
തിരുവനന്തപുരം: കേരളത്തിലെ പാർട്ടി വിഷയങ്ങളിൽ നേതൃത്വപരമായി ഒന്നിനും ഇടപെടാനില്ലെന്ന് എ കെ ആൻ്റണി. സെലക്ടീവായി മാത്രമേ പരിപാടികളിൽ പങ്കെടുക്കൂവെന്നും പാർട്ടി ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്യുമെന്നും ആൻ്റണി തിരുവനന്തപുരത്ത് വ്യക്തമാക്കി. പഴയത് പോലെ ഓടിച്ചായി ഒന്നിനും ഇല്ല, പോസ്റ്റ് കൊവിഡ് പ്രശ്നങ്ങളുണ്ട്. വിശ്രമം വേണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. ആൻ്റണി വിശദീകരിക്കുന്നു.
ഏറെക്കാലമായി ദില്ലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എ കെ ആൻ്റണി രാജ്യ തലസ്ഥാനത്തിനോട് വിട പറഞ്ഞ് വ്യാഴാഴ്ച വൈകിട്ട് കേരളത്തിലെത്തി. ദേശീയരാഷ്ട്രീയത്തിൽ നിന്നും പതിയെ ഒഴിയുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കോൺഗ്രസിൻ്റെ പരമോന്നത സമിതിയായ പ്രവർത്തകസമിതിയിൽ ഇനിയും തുടരാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും പാർട്ടി അനുവദിക്കുന്ന കാലം വരെ തിരുവനന്തപുരത്ത് കെപിസിസി ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നുമാണ് ആൻ്റണിയുടെ നിലപാട്.
ഇന്ദിരാഗാന്ധി മുതലുള്ള എഐസിസി അധ്യക്ഷൻമാർക്കൊപ്പം പ്രവർത്തിച്ചുവെന്നും വരുന്ന സംഘടനാ തെരഞ്ഞെടുപ്പോടെ നേതൃതലത്തിൽ നിന്നൊഴിയണം എന്നാണ് തീരുമാനമെന്നും കഴിഞ്ഞ ദിവസം ആൻ്റണി ദില്ലിയിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പാർലമെന്ററി രാഷ്ട്രീയജീവിതം ആൻ്റണി അവസാനിപ്പിച്ചു കഴിഞ്ഞു.
എല്ലാത്തിനും ഒരു സമയമുണ്ട്. സമയമായാൽ ആരായാലും പദവികളൊഴിയണം എന്നാണ് എൻ്റെ അഭിപ്രായം. എന്നെ ഇതേവരെ ഒരു പദവിയിൽ നിന്നും ഇറക്കി വിട്ടിട്ടില്ല. അപ്പോൾ മാന്യമായി ഇറങ്ങാനുള്ള മനസ്സ് ഞാൻ കാണിക്കണം. കോൺഗ്രസ് കുടുംബത്തെ നയിക്കാൻ നെഹ്റുകുടുംബത്തിനല്ലാതെ വേറെയാർക്കും സാധിക്കില്ല. നരേന്ദ്രമോദിയുടേയും ബിജെപിയുടേയും ഭരണം കോൺഗ്രസിനെ മാറ്റി നിർത്തി അവസാനിപ്പിക്കാമെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ അവർ സ്വപ്നജീവികളാണെന്നുമാണ് ആൻ്റണി ദില്ലിയിൽ പറഞ്ഞത്.