ശബരിമല യുവതീ പ്രവേശം: കോടതി വിധി എന്തായാലും അംഗീകരിക്കുമെന്ന് പിണറായി വിജയൻ

By Web TeamFirst Published Nov 14, 2019, 5:38 PM IST
Highlights

സുപ്രീംകോടതി വിധിയിൽ ഇനിയും വ്യക്തത വരണം. രണ്ട് പേരുടെ വിയോജന കുറിപ്പ് ഉണ്ട്. 

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിൽ സുപ്രീംകോടതി വിധി എന്തുതന്നെയായാലും അത് സംസ്ഥാന സര്‍ക്കാര് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുനപരിശോധന ഹര്‍ജി സംബന്ധിച്ച് സുപ്രീംകോടതിയിൽ നിന്ന് ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. അത് വന്ന ശേഷം കൂടുതൽ പ്രതികരണങ്ങളാകാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 

കോടതി വിധി വന്നാൽ അത് അതേ പടി അംഗീകരിക്കും. പുനപരിശോധനാ വിധികളിൽ തീര്‍പ്പാണോ അതോ ലിംഗ സമത്വം അടക്കം വിശാലമായ കാര്യങ്ങളാണോ ഏഴംഗ ബെഞ്ച് പരിഗണിക്കുക എന്നതിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. നിലവിലെ വിധിക്ക് സ്റ്റേ ഇല്ലെന്നാണ് മനസിലാക്കുന്നത്. മണ്ഡലകാലം വരാനിരിക്കെ ഇക്കാര്യങ്ങളിലെല്ലാം കൂടുതൽ വ്യക്തത വരുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനായി നിയമ വിദഗ്ധരുടെ സഹായം തേടും

പ്രതിഷേധങ്ങളും പ്രകോപനങ്ങളും എല്ലാം അതിന്‍റെ വഴിക്ക് നടക്കും. വിധിയുടെ കാര്യത്തിൽ ഒരു തിടുക്കവും ഇല്ല. പുനപരിശോധന ഹര്‍ജി പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ രണ്ട് പേര്‍ പുനപരിശോധനക്കെതിരെ ശക്തമായ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. അവരിൽ ഒരാളുകൂടി കൂടിയിരുന്നെങ്കിൽ എന്ന് പറഞ്ഞ് ചിരിച്ച് നിര്‍ത്തിയാണ് പിണറായി വിജയൻ വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചത്. 

 

click me!