ശബരിമല; ഏതെങ്കിലും സ്ത്രീകളെ കയറ്റില്ല, സര്‍ക്കാരിന്‍റെ സംരക്ഷണത്തില്‍ ആരും കയറില്ലെന്നും എ കെ ബാലന്‍

By Web TeamFirst Published Nov 14, 2019, 6:08 PM IST
Highlights

ഏതെങ്കിലും സ്ത്രീകളെ ശബരിമല കയറ്റുന്ന പ്രശ്നമില്ല. സര്‍ക്കാരിന്‍റെ താങ്ങിലും തണലിലും സംരക്ഷണത്തിലും ആരെയും കയറ്റില്ലെന്നും എ കെ ബാലന്‍ പറഞ്ഞു. 

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം സംബന്ധിച്ച, സുപ്രീംകോടതിയുടെ ഇന്നത്തെ വിധി അതിസങ്കീര്‍ണമാണെന്ന് മന്ത്രി എ കെ ബാലന്‍ അഭിപ്രായപ്പെട്ടു.  സര്‍ക്കാരിന് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന വിധിയാണിതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തില്‍ നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാര്‍ ഒരു നിലപാട് എടുത്തിട്ടുണ്ട്. സുപ്രീംകോടതിയുടെ അന്തിമവിധി വരുന്നതുവരെ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല. ഏതെങ്കിലും സ്ത്രീകളെ ശബരിമല കയറ്റുന്ന പ്രശ്നമില്ല. സര്‍ക്കാരിന്‍റെ താങ്ങിലും തണലിലും സംരക്ഷണത്തിലും ആരെയും കയറ്റില്ലെന്നും എ കെ ബാലന്‍ പറഞ്ഞു. 

അതേസമയം, ശബരിമലയിൽ യുവതികൾ എത്തിയാൽ എന്ത് ചെയ്യണമെന്നതിൽ സംസ്ഥാന സർക്കാരിന് ആശയക്കുഴപ്പമുണ്ടെന്നാണ് വിവരം. സ്ത്രീപ്രവേശനത്തിൽ പഴയ ആവേശം സര്‍ക്കാരിന് ഇപ്പോഴില്ല. പുന:പരിശോധനാ ഹർജികൾ വിശാല ബെഞ്ചിലേക്ക് വിട്ടെങ്കിലും യുവതീ പ്രവേശന വിധിക്ക് സ്റ്റേ ഇല്ലാത്തതോടെയാണ് ആശയക്കുഴപ്പമേറിയത്

ശബരിമല യുവതീ പ്രവേശനത്തിൽ സുപ്രീംകോടതി വിധി എന്തുതന്നെയായാലും അത് സംസ്ഥാന സര്‍ക്കാര് നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. പുനപരിശോധനാ വിധികളിൽ തീര്‍പ്പാണോ അതോ ലിംഗ സമത്വം അടക്കം വിശാലമായ കാര്യങ്ങളാണോ ഏഴംഗ ബെഞ്ച് പരിഗണിക്കുക എന്നതിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. നിലവിലെ വിധിക്ക് സ്റ്റേ ഇല്ലെന്നാണ് മനസിലാക്കുന്നത്. മണ്ഡലകാലം വരാനിരിക്കെ ഇക്കാര്യങ്ങളിലെല്ലാം കൂടുതൽ വ്യക്തത വരുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനായി നിയമ വിദഗ്ധരുടെ സഹായം തേടുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Read Also: ശബരിമല യുവതീ പ്രവേശം: കോടതി വിധി എന്തായാലും അംഗീകരിക്കുമെന്ന് പിണറായി വിജയൻ

click me!