
പാലക്കാട്: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഗുരുതരമാക്കിയത് പ്രതിപക്ഷത്തിന്റെ സമരമാണെന്ന ആരോപണവുമായി മന്ത്രി എകെ ബാലൻ. സിബിഐ അന്വേഷണത്തിന് എതിരെ സംസ്ഥാന സർക്കാർ ഓർഡിനൻസ് കൊണ്ടുവരുന്നുവെന്ന വാദം പച്ചക്കള്ളമാണ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട അനിൽ അക്കരയുടെ പരാതി നിയമപരമായി നിലനിൽക്കാത്തതാണ്. ഇത് സ്വർണ്ണക്കടത്തിലെ പ്രതികളെ രക്ഷപ്പെടുത്താൻ ഉതകുന്ന പരാതിയാണെന്നും ബാലൻ പറഞ്ഞു.
പാലക്കാട് ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ നിബന്ധനകൾ വേണ്ടിവരും. ജാഗ്രതയുടെ ദിവസങ്ങളാണ്. സമ്പർക്ക വ്യാപനം ക്ഷണിച്ച് വരുത്തിയതാണ്. പ്രത്യക്ഷ സമരങ്ങൾ അവസാനിപ്പിക്കാനുള്ള യുഡിഎഫ് തീരുമാനം സ്വാഗതാർഹമാണ്. ഈ നിലപാട് അൽപ്പം കൂടി നേരത്തെ എടുക്കാമായിരുന്നു. അനുഭവത്തിൽ നിന്ന് പാഠം പഠിക്കാത്ത പാർട്ടിയാണ് ബിജെപി. അവർ നിലപാട് പുനപരിശോധിക്കണം. സംസ്ഥാനത്ത് നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നെല്ലുടമകൾ സ്വീകരിച്ചിട്ടുള്ള നിലപാട് ശരിയായതല്ലെന്നും പ്രശ്ന പരിഹാരത്തിനായി നടപടികൾ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണത്തിന് എതിരായ ഓർഡിനൻസ് കൊണ്ടുവരുന്നുവെന്ന പ്രതിപക്ഷ വാദം പച്ചക്കള്ളമാണ്. ഒരു പ്രൊപ്പോസലും നിയമവകുപ്പിന് വന്നിട്ടില്ല. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് അനിൽ അക്കരയുടെ പരാതി നിയമപരമായി നിലനിൽക്കില്ല. അതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ ആദ്യം ചെയ്ൻ തീരുമാനിച്ചത്. പരിശോധിച്ചാൽ സ്വർണ്ണക്കടത്തിലെ യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്താൻ ഉതകുന്ന പരാതിയാണ്. ഇക്കാര്യം യുഡിഎഫ് ഗൗരവമായി പരിശോധിക്കണം. ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്ന എഫ്ഐആർ ആണ്. ലൈഫ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണെന്നും ബാലൻ വിമർശിച്ചു.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണമാണ് വേണ്ടത്. ക്രമക്കേട് ഉണ്ടെങ്കിൽ ഈ അന്വേഷണത്തിൽ പുറത്ത് വരും. സിബിഐ അന്വേഷണം സാങ്കേതികമായി നിലനിൽക്കില്ല. കോടതി നിരീക്ഷണം തിരിച്ചടി അല്ല. നീതി ലഭിക്കുന്നത് വരെ സംസ്ഥാന സർക്കാർ പോകുമെന്നും ബാലൻ നിലപാടറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam