കൊല്ലത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ ട്രോളിങ് ബോട്ട് പനാമ കപ്പലിടിച്ച് തകർന്നു. അപകടമുണ്ടാക്കിയ എംടി സോളിസ് എന്ന കപ്പലിനെ അധികൃതർ കസ്റ്റഡിയിലെടുത്ത് വിഴിഞ്ഞം പുറംകടലിലെത്തിച്ചു.

തിരുവനന്തപുരം: കൊല്ലത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ ട്രോളിങ് ബോട്ടിനെ ഇടിച്ചു തകർത്ത പനാമ കപ്പൽ കസ്റ്റഡിയിൽ. ശനിയാഴ്ച ഉച്ചയോടെ കന്യാകുമാരി മുട്ടം തീരത്ത് നിന്നും 57 നോട്ടിക്കൽമൈൽ ദൂരത്തിലാണ് അപകടം നടന്നത്. കൊല്ലം നീണ്ടകരയിൽ നിന്ന്‌ കന്യാകുമാരി ഭാഗത്തേക്കു മീൻപിടിത്തത്തിനുപോയ, ചിറക്കര സ്വദേശി രാജേഷ് മാത്യുവിന്‍റെ സെയ്ന്‍റ് ജോസഫ് എന്ന ട്രോളിങ് ബോട്ടാണ് എണ്ണക്കപ്പലിടിച്ച് തകർന്ന് മുങ്ങിപ്പോയത്. മത്സ്യബന്ധനത്തിന് ശേഷം വിശ്രമിച്ചിരുന്നവരുടെ ബോട്ടിലേക്കാണ് കപ്പലിടിച്ച് കയറിയത്. ഉറക്കത്തിലായിരുന്നവർ വെള്ളത്തിൽ വീണതോടെയാണ് അപകടമാണെന്ന് മനസിലായത്. ബോട്ടിലുണ്ടായിരുന്ന 11 പേരിൽ ഒൻപതു പേരെ കപ്പൽ ജീവനക്കാർ രക്ഷിച്ചിരുന്നു. രണ്ടു പേരെ ഇതുവരെയും കണ്ടെത്തിയിട്ടില്ല.

അപകടമുണ്ടാക്കിയ എംടി സോളിസ് എന്ന എണ്ണക്കപ്പലിനെ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് (ഡിജി ഷിപ്പിങ്) അധികൃതർ കസ്റ്റഡിയിലെടുത്ത് വിഴിഞ്ഞം പുറംകടലിലെത്തിച്ചു. സംഭവത്തിൽ വിഴിഞ്ഞം കോസ്റ്റ്ഗാർഡ് കേസെടുത്തിരുന്നു. അപകടം നടന്നത് തമിഴ്‌നാട്ടിലായതിനാൽ ഇവിടെനിന്ന് കേസ് തുടർനടപടികൾക്കായി അങ്ങോട്ടേക്കു മാറ്റാനാണ് തീരുമാനം. അപകടത്തെ തുടർന്ന് പുറം കടലിൽ കോസ്റ്റ് ഗാർഡ് കപ്പലിനെ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. കോസ്റ്റ്ഗാർഡിന്‍റെ വിഴിഞ്ഞം സ്റ്റേഷൻ കമാൻഡർ സുരേഷ് കുറുപ്പിനോട് ഡി ജി ഷിപ്പിങ് അധികൃതർ കപ്പൽ കസ്റ്റഡിയിലെടുത്തു നൽകാനായി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് അനഘ് എന്ന കപ്പൽ എംടി സോളിസിനെ കസ്റ്റഡിയിലെടുത്ത് വിഴിഞ്ഞം പുറംകടലിലെത്തിക്കുകയായിരുന്നു. തുടർന്ന് കൊച്ചിയിൽനിന്നെത്തിയ ഡി ജി ഷിപ്പിങ്ങിന്‍റെ ചീഫ് സർവേയർ ഉൾപ്പെട്ട ഉദ്യോഗസ്ഥ സംഘം കപ്പലിലെത്തി പ്രാഥമിക സർവേ നടത്തി.അന്താരാഷ്ട്ര കപ്പൽച്ചാലിനു സമീപത്തായിരുന്നു അപകടമെന്നാണ് പ്രാഥമിക അന്വേഷണം. ഇത് സ്ഥിരീകരിക്കുന്നതിന് കപ്പലിലെ ക്യാപ്‌റ്റൻ ഉൾപ്പെട്ട 20 അംഗ ജീവനക്കാരിൽനിന്നു വിവര ശേഖരണം നടത്തും.