
ദില്ലി: വി ഡി സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്ത തീരുമാനം കോൺഗ്രസിന്റേയും യുഡിഎഫിൻറേയും ശക്തമായ തിരിച്ചുവരവിന് സഹായകരമാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എകെ ആന്റണി. പ്രതിപക്ഷനേതാവായി തിരഞ്ഞെടുക്കപ്പെട്ട വിഡി സതീശന് അഭിനന്ദനങ്ങൾ. പൂർണ്ണ പിന്തുണ നൽകുമെന്നും ആന്റണി പ്രതികരിച്ചു.
എഐസിസി തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ അഭിനന്ദിച്ച് രമേശ് ചെന്നിത്തലയടക്കം രംഗത്തെത്തി. കോൺഗ്രസ് പാർലമെൻ്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാനുള്ള യോഗത്തിൽ നേതാവിനെ തെരെഞ്ഞെടുക്കാൻ ഹൈക്കമാൻ്റിനെ ചുമതലപ്പെടുത്തിരുന്നു. ഇപ്പോൾ വി.ഡി സതീശനെ നേതാവായി തെരെഞ്ഞെടുത്ത് കൊണ്ടുള്ള ഹൈക്കമാൻ്റ് തീരുമാനം വന്നു. അതിനെ അംഗീകരിക്കുന്നുവെന്നും രമേശ് ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.
വി.ഡി. സതീശനെ പ്രതിപക്ഷനേതാവായി നിയമിച്ച കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്യുന്നുയെന്ന് മൂതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവിയും പ്രതികരിച്ചു. തലമുറമാറ്റം എന്നത് യഥാസമയം നടക്കേണ്ട പ്രക്രിയയാണെന്നും അങ്ങനെയുള്ള മാറ്റത്തിലൂടെയാണ് ഞാനുൾപ്പെടെയുള്ള ഇന്നത്തെ നേതാക്കൾ വളർന്നതെന്നും രവി ഓർമ്മിപ്പിച്ചു. കാര്യങ്ങൾ നന്നയി പഠിച്ചു സഭയിൽ അവതരിപ്പിക്കുവാനുള്ള സതീശന്റെ കഴിവ് വളരെ പ്രശംസനീയമാണെന്നും വയലാർ രവി പറഞ്ഞു.
ക്രിയാത്മക പ്രതിപക്ഷത്തിന് നേതൃത്വം നൽകാൻ സതീശന് കഴിയുമെന്ന് കെസി വേണുഗോപാലും പ്രതികരിച്ചു. കാലഘട്ടത്തിന് അനുയോജ്യമായ തീരുമാനമാണ്. പാർട്ടിയിലെ എല്ലാവരും അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന കോണ്‍ഗ്രസിലെ തലമുറ മാറ്റത്തിനു കൂടി തുടക്കമിടുകയാണ് പ്രതിപക്ഷ നേതൃപദവിയിലേക്ക് വി ഡി സതീശനെ നിയമിച്ചതോടെ കോൺഗ്രസ് ഹൈക്കമാൻഡ്. ഭരണത്തുടർച്ചയുമായി രാഷ്ട്രീയ വിജയത്തിന്‍റെ അത്യുന്നതിയിൽ നിൽക്കുന്ന പിണറായിയെ നേരിടുന്നതിനൊപ്പം സ്വന്തം പാർട്ടിയിലെ അതൃപ്തരെ അനുനയിപ്പിക്കലും പുതിയ പ്രതിപക്ഷ നേതാവിന് മുന്നിലെ വെല്ലുവിളിയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam