
കൊച്ചി: മുല്ലപ്പെരിയാർ മരംമുറി വിവാദത്തിൽ താനൊന്നും അറിഞ്ഞില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നതായി വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ഈ വിഷയത്തിൽ താനാരെയും നീതീകരിക്കാൻ ശ്രമിച്ചിട്ടില്ല. മരംമുറി താനറിഞ്ഞില്ല എന്ന കാര്യമാണ് വ്യക്തമാക്കിയത്. കൊച്ചിയിൽ എൻസിപി സംസ്ഥാന നേതൃയോഗത്തിന് എത്തിയപ്പോൾ ആയിരുന്നു വനംമന്ത്രിയുടെ പ്രതികരണം.
മുല്ലപ്പെരിയാറിലെ മരം മുറി വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ എൻ സി പി സംസ്ഥാന നേതൃയോഗം കൊച്ചിയിൽ തുടരുകയാണ്. സംസ്ഥാന എക്സിക്യൂട്ടിവിൻ്റേയും ജില്ലാ പ്രസിഡന്‍റുമാരുടെയും സംയുക്ത യോഗമാണ് വിളിച്ചിരിക്കുന്നത്. രാവിലെ പത്തരയ്ക്ക് സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വനം മന്ത്രി എ കെ ശശീന്ദ്രൻ ഉൾപ്പെടെയുളളവർ പങ്കെടുക്കുന്നുണ്ട്. മുല്ലപ്പെരിയാർ വിഷയത്തിൽ ശശീന്ദ്രൻ നൽകിയ വിശദീകരണം സംബന്ധിച്ചും വനം വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഇടപെടൽ സംബന്ധിച്ചും യോഗത്തിൽ ചർച്ചയുണ്ടാകും
ബേബിഡാം ബലപ്പെടുത്താനായി ഡാം പരിസരത്തെ 15 മരങ്ങൾ മുറിക്കാൻ വനംവകുപ്പ് അനുമതി നൽകിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാർ നിലവിൽ പ്രതിരോധത്തിലാണ്. വിഷയത്തിൽ ജലവിഭവമന്ത്രി റോഷി അഗസ്റ്റിനും വനംമന്ത്രി എ.കെ.ശശീന്ദ്രനും പരസ്പര വിരുദ്ധമായ വാദങ്ങളാണ് ഉന്നയിച്ചത്. മരംമുറിക്ക് അനുമതി നൽകിയ ഉത്തരവ് സർക്കാർ പിന്നീട് റദ്ദാക്കിയെങ്കിലും ഈ വിഷയം തമിഴ്നാട് സുപ്രീംകോടതിയിൽ ആയുധമാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam