട് നിർമ്മാണവും പൂര്‍ത്തീകരിക്കുമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് എന്‍.അരുണും സെക്രട്ടറി ടി.ടി.ജിസ്മോനും വയനാട് ചൂരല്‍ മലയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ അറിയിച്ചു.
തീരാനോവ്, ചൂരൽമല വില്ലേജ് ഓഫീസ് റോഡിൽ നിന്നും മാത്രം 39 മൃതദേഹങ്ങൾ കണ്ടെടുത്തു, മണ്ണിനടിയിൽ തിരച്ചിൽ
സാമ്പത്തിക സഹായം നല്‍കി സിനിമാ താരങ്ങളും
ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്‍റെ രക്ഷാപ്രവര്‍ത്തനത്തിനായി സാമ്പത്തിക സഹായം നല്‍കി മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും. മമ്മൂട്ടിയുടെ 20 ലക്ഷവും ദുല്‍ഖറിന്‍റെ 15 ലക്ഷവും ചേര്‍ത്ത് 35 ലക്ഷം ഇവര്‍ മന്ത്രി പി രാജീവിന് കൈമാറി. എറണാകുളം ജില്ലാ ഭരണകൂടം കൊച്ചി കടവന്ത്ര റീജിയണല്‍ സ്പോര്‍ട്സ് സെന്‍ററില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ശേഖരിച്ച അവശ്യ വസ്തുക്കള്‍ ഇന്ന് വയനാട്ടിലേക്ക് അയച്ചിരുന്നു. മന്ത്രി രാജീവിനൊപ്പം മമ്മൂട്ടിയും ഇതിന് നേതൃത്വം നല്‍കാന്‍ എത്തിയിരുന്നു. ഇവിടെവച്ചാണ് മമ്മൂട്ടി 35 ലക്ഷത്തിന്‍റെ ചെക്ക് മന്ത്രി രാജീവിന് കൈമാറിയത്.
കൂടുതല്‍ സഹായങ്ങള്‍ ഉണ്ടാവുമെന്നും അതിന്‍റെ ആദ്യ ഘട്ടമായാണ് ഈ തുകയെന്നും മമ്മൂട്ടി മന്ത്രിയെ അറിയിച്ചു. കടവന്ത്ര സ്പോര്‍ട്സ് സെന്‍ററില്‍ ശേഖരിച്ച വസ്തുക്കള്‍ കയറ്റിയ മൂന്ന് ലോറികളും ഒപ്പം പ്രോഗ്രസീവ് ടെക്കീസ് എന്ന ഇന്‍ഫോപാര്‍ക്കിലെ ടെക്കികളുടെ സംഘടന സമാഹരിച്ച ഒരു ലോഡുമാണ് കൊച്ചിയില്‍ നിന്ന് വയനാട്ടിലേക്ക് പുറപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മറ്റ് ചലച്ചിത്ര താരങ്ങളും സംഭാവന നല്‍കിയിട്ടുണ്ട്. നടന്‍ വിക്രം 20 ലക്ഷം, രശ്മിക മന്ദാന 10 ലക്ഷം, സൂര്യ, ജ്യോതിക, കാര്‍ത്തി എന്നിവര്‍ ചേര്‍ന്ന് 50 ലക്ഷവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam