
തിരുവനന്തപുരം: മോട്ടോർവാഹന ഭേദഗതിയിൽ പുനഃപരിശോധനയല്ല പകരം കേന്ദ്രം പുതിയ ഓർഡിനൻസ് ഇറക്കുകയാണ് വേണ്ടതെന്ന് മന്ത്രി എ കെ ബാലൻ. ഇതിനായി എംപിമാർ മുൻ കൈയ്യെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അതേസമയം, പിഴത്തുക കുറയ്ക്കുന്നതിന്‍റെ സാധ്യത തേടാൻ നാളെ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും.
നാളെ ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരാനിരിക്കെ കേന്ദ്ര നിലപാടിൽ അവ്യക്തത തുടരുകയാണ്. ഇതിനിടെയാണ് കേന്ദ്രം ഓർഡിനൻസ് ഇറക്കി പ്രശ്നപരിഹാരം കാണണമെന്ന ആവശ്യവുമായി എ കെ ബാലൻ രംഗത്തെത്തിയിരിക്കുന്നത്.
മോട്ടോർ വാഹന നിയമ ഭേദഗതി നടപ്പാക്കുന്നതിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്നാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയത്. എന്നാൽ കേരളത്തിന് അറിയിപ്പ് ലഭിച്ചിട്ടില്ല. പിഴത്തുക സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് പറഞ്ഞ ഗഡ്കരി പിന്നീട് മലക്കം മറിഞ്ഞതും ആശയക്കുഴപ്പം കൂട്ടുന്നു. കേന്ദ്ര നിലപാടിൽ അവ്യക്തത തുടരുമ്പോൾ നാളെ ഗതാഗതമന്ത്രി വിളിച്ച് ചേർക്കുന്ന യോഗത്തിലും തീരുമാനങ്ങളെടുക്കാൻ പരിമിതകളേറെയാണ്.
ഇതിനിടെ, ഡിസംബര്‍ 31 വരെ ഉയര്‍ന്ന പിഴ ഈടാക്കാനുള്ള മോട്ടോര്‍ വാഹനനിയമം നടപ്പാക്കേണ്ടതില്ലെന്ന് ജാര്‍ഖണ്ഡ് തീരുമാനിച്ചു. വാഹന രേഖകള്‍ സംഘടിപ്പിക്കാനാണ് സാവകാശം അനുവദിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. നേരത്തെ ഗുജറാത്തും ഉത്തരാഖണ്ഡും ഉയര്‍ന്ന പിഴ ഈടാക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാനയിലും അധിക പിഴത്തുക ചര്‍ച്ചയാക്കുമെന്ന് പിസിസി അധ്യക്ഷ കുമാരി ഷെല്‍ജ വ്യക്തമാക്കി. ഉടൻ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയും പിഴ കുറയ്ക്കണമെന്ന ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam